രാജ്യത്തെ മുൾമുനയിൽ നിർത്തി വീണ്ടും ഒരു രഥയാത്രയുമായി ബി.ജെ.പി വരുന്നു

ന്ത്യയുടെ ഹൃദയത്തിലേറ്റ ആ മുറിപ്പാടുകള്‍ ഉണങ്ങുന്നതിനു മുന്‍പ് വീണ്ടും രഥയാത്രയുമായി ബി.ജെ.പി വരുന്നു.

മോദി സര്‍ക്കാറിന്റെ രണ്ടാം ഊഴം ഉറപ്പു വരുത്താന്‍ രഥയാത്ര അനിവാര്യമാണെന്ന ആര്‍.എസ്.എസ് നിര്‍ദ്ദേശം നടപ്പാക്കാനാണ് ബി.ജെ.പി നീക്കം.

1992 ഡിസംബര്‍ ആറിന് ബാബറി മസ്ജിദിന്റെ താഴിക കുടങ്ങള്‍ തകര്‍ക്കുന്നതിന് ഇടയാക്കിയ അദ്വാനിയുടെ രഥയാത്രയാണ് ബി.ജെ.പിയെ ദേശീയ ശക്തിയായും കേന്ദ്രഭരണത്തില്‍ എത്താനും വഴി ഒരുക്കിയിരുന്നത്. ബാബറി മസ്ജിദ് തകര്‍ത്തതിനെ തുടര്‍ന്നുണ്ടായ ആക്രമണ സംഭവങ്ങളില്‍ അനവധി പേരാണ് രാജ്യത്ത് കൊല്ലപ്പെട്ടത്.

രാമക്ഷേത്ര നിര്‍മ്മാണത്തിന് മോദി സര്‍ക്കാറിന്റെ ഭരണ തുടര്‍ച്ച അനിവാര്യമാണെന്ന് ചൂണ്ടിക്കാട്ടി നടത്താന്‍ ഉദ്ദേശിക്കുന്ന രഥയാത്ര രാജ്യത്ത് എന്ത് പ്രത്യാഘാതമാണ് ഉണ്ടാക്കുകയെന്നത് ആശങ്കയോടെ മാത്രമേ കാണാന്‍ പറ്റൂ.

കേവലം 2 സീറ്റില്‍ നിന്നും രാജ്യത്തിന്റെ ഭരണം പിടിക്കുന്ന സാഹചര്യത്തിലേക്ക് ബിജെപിയെ വളര്‍ത്തിയ രാമ മുദ്രാവാക്യം ടെക്‌നോളജിയുടെ പുതിയ കാലത്തും ഉയര്‍ത്തുവാനുള്ള തീരുമാനത്തെ പുതിയ തലമുറ എങ്ങനെ കാണുമെന്നതും പ്രസക്തമാണ്.

പ്രധാനമന്ത്രി നരേന്ദ്രമോദിയോ അല്ലെങ്കില്‍ അമിത് ഷായോ ആയിരിക്കും ബി.ജെ.പി രഥയാത്ര നയിക്കുക. ഇതു സംബന്ധമായ നിര്‍ദ്ദേശം മുന്നോട്ട് വെച്ച ആര്‍.എസ്.എസ് ലക്ഷ്യമിടുന്നത് സാമുദായിക ധ്രുവീകരണം തന്നെയാണ്. അയോധ്യയിലും ഡല്‍ഹിയിലും നടത്തിയ വമ്പന്‍ റാലിയിലൂടെ സംഘപരിവാര്‍ സംഘടനയായ വി.എച്ച്.പി നടത്തിയ പ്രഖ്യാപനവും രാമക്ഷേത്രം ഉടന്‍ വേണമെന്നതാണ്.

