പ്രധാന കേന്ദ്രങ്ങളില്‍ നിന്ന് ഇന്ത്യ പിന്മാറണം; ചര്‍ച്ചയ്ക്കില്ലെന്ന് ചൈന

ന്യൂഡല്‍ഹി: പാംഗോംഗ് സോ തടാകത്തിന്റെ ദക്ഷിണ ഭാഗത്തുളള തന്ത്രപ്രധാന കേന്ദ്രങ്ങളില്‍ നിന്നും ഇന്ത്യ പിന്മാറണമെന്ന ആവശ്യവുമായി ചൈന. കിഴക്കന്‍ ലഡാക്കില്‍ അനധികൃതമായി കഴിഞ്ഞ കുറച്ച് മാസങ്ങള്‍ക്കിടെ കയ്യേറിയ പ്രദേശങ്ങളില്‍ നിന്നും പിന്മാറാന്‍ മടി കാണിക്കുന്നതിനിടെയാണ് ചൈന ഇന്ത്യയോട് പിന്മാറ്റം ആവശ്യപ്പെട്ടിരിക്കുന്നത്.

തന്ത്രപ്രധാന കേന്ദ്രങ്ങളില്‍ നിന്നും ഇന്ത്യ പിന്മാറാതെ നിയന്ത്രണ രേഖയില്‍ നിന്നുളള സമ്പൂര്‍ണ സൈനിക പിന്മാറ്റം സംബന്ധിച്ച് ചര്‍ച്ചയ്ക്കില്ലെന്നാണ് ഇരു രാജ്യങ്ങളുടേയും കോര്‍പ്സ് കമാന്‍ഡര്‍തല ചര്‍ച്ചയില്‍ ചൈന നിലപാട് വ്യക്തമാക്കിയത്. ദക്ഷിണ പാംഗോഗില്‍ ഇന്ത്യയ്ക്ക് ശക്തമായ സ്വാധീനമുളള ഇടമാണ്. കിഴക്കന്‍ ലഡാക്കിലെ നിയന്ത്രണ രേഖയില്‍ നിന്നുളള സൈനിക പിന്മാറ്റത്തിനുളള റോഡ് മാപ്പ് ആദ്യം തയ്യാറാക്കണം എന്നാണ് ഇന്ത്യ നിലപാട് അറിയിച്ചിരിക്കുന്നത്.

സൈനിക പിന്മാറ്റം സംബന്ധിച്ച ചര്‍ച്ചയില്‍ ഡെസ്പാംഗ് അടക്കമുളള എല്ലാ മേഖലകളും ചര്‍ച്ച ചെയ്യണം എന്നാണ് ഇന്ത്യയുടെ നിലപാട്. പാംഗോംഗ് സോ തടാകത്തിന്റെ ദക്ഷിണ ഭാഗത്തുളള തന്ത്രപ്രധാന കേന്ദ്രങ്ങളായ രെചിന്‍ല, റിസാംഗ് ല, മുഖ്പാരി അടക്കമുളളവ ഇന്ത്യന്‍ നിയന്ത്രണത്തിലാണുളളത്. ഇതോടെ ചൈനീസ് നിയന്ത്രണത്തിലുളള സ്പാംഗുര്‍ വിടവിലും ഇന്ത്യയ്ക്ക് ആധിപത്യം നേടാനായിട്ടുണ്ട്.

ഇതുവരെ ആറ് തവണയാണ് സൈനിക കമാന്‍ഡര്‍ തലത്തില്‍ ഇരുരാജ്യങ്ങളും ചര്‍ച്ച നടത്തിയിട്ടുളളത്. എന്നാല്‍ പ്രശ്നപരിഹാരത്തിന് സാധിച്ചിട്ടില്ല. ആറാം ചര്‍ച്ചയ്ക്ക് ശേഷം ഇന്ത്യയും ചൈനയും സംയുക്ത പ്രസ്താവന പുറത്തിറക്കിയിരുന്നു.

Top