എസ്ബിഐ പോലുള്ള വലിയ ബാങ്കുകള്‍ ഇനിയും ആവശ്യമെന്ന് നിര്‍മല സീതാരാമന്‍

മുംബൈ: രാജ്യത്തിന് എസ്.ബി.ഐ പോലുള്ള വലിയ ബാങ്കുകള്‍ ഇനിയും ആവശ്യമാണെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍. രാജ്യത്തിന്റെ എല്ലാ സാമ്പത്തിക കേന്ദ്രങ്ങളിലും ഡിജിറ്റല്‍ ബാങ്കിങ് ഉറപ്പുവരുത്തണമെന്നും ധനമന്ത്രി നിര്‍ദേശിച്ചു. ഇന്ത്യന്‍ ബാങ്ക്സ് അസോസിയേഷന്റെ 74ാം വാര്‍ഷിക സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.

രാജ്യത്തിന്റെ ബാങ്കിങ് ശേഷി വര്‍ധിപ്പിക്കണം. എസ്.ബി.ഐയുടെ അത്രയും ശേഷിയുള്ള നാലോ അഞ്ചോ ബാങ്കുകള്‍ എങ്കിലും നമുക്ക് പുതുതായി വേണമെന്ന് ധനമന്ത്രി പറഞ്ഞു. പൊതുമേഖല ബാങ്കുകളുടെ സംയോജനം കൂടുതല്‍ വലിയ ബാങ്കുകള്‍ സൃഷ്ടിക്കാന്‍ സഹായകരമായിട്ടുണ്ട്. ബാങ്കുകളുടെ സംയോജനം കോവിഡ് വ്യാപനത്തിന്റെ സമയത്തും ഉപഭോക്താക്കള്‍ക്ക് ബുദ്ധിമുട്ടില്ലാതെ പൂര്‍ത്തിയാക്കാന്‍ സഹായിച്ച പൊതുമേഖലാ ബാങ്കുകളെയും നിര്‍മല സീതാരാമന്‍ അഭിനന്ദിച്ചു.

സാമ്പത്തിക ഇടപാടുകള്‍ നടത്തുന്ന രീതികളില്‍ വലിയ മാറ്റങ്ങളാണ് ഓരോ ദിവസവും സംഭവിച്ചുകൊണ്ടിരിക്കുന്നത്. കോവിഡ് വ്യാപനം അവസാനിച്ച ശേഷം ബാങ്കുകള്‍ അവരുടെ കാഴ്ചപ്പാടുകളില്‍ കൃത്യമായ മാറ്റങ്ങള്‍ വരുത്തിയാവണം പ്രവര്‍ത്തിക്കേണ്ടത്. ദീര്‍ഘവീക്ഷണത്തോടെ ചിന്തിക്കാനും അതിനനുസരിച്ച് പ്രവര്‍ത്തന രീതികളിലും സാങ്കേതിക വിദ്യകളിലും വലിയ മാറ്റങ്ങള്‍ കൊണ്ടുവരാനും ബാങ്കുകള്‍ക്ക് കഴിയണമെന്നും അവര്‍ പറഞ്ഞു.

എല്ലാ സ്ഥലങ്ങളിലും ബാങ്ക് ഓഫീസുകള്‍ ആരംഭിച്ചില്ലെങ്കിലും ആധുനിക സംവിധാനങ്ങള്‍ ഉപയോഗിച്ച് ബാങ്കിങ് സേവനങ്ങള്‍ ഉറപ്പുവരുത്താനാകണം. ഇന്ത്യന്‍ സാമ്പത്തിക വ്യവസ്ഥ നര്‍ണായകമായ പുനക്രമീകരണത്തിലൂടെ കടന്നുപോകുകയാണെന്നും മികച്ച സാമ്പത്തിക സേവനങ്ങള്‍ ഉറപ്പുവരുത്തി ബാങ്കുകള്‍ അതിന് എല്ലാ പിന്തുണയും നല്‍കണമെന്നും നിര്‍മലാ സീതാരാമന്‍ ആവശ്യപ്പെട്ടു.

Top