രാജ്യത്ത് അടുത്ത രണ്ട് മാസത്തിനുള്ളില്‍ വേണ്ടത് 2.7 കോടി മാസ്‌കുകളും 1.5കോടി പിപിഇകളും

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് രോഗ ബാധിതരുടെ എണ്ണം ദിനം പ്രതി വര്‍ധിച്ച് വരുന്ന സാഹചര്യത്തില്‍ അടുത്ത രണ്ട് മാസത്തേക്ക് രാജ്യത്തിന് ആവശ്യം വരുന്ന മാസ്‌ക്കുകളുടെയും സുരക്ഷാ കിറ്റുകളുടെയും വെന്റിലേറ്ററുകളുടെയും കണക്കെടുപ്പ് നടത്തി സര്‍ക്കാര്‍. ഇക്കാലയളവില്‍ ഏറ്റവും ചുരുങ്ങിയത് രണ്ടരക്കോടി മെഡിക്കല്‍ മാസ്‌കുകളും ഒന്നരക്കോടി വ്യക്തിഗത സുരക്ഷാ ഉപകരണങ്ങളുടെ കിറ്റുകളും (പിപിഇ കിറ്റുകള്‍) അമ്പതിനായിരം വെന്റിലേറ്ററുകളും വേണ്ടി വരുമെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ ഏറ്റവുമൊടുവിലത്തെ വിലയിരുത്തല്‍.

നിതി ആയോഗ് സിഇഒ അമിതാഭ് കാന്ത് വിളിച്ചുചേര്‍ത്ത സ്വകാര്യമേഖലയിലെയും അന്താരാഷ്ട്ര മെഡിക്കല്‍ സന്നദ്ധസംഘടനകളുടെയും യോഗത്തിലാണ് ഈ വിലയിരുത്തല്‍.

ഇതനുസരിച്ച് ചൈനയില്‍ നിന്നും മറ്റും വ്യക്തിതഗ സുരക്ഷാ ഉപകരണങ്ങള്‍ ഇറക്കുമതി ചെയ്യാനുള്ള നീക്കം ഇന്ത്യ സജീവമാക്കിയിട്ടുണ്ട്. ഇന്നലെ എയര്‍ ഇന്ത്യയുടെ പ്രത്യേക ചരക്ക് വിമാനം ചൈനയിലേക്ക് തിരിച്ചിരുന്നു.

ജൂണ്‍ ആകുമ്പോഴേക്കും 50,000 വെന്റിലേറ്റുകള്‍ വേണ്ടിവരുമെന്നാണ് വിലയിരുത്തല്‍. അതില്‍ 16000 വെന്റിലേറ്റുകള്‍ നിലവില്‍ രാജ്യത്തുണ്ട്. 34000 വെന്റിലേറ്ററുകള്‍ക്കുള്ള ഓര്‍ഡര്‍ കൊടുത്തിട്ടുമുണ്ട്. വിദേശരാജ്യങ്ങളില്‍ നിന്ന് വെന്റിലേറ്ററുകള്‍ എത്തിക്കാനുള്ള നടപടിയും കൈക്കൊണ്ടിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.

അതിനിടെ രാജ്യത്ത് കൊവിഡ് മരണം 100 ഉം ആകെ രോഗബാധിതരുടെ എണ്ണം നാലായിരവും കടന്നു.ഇതില്‍ 292 പേര്‍ രോഗമുക്തരായിട്ടുണ്ട്. കഴിഞ്ഞ 12 മണിക്കൂറിനിടെ 490 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ സ്ഥിരീകരിച്ചിരിക്കുന്നത് മഹാരാഷ്ട്രയിലാണ്. തമിഴ്‌നാടാണ് കൊവിഡ് കേസുകളുടെ കാര്യത്തില്‍ രണ്ടാം സ്ഥാനത്ത്.

Top