India must listen from China and their security

ഭീകരവാദികള്‍ ഇന്ത്യയുള്‍പ്പെടെ ലോകത്തിലെ മിക്ക രാജ്യങ്ങളിലും സ്‌ഫോടന പരമ്പരകള്‍ നടത്തുമ്പോള്‍ എന്നും സുരക്ഷിതമാണ് കമ്മ്യൂണിസ്റ്റ് ചൈന. സൈനിക-ആയുധ ബലത്തില്‍ മുന്നില്‍ നില്‍ക്കുന്ന രാജ്യങ്ങളില്‍ പോലും ഭീകരര്‍ നുഴഞ്ഞുകയറി ആക്രമണം നടത്തുമ്പോള്‍ ചൈനയില്‍ മാത്രം അത് വിലപ്പോകില്ല.

സാങ്കേതിക സഹായങ്ങളുടെ സഹായത്തോടെയാണ് ഒട്ടുമിക്ക ഭീകരരും നുഴഞ്ഞുകയറി ലക്ഷ്യ സ്ഥാനത്തെത്തുന്നത്. എന്നാല്‍ അത്തരം സാങ്കേതിക സംവിധാനങ്ങളെല്ലാം ചൈനയില്‍ ബ്ലോക്ക് ചെയ്തിരിക്കുന്നു. ഭീകരര്‍ ഇന്ത്യയില്‍ നടത്തിയ ഒട്ടുമിക്ക ആക്രമണങ്ങളും ജിപിഎസിന്റെയും ഗൂഗിള്‍ മാപ്പിന്റെയും സാറ്റലൈറ്റ് ഫോണുകളുടെയും സഹായത്തോടെയായിരുന്നു. എന്നാല്‍ ഈ സേവനങ്ങളൊന്നും കമ്മ്യൂണിസ്റ്റ് രാഷ്ട്രമായ ചൈനയില്‍ അനുവദിക്കില്ല.

index

ചൈന തദ്ദേശീയമായി വികസിപ്പിച്ചെടുത്ത സംവിധാനങ്ങളാണ് രാജ്യത്തെ വിവിധ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നത്. ഗൂഗിളിന്റെയും ഒട്ടുമിക്ക സര്‍വീസുകളും ചൈനയില്‍ വിലക്കിയിരിക്കയാണ്. ഗൂഗിള്‍ സെര്‍ച്ച്, ഗൂഗിള്‍ പ്ലസ്, ഗൂഗിള്‍ മാപ്പ്, പിക്കാസ തുടങ്ങി എല്ലാ ജനപ്രിയ സര്‍വീസുകളും ചൈനയില്‍ ലഭിക്കില്ല. ജിപിഎസ് സംവിധാനവും ചൈനയില്‍ എത്തിയാല്‍ ലഭിക്കില്ല. ഇതിനാല്‍ തന്നെ നുഴഞ്ഞുകയറി ചൈനയില്‍ എത്തിയാലും ആശയവിനിമയവും ലക്ഷ്യം നിര്‍ണയവും ഭീകരര്‍ക്ക് സാധിക്കില്ല.

ലോകത്തെ മുന്‍നിര ചാരസംഘടനകളെയും ഭീകരരെയും ഏറ്റവും കൂടുതല്‍ സഹായിക്കുന്നത് സോഷ്യല്‍മീഡിയകളാണ്. ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍, ഇന്‍സ്റ്റാഗ്രാം തുടങ്ങി സോഷ്യല്‍മീഡിയകളൊന്നും ചൈനയില്‍ കിട്ടില്ല. ഇതിനാല്‍ തന്നെ ഇവിടത്തെ ജനങ്ങളില്‍ നിന്നോ ഉദ്യോഗസ്ഥരില്‍ നിന്നോ രാജ്യത്തെ കുറിച്ചുള്ള വിവരങ്ങളൊന്നും ലഭിക്കില്ല. മെയില്‍ വഴിയുള്ള രേഖകളൊന്നും രാജ്യത്തിനു പുറത്തേക്കു പോകില്ല.

