കാലവര്‍ഷം ഇത്രയധികം നീളുന്നത് ചരിത്രത്തിലാദ്യം; ഒക്ടോബര്‍ പത്ത് വരെ മഴ തുടരും

മുംബൈ: ചരിത്രത്തില്‍ ആദ്യമായാണ് കാലവര്‍ഷം ഇത്രയധികം നീളുന്നതെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. നിലവിലെ സാഹചര്യത്തില്‍ ഒക്ടോബര്‍ പത്ത് വരെ മഴ തുടരുമെന്നാണ് നിരീക്ഷണ കേന്ദ്രം പറയുന്നത്. സാധാരണ ജൂണില്‍ തുടങ്ങുന്ന കാലവര്‍ഷം സെപ്റ്റംബര്‍ തുടക്കത്തില്‍ തന്നെ പിന്മാറുകയാണ് പതിവ്. ഇത്തവണ ഒരാഴ്ച വൈകി ജൂണ്‍ എട്ടിനാണ് കേരളത്തില്‍ കാലവര്‍ഷം എത്തിയത്.

1994ന് ശേഷമുള്ള ഏറ്റവും ശക്തമായ കാലവര്‍ഷമാണിത്. ഗുജറാത്ത് തീരത്ത് രൂപം കൊണ്ട് രാജസ്ഥാന്‍ ഭാഗത്തേക്ക് നീങ്ങിയ പുതിയ ന്യൂനമര്‍ദ്ദമാണ് കാലവര്‍ഷത്തിന്റെ പിന്‍മാറ്റം വൈകിക്കുന്നത്. 2019ല്‍ രാജ്യത്ത് ലഭിച്ചത് ശരാശരിയെക്കാള്‍ പത്ത് ശതമാനം അധിക മഴയാണ്.

ഒക്ടോബര്‍ 20 നാണ് തുലാവാര്‍ഷം തുടങ്ങേണ്ടത്. നിലിവിലെ സാഹചര്യത്തില്‍ കാലവര്‍ഷത്തിന്റെ പിന്‍മാറ്റവും തുലവാര്‍ഷത്തിന്റെ തുടക്കവും ഒരുമിച്ചായേക്കുമെന്നാണ് സൂചന.

Top