മതസ്വാതന്ത്ര്യത്തെപ്പറ്റി ഇന്ത്യയെ ആരും പഠിപ്പിക്കേണ്ടതില്ല: ഉപരാഷ്ട്രപതി

venkaiah naidu

ഹൈദരാബാദ്: ഇന്ത്യന്‍ ഭരണഘടന ഉറപ്പുനല്‍കുന്ന മൗലികാവകാശമാണ് മതസ്വാതന്ത്ര്യം അതിനെപ്പറ്റി ആരും ഇന്ത്യയെ പഠിപ്പിക്കേണ്ടതില്ലെന്ന് ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡു. ചില രാജ്യങ്ങള്‍ അവിടെ പണ്ടു നടന്ന കാര്യങ്ങള്‍ വിസ്മരിച്ചുകൊണ്ട് ഇന്ത്യയെ ഉപദേശിക്കാന്‍ രംഗത്തെത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അടുത്തിടെ അമേരിക്കന്‍ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ മതസ്വാതന്ത്ര്യം സംബന്ധിച്ച റിപ്പോര്‍ട്ടിനെ പരോക്ഷമായി വമര്‍ശിച്ചുകൊണ്ടായിരുന്നു ഉപരാഷ്ട്രപതിയുടെ പരാമര്‍ശം.

ഏറ്റവുമധികം മതേതരത്തമുള്ള രാജ്യം ഇന്ത്യയാണ്. ഒറ്റപ്പെട്ട സംഭവങ്ങള്‍ നടന്നിട്ടുണ്ടാകാം. അതിന്റെ പേരില്‍ രാജ്യത്തെ മുഴുവന്‍ ഏതെങ്കിലും തരത്തില്‍ മുദ്രകുത്താന്‍ ശ്രമിക്കുന്നത് ശരിയല്ല. അത്തരം സംഭവങ്ങള്‍ അപലപിക്കപ്പെടേണ്ടതാണ്. ഉത്തരവാദികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണം. എന്നാല്‍, അവയുടെ പേരില്‍ രാജ്യത്ത് ശരിയായ രീതിയിലല്ല കാര്യങ്ങള്‍ നടക്കുന്നതെന്ന് വിലയിരുത്താന്‍ പാടില്ല.

എല്ലാവര്‍ക്കും തുല്യ പരിഗണനയാണ് ഇന്ത്യയില്‍ ലഭിക്കുന്നത്. മതമോ വിശ്വാസമോ കണക്കിലെടുക്കാതെ തുല്യതയുടെയും സഹിഷ്ണുതയുടെയും ആശയങ്ങളാണ് ഇന്ത്യന്‍ തത്വചിന്തകരും മുന്‍കാലത്തെ ഭരണാധികാരികളും ആധുനിക കാലത്തെ രാഷ്ട്രീയ നേതൃത്വവും ഉയര്‍ത്തിപ്പിടിച്ചിട്ടുള്ളത്. മതസ്വാതന്ത്രവും നാനാത്വവും ഇന്ത്യ സംരക്ഷിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ കഴിയും. ഇക്കാര്യത്തില്‍ മറ്റൊരു രാജ്യത്തേയും ഇന്ത്യയോട് താരതമ്യപ്പെടുത്താനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

Top