മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിച്ച യുഎന്‍ നടപടിയെ സ്വാഗതം ചെയ്ത് ഇന്ത്യ

ന്യൂഡല്‍ഹി: ജെയ്‌ഷെ തലവന്‍ മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിച്ച യുഎന്‍ നടപടിയെ ഇന്ത്യ സ്വാഗതം ചെയ്തു. രാജ്യ സുരക്ഷയില്‍ വിട്ടു വീഴ്ച നല്‍കില്ലെന്നും യുഎന്‍ നടപടി ഇന്ത്യ്ക്കു ഗുണകരമാണെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

പാക്കിസ്ഥാന്റേത് ശ്രദ്ധ തിരിക്കാനുള്ള തീരുമാനമെന്നും ഇന്ത്യയുടെ കാലങ്ങളായുള്ള ആവശ്യമായിരുന്നു ഇതെന്നും ഇത്തരത്തിലൊരു നടപടിയ്ക്ക് പുല്‍വാമ ആക്രമണം കാരണമായെന്നും വിദേശകാര്യമന്താലയം വ്യക്തമാക്കി. ഇന്ത്യയുള്‍പ്പടെയുള്ള രാജ്യങ്ങളുടെ നയതന്ത്ര നീക്കത്തിനൊടുവിലാണ് മസൂദ് അസ്ഹറിനെ യു.എന്‍ ആഗോള ഭീകരനായി പ്രഖ്യാപിച്ചത്.

മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്ന ഇന്ത്യയുടെ ആവശ്യത്തിന് ചൈന മാത്രമാണ് എതിര്‍ത്തിരുന്നത്. മുന്‍പ് 4 തവണ മസൂദിനെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള നീക്കം വീറ്റോ അധികാരം ഉപയോഗിച്ച് ചൈന തടഞ്ഞിരുന്നു. ഇംഗ്ലണ്ട്, അമേരിക്ക, ഫ്രാന്‍സ് എന്നിവ സംയുക്തമായാണ് കഴിഞ്ഞ മാസം പ്രമേയം കൊണ്ടു വന്നത്. ഇതേ ആവശ്യവുമായി ഇന്ത്യ വീണ്ടും രംഗത്തെത്തിയിരുന്നു. പുല്‍വാമ ഭീകരാമക്രമണത്തിന്റെ ഉത്തരവാദിത്തം ജെയ്‌ഷെ മുഹമ്മദ് ഏറ്റെടുത്തതിന് തൊട്ടുപിന്നാലെയായിരുന്നു നടപടി.

ഇയാളെ ഭീകരനായി മുദ്രകുത്തുന്നതിനെതിരെ എടുത്ത നിലപാട് മാറ്റാന്‍ യുഎസ്, ഫ്രാന്‍സ്, ബ്രിട്ടന്‍ എന്നീ രാജ്യങ്ങള്‍ ചൈനയ്ക്കുമേല്‍ സമ്മര്‍ദം ചെലുത്തിയിരുന്നു. പ്രശ്‌നം ശരിയായ മാര്‍ഗത്തിലൂടെ പരിഹരിക്കുമെന്ന് ചൈനീസ് വിദേശ കാര്യ വക്താവ് ഇന്നലെ ബിജീംഗില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞിരുന്നു.

Top