യുഎസ്ബി – സി ചാർജിങ് പോർട്ട് ഇന്ത്യ നിർബന്ധമാക്കിയേക്കും

ദില്ലി: ഇനി രാജ്യത്ത് ഫോൺ വിൽക്കണമെങ്കിൽ യുഎസ്ബി – സി ചാർജിങ് പോർട്ടും വേണം. 2025 മാർച്ച് മുതൽ രാജ്യത്ത് വില്ക്കുന്ന മൊബൈലുകൾക്ക് യുഎസ്ബി-സി ചാർജിങ് പോർട്ട് നിർബന്ധമാക്കും. ഇതിനായി ഇന്ത്യയിലെ മൊബൈൽ നിർമ്മാതാക്കൾക്ക് 2025 മാർച്ച് വരെ സമയപരിധി നൽകിയിട്ടുണ്ട്. ഉപഭോക്തൃകാര്യ വകുപ്പ് സെക്രട്ടറി രോഹിത് കുമാർ സിങ് ‘ദി ഇക്കണോമിക് ടൈംസി’നോടാണ് ഇക്കാര്യം പറഞ്ഞത്.

2023 ഡിസംബർ 28നകം പോർട്ടുമായി ബന്ധപ്പെട്ട മാർഗനിർദേശങ്ങൾ പുറത്തിറക്കും. 2024 ഡിസംബർ 28ന് ഇത് പ്രാബല്യത്തിൽ വരുത്താനുമാണ് യൂറോപ്യൻ യൂണിയന്റെ തീരുമാനം. യൂറോപ്യൻ യൂണിയന്റെ തീരുമാനം നിലവിൽ വന്ന് മൂന്ന് മാസങ്ങൾക്ക് ശേഷമാകും ഇന്ത്യയിൽ ഇത് സംബന്ധിച്ച മാർഗനിർദേശം പ്രാബല്യത്തിൽ വരുന്നത്. ചാർജറുകൾ ഒരേ തരത്തിലാക്കുന്നത് സംബന്ധിച്ച് നടപടി പരിശോധിക്കാൻ കർമസമിതി രൂപീകരിച്ചതായി കേന്ദ്ര പൊതുവിതരണ സഹമന്ത്രി അശ്വനി കുമാർ ചൗബേ രാജ്യസഭയിൽ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

ഇലക്ട്രോണിക്സ്, പരിസ്ഥിതി, വാണിജ്യ മന്ത്രാലയങ്ങളിലെയും വാണിജ്യസംഘടനകളുടെയും സാങ്കേതിക വിദ്യാസ്ഥാപനങ്ങളിലെയും പ്രതിനിധികൾ അടങ്ങിയതാണ് സമിതി. മിക്ക ആൻഡ്രോയിഡ് ഫോണുകളും നിലവിൽ ടൈപ്-സി പോർട്ടുമായാണ് വിപണികളിലെത്തുന്നത്.

നേരത്തെ ചാർജറുകളും കേബിളുകളും ഒഴിവാക്കി റെഡ്മീ രംഗത്ത് വന്നിരുന്നു. അതിന് മുൻപ് ചാർജർ ഒഴിവാക്കി ഫോൺ പുറത്തിറക്കിയത് ഷവോമിയാണ്. പക്ഷേ ഇന്ത്യയിൽ ആദ്യമായി ആണ് ചാർജർ ഇല്ലാതെ ഷാവോമി ഫോൺ ഇറക്കുന്നത്. ചാർജർ ഇല്ലാതെ ഇന്ത്യയിൽ പുറത്തിറക്കുന്ന റെഡ്മി ബ്രാൻഡിൽ നിന്നുള്ള ആദ്യ ഫോൺ ആയിരുന്നു റെഡ്മി നോട്ട് 11എസ്ഇ.

ഫോണിന്റെ കൂടെ ചാർജർ ഇല്ലാത്തതിനാൽ 999 രൂപ ചെലവാക്കി വേണം ഷാവോമിയുടെ ഫോണിന് അനുയോജ്യമായ ചാർജർ വാങ്ങാൻ. അതിലാകട്ടെ 55 വാട്ട് റാപ്പിഡ് ചാർജിങ് സൗകര്യമാകും ഉള്ളത്. ചാർജറുകൾ ഒഴിവാക്കുന്നതിന് തുടക്കമിട്ടത് ഐഫോൺ 12 ആണ്. സാംസങ്ങും മറ്റ് ആൻഡ്രോയിഡ് ബ്രാൻഡുകളും വൈകാതെ ഈ രീതി പിൻതുടർന്നു. നത്തിങ് ഫോണിലും ചാർജർ ഇല്ലായിരുന്നു. ഒരേ ചാർജർ എന്ന ആശയത്തിന് മുന്നോടിയായുള്ള നീക്കം ആകാമിത് എന്നാണ് പറയപ്പെടുന്നത്.

Top