സുപ്രീംകോടതിയുടെ പരിഗണനയിലുള്ള കേസ് മറികടക്കാന്‍ നിയമ നിര്‍മ്മാണമോ ഓര്‍ഡിനന്‍സോ കൊണ്ടുവരണമെന്ന് റാലിയില്‍ സംസാരിച്ച ആര്‍.എസ്.എസ് നേതാവ് ഭയ്യാ ജി ജോഷി മോദി സര്‍ക്കാറിനോട് ആവശ്യപ്പെട്ടിരുന്നു. കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനമാണ് റാലിയില്‍ ഉയര്‍ന്നിരുന്നത്.

ആര്‍.എസ്.എസ് നിയന്ത്രണത്തില്‍ മാത്രം പ്രവര്‍ത്തിക്കാന്‍ വിധിക്കപ്പെട്ട ബി.ജെ.പി നേതൃത്വത്തിന് പരസ്യ ശാസന ആര്‍.എസ്.എസ്, വി.എച്ച്.പി നേതാക്കള്‍ നല്‍കിയത് തന്നെ അണിയറയിലെ തിരക്കഥ പ്രകാരമാണെന്ന സംശയം നില നില്‍ക്കെയാണ് ഇപ്പോഴത്തെ പുതിയ നീക്കങ്ങള്‍.

അയോധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണത്തിനായി രാജ്യസഭയില്‍ നിയമനിര്‍മ്മാണം കൊണ്ടു വന്ന് പരാജയപ്പെടുന്നതും നേട്ടമാക്കാമെന്നതാണ് സംഘപരിവാര്‍ കണക്കു കൂട്ടുന്നത്.

ശീതകാല സമ്മേളനത്തില്‍ അല്ലെങ്കില്‍ ബജറ്റ് സമ്മേളനത്തില്‍ നിയമനിര്‍മ്മാണം കൊണ്ടു വരാനാണ് ബി.ജെ.പി നേതൃത്വം ആലോചിക്കുന്നത്.

ലോകസഭയിലും രാജ്യസഭയിലും ബില്‍ പാസായാല്‍ മാത്രമേ നിയമം നടപ്പാവുകയുള്ളൂ. രാജ്യസഭയില്‍ ഇപ്പോഴും ബി.ജെ.പിക്ക് ഭൂരിപക്ഷം ഇല്ലാത്തതിനാല്‍ ഈ ബില്‍ അവതരിപ്പിച്ചാലും പാസാകാനുള്ള ഒരു സാധ്യതയും ഇല്ല.

മുന്‍പ് രാജ്യസഭയില്‍ കേന്ദ്രസര്‍ക്കാറിന് പിന്തുണ നല്‍കി രക്ഷിച്ച ബിജു ജനതാദളും, ടി.ആര്‍.എസും രാമക്ഷേത്ര ബില്ലിനെ പിന്തുണക്കില്ലെന്ന് ഉറപ്പായി കഴിഞ്ഞു. ഒറീസയില്‍ ലോകസഭ തിരഞ്ഞെടുപ്പിനൊപ്പം തന്നെയാണ് നിയമസഭാ തിരഞ്ഞെടുപ്പും നടക്കുന്നത്. തെലങ്കാനയിലാകട്ടെ ന്യൂനപക്ഷ വോട്ടുകള്‍ ടി.ആര്‍.എസിന്റെ ഭരണ തുടര്‍ച്ചക്ക് വഴി ഒരുക്കുകയും ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഈ രണ്ടു സംസ്ഥാനങ്ങളിലെയും മതേതര വോട്ടുകള്‍ നഷ്ടപ്പെടുത്തേണ്ടതില്ലെന്ന തിരിച്ചറിവിലാണ് ബിജു ജനതാദളും ടി.ആര്‍.എസും ഇപ്പോള്‍ നീങ്ങുന്നത്.

modi

ബി.ജെ.പിയെ കേന്ദ്രത്തില്‍ പിന്തുണച്ചു വരുന്ന മറ്റൊരു പാര്‍ട്ടി അണ്ണാ ഡി.എം.കെയാണ്. ആകെ കലങ്ങിമറിഞ്ഞ തമിഴകത്ത് ന്യൂനപക്ഷ വോട്ട് കൂടി നഷ്ടമായാല്‍ തരിപ്പണമായി പോകുമെന്ന ഭീതിയില്‍ ആ പാര്‍ട്ടിയും കടുത്ത ആശയക്കുഴപ്പത്തിലാണ്.