china

ഓണ്‍ലൈന്‍ സാങ്കേതിക ലോകത്ത് എന്തൊക്കെ സേവനങ്ങളുണ്ട്, അതെല്ലാം ചൈന തദ്ദേശീയമായി വികസിപ്പിച്ചെടുത്തു. രാജ്യസുരക്ഷാ രേഖകളെല്ലാം പ്രാദേശിക ഭാഷകളില്‍ അവരുടെ സര്‍വറുകള്‍ സൂക്ഷിക്കുന്നു. രാജ്യത്തെ ടെലിക്കോം നെറ്റ്‌വര്‍ക്കുകള്‍ വഴിയുള്ള എല്ലാ നീക്കങ്ങളും അധികൃതര്‍ നിരീക്ഷിക്കുന്നു. സാങ്കേതിക സംവിധാന സുരക്ഷയില്‍ ചൈനീസ് അതിര്‍ത്തികള്‍ സുരക്ഷിതമാണ്.

അതേസമയം, ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയില്‍ എല്ലാം തുറന്നിട്ടിരിക്കുകയാണ്. ആര്‍ക്കും എപ്പോഴും എന്തും പങ്കുവയ്ക്കാം. ഗൂഗിളിന്റെ എല്ലാ സേവനങ്ങളും രാജ്യത്ത് ലഭ്യമാണ്. ടെലിക്കോം നെറ്റ്‌വര്‍ക്കുകളില്‍ നിയന്ത്രണമില്ലാത്തതിനാല്‍ ഭീകരര്‍ക്ക് നെറ്റില്‍ ലഭ്യമായ എല്ലാ സേവനങ്ങളും ദുരൂപയോഗം ചെയ്യാം.

ലോകത്ത് ഏറ്റവും കൂടുതല്‍ സോഷ്യല്‍മീഡിയ ഉപയോഗിക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. സോഷ്യല്‍മീഡിയ വഴിയുള്ള കുറ്റകൃത്യങ്ങള്‍ക്ക് ഒരു കുറവുമില്ല. ഏറ്റവും അവസാനമായി പാക്ക് ചാരസംഘടന ഐഎസ്‌ഐ രാജ്യത്തെ തന്ത്രപ്രധാന രഹസ്യങ്ങള്‍ ചോര്‍ത്തിയത് ഫെയ്‌സ്ബുക്ക്, വാട്‌സാപ്പ്, മൊബൈല്‍ ഫോണ്‍ വഴിയായിരുന്നു. അനധികൃതമായി സാറ്റ്‌ലൈറ്റ് ഫോണുകള്‍ ഉപയോഗിക്കുന്നവരെ കണ്ടെത്താനും ഇന്ത്യയില്‍ വഴിയില്ല.

പഞ്ചാബിലെ പത്താന്‍കോട്ട് വ്യോമസേനാ താവളത്തില്‍ ഭീകരര്‍ ആക്രമണം നടത്താന്‍ ഉപയോഗിച്ചത് ജിപിഎസ് സംവിധാനമാണ്. രാജ്യത്തു നിന്നു പാക്കിസ്ഥാനിലേക്ക് നിരവധി ഫോണ്‍ കോളുകള്‍ പോയി. എല്ലാം സമയത്തിനു കണ്ടെത്തിയിരുന്നെങ്കില്‍ ഈ ദുരന്തം ഒഴിവാക്കാമായിരുന്നു.

എന്തൊക്കെ വിമര്‍ശനമുന്നയിച്ചാലും സുരക്ഷിതത്വത്തിന്റെ കാര്യത്തില്‍ ചൈനയെ അംഗീകരിച്ചേ പറ്റു. ഈ കമ്മ്യൂണിസ്റ്റ് രാജ്യം സ്വന്തം ജനതയ്ക്ക് നല്‍കുന്ന സംരക്ഷണം കണ്ടുപഠിക്കേണ്ടതു തന്നെയാണ്.

Top