ഇസ്‌ലാമാബാദ് : മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനും ലഷ്‌കര്‍-ഇ-തയിബ സ്ഥാപകനുമായ ഹാഫിസ് സയീദിനൊപ്പം പാക്കിസ്ഥാനിലെ പാലസ്തീന്‍ പ്രതിനിധി വേദി പങ്കിട്ടതില്‍ പ്രതിഷേധവുമായി ഇന്ത്യ.
പാക്കിസ്ഥാനിലെ പലസ്തീൻ അംബാസിഡർ വാഹിദ് അബു അലിയാണ് ഹാഫിസ് സയീദിനൊപ്പം വേദി പങ്കിട്ടത്.
ഹാഫിസ് സയിദിനൊപ്പം പൊതുജന സമക്ഷം അംബാസിഡർ എത്തിയതിന്റെ എതിർപ്പ് പലസ്തീനെ അറിയിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
ഇന്ത്യയ്ക്കെതിരെ ശക്തമായ നിലപാടു സ്വീകരിക്കുന്ന 40 പാർട്ടികളുടെ കൂട്ടായ്മയാണു ദിഫാ ഇ പാക്കിസ്ഥാൻ. സയീദിന്റെ രാഷ്ട്രീയ പാർട്ടിയായ ദിഫ ഇ പാക്കിസ്ഥാൻ കൗൺസിലിന്റെ നേതൃത്വത്തിലുള്ള റാലിയിലാണ് അംബാസിഡർ പങ്കെടുത്തത്.
ഇസ്രയേൽ തലസ്ഥാനം ജറുസലമിലേക്കു മാറ്റുന്നതിന്റെ പ്രതിഷേധമായി ഇസ്‌ലാമിക് ഉച്ചകോടി സംഘടിപ്പിക്കുന്നതിന് പ്രധാനമന്ത്രി ഷാഹിദ് ഖാക്വൻ അബ്ബാസിയിൽ സമ്മർദം ചെലുത്തുന്നതിനാണു റാലി സംഘടിപ്പിച്ചത്.
യുഎന്നിലെ ജറുസലം ചർച്ചയിൽ പലസ്തീന് അനുകൂലമായി ഇന്ത്യ വോട്ട് ചെയ്തതിനു പിന്നാലെയാണ് അംബാസിഡറുടെ ഭാഗത്തുനിന്ന് പ്രതികൂലമായ നടപടി ഉണ്ടായത്.