ഈ സാഹചര്യത്തില്‍ ഫെബ്രുവരിയില്‍ നടക്കുന്ന മോദി സര്‍ക്കാറിന്റെ അവസാന ബജറ്റ് സമ്മേളനത്തിനു ശേഷം പ്രത്യേക ഓര്‍ഡിനന്‍സ് തന്നെ കൊണ്ടുവരാനും അണിയറയില്‍ തകൃതിയായ ആലോചന നടക്കുന്നുണ്ട്.

ഇത്തരത്തില്‍ ഓര്‍ഡിനന്‍സ് കൊണ്ടു വന്നാല്‍ ആറു മാസത്തിനുള്ളില്‍ പാര്‍ലമെന്റില്‍ ബില്‍ പാസാക്കണമെന്നതാണ് നിയമം. അടുത്ത് വരുന്ന സര്‍ക്കാറിനായിരിക്കും ഇക്കാര്യത്തില്‍ ബാധ്യത ഉണ്ടാവുക. ബി.ജെ.പിക്ക് ഒറ്റക്ക് ഭൂരിപക്ഷം നല്‍കിയില്ലെങ്കില്‍ രാമക്ഷേത്രം വെറും സ്വപ്നമാകുമെന്ന മുന്നറിയിപ്പു നല്‍കി വീണ്ടും വോട്ട് നേടാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ഈ നീക്കവും സജീവമായിട്ടുള്ളത്.

രണ്ടില്‍ എന്തു തന്നെ തീരുമാനിച്ചാലും രാമക്ഷേത്ര വികാരം ഉയര്‍ത്തി വോട്ട് തട്ടാന്‍ തന്നെയാണ് ആത്യന്തികമായി സംഘപരിവാര്‍ ലക്ഷ്യമിടുന്നത്. അഞ്ചു നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ മധ്യപ്രദേശിലും രാജ്യസ്ഥാനിലും തിരിച്ചടി നേരിട്ടതാണ് സംഘ പരിവാര്‍ നേതൃത്വത്തെ ഏറെ ഞെട്ടിച്ചിരിക്കുന്നത്.

sp bsp

യുപിയില്‍ മായാവതിയുടെ ബി.എസ്.പിയുമായി സമാജ്‌വാദി പാര്‍ട്ടി സഖ്യമുണ്ടാക്കാന്‍ ശ്രമിക്കുന്നതും ബി.ജെ.പിയുടെ ചങ്കിടിപ്പിക്കുന്നതാണ്.
ഈ പ്രതികൂല സാഹചര്യത്തില്‍ തുറുപ്പ് ചീട്ടായ രാമക്ഷേത്രമല്ലാതെ മറ്റൊന്നു കൊണ്ടും തന്നെ ജനങ്ങളെ സ്വാധീനിക്കാന്‍ കഴിയില്ലെന്ന കണക്കു കൂട്ടലിലാണ് പഴയ ആയുധങ്ങള്‍ അണിയറയില്‍ തേച്ച് മിനുക്കുന്നത്.

ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഇപ്പോള്‍ സംഘപരിവാര്‍ പ്രത്യേക ശ്രദ്ധ പതിപ്പിക്കുന്ന കേരളത്തിലും രഥയാത്ര എത്തുമെന്ന് തന്നെയാണ് സൂചന. രാജ്യത്തെ പ്രധാന സംസ്ഥാനങ്ങളിലൂടെ കടന്നു പോകുന്ന രഥയാത്ര, ലക്ഷങ്ങള്‍ പങ്കെടുക്കുന്ന റാലികള്‍ എന്നിവയാണ് ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് പ്രചരണത്തിലെ മുഖ്യ ഇനം.

Top