യൂറോപ്യന്‍ യൂണിയനുമായി സ്വതന്ത്ര വ്യാപാര കരാറിന് ഇന്ത്യ

ന്യൂഡല്‍ഹി: മേഖലാ സമഗ്ര സാമ്പത്തിക സഹകരണ കരാറില്‍ (ആര്‍സിഇപി) നിന്ന് പിന്മാറിയതിന് പിന്നാലെ യൂറോപ്യന്‍ യൂണിയനുമായി സ്വതന്ത്ര വ്യാപാര കരാറിന് വീണ്ടും ശ്രമം നടത്തി ഇന്ത്യ. ഇതിന്റെ ഭാഗമായി യൂറോപ്യന്‍ യൂണിയനുമായി വീണ്ടും ചര്‍ച്ചകള്‍ തുടരാനാണ് കേന്ദ്രനീക്കം.

അടുത്തിടെ ഇന്ത്യയിലെത്തിയ ജര്‍മന്‍ ചാന്‍സലര്‍ ആംഗലേ മെര്‍ക്കല്‍ ചര്‍ച്ചകള്‍ പുനഃരാരംഭിക്കാന്‍ ആഹ്വാനം ചെയ്തിരുന്നു.

കേന്ദ്രമന്ത്രി പീയൂഷ് ഗോയലാണ് യൂറോപ്യന്‍ യൂണിയനുമായി സ്വതന്ത്ര വ്യാപാര കരാര്‍ ഒപ്പിടാനുള്ള ഇന്ത്യയുടെ ശ്രമത്തെ കുറിച്ച് വ്യക്തമാക്കിയത്.യൂറോപ്യന്‍ യൂണിയനുമായി കരാറിലേര്‍പ്പെടാന്‍ ടെക്സ്റ്റൈല്‍, രത്ന, കാര്‍ഷിക മേഖലകളില്‍ നിന്നുള്ള വ്യവസായികളില്‍ നിന്ന് ആവശ്യം ഉയരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ദേശീയ താത്പര്യം മുന്‍നിര്‍ത്തിയാണ് ആര്‍സിഇപി കരാറില്‍ ഒപ്പിടുന്നതില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ പിന്മാറിയതെന്നും അദ്ദേഹം വ്യക്തമാക്കി. മന്‍മോഹന്‍ സിങ്ങിന്റെ കാലത്ത് ഒപ്പിട്ട വിവിധ സ്വതന്ത്ര വ്യാപാര കരാറുകള്‍ കേന്ദ്രസര്‍ക്കാര്‍ പരിശോധിച്ചിരുന്നതായും അദ്ദേഹം വെളിപ്പെടുത്തി.

വിലകുറഞ്ഞ ചൈനീസ് ഉത്പന്നങ്ങളുടെ കടന്നുവരവ് വിപണിയെ തകര്‍ക്കും എന്ന ഭയത്തെതുടര്‍ന്നാണ് ചൈനീസ് നേതൃത്വത്തിലുള്ള ആര്‍സിഇപി കരാറില്‍ ഒപ്പിടാതെ ഇന്ത്യ പിന്മാറിയത്.

Top