കൊച്ചിയില്‍ നിന്ന് ഫെറി സര്‍വ്വീസ്; മോദിയും മാലിദ്വീപ് പ്രസിഡന്റും കരാറില്‍ ഒപ്പുവെച്ചു

മാലി: ഇന്ത്യയെയും മാലിദ്വീപിനെയും ബന്ധിപ്പിച്ചു കൊണ്ടുള്ള ഫെറി സര്‍വ്വീസിന് കരാറായി. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും മാലിദ്വീപ് പ്രസിഡന്റ് മുഹമ്മദ് സോലിഹും തമ്മിലാണ് കരാറില്‍ ഒപ്പുവെച്ചത്.

ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് ആദ്യമായി വിദേശത്തേക്ക് പ്രധാനമന്ത്രി പോയതിന്റെ ഗുണം ലഭിച്ചത് കേരളത്തിന് തന്നെയാണ്. കേരളത്തിലെ കൊച്ചി തീരത്ത് നിന്ന് ഇന്ത്യന്‍ മഹാസമുദ്രത്തിലെ കുല്‍ഹുദുഫുഷി എന്ന പവിഴദ്വീപിലൂടെ മാലിദ്വീപിന്റെ ആസ്ഥാനമായ മാലിയിലേക്കാണ് ഫെറി സര്‍വ്വീസ് ആരംഭിക്കുക.

മാലിയില്‍ നിന്ന് കൊച്ചിയിലേക്ക് 700 കിലോമീറ്ററാണ് കടല്‍ദൂരമുള്ളത്. കുല്‍ഹുദുഫുഷിയിലേക്ക് 500 കിലോമീറ്ററാണ് കൊച്ചിയില്‍ നിന്ന് ദൂരമുള്ളത്. ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ സ്ഥിരമായി പാസഞ്ചര്‍ കം കാര്‍ഗോ ഫെറി സര്‍വ്വീസ് ആരംഭിക്കുവാനാണ് തീരുമാനമായിരിക്കുന്നത്. ഇതിന്റെ നടപടികള്‍ വേഗത്തില്‍ ആരംഭിക്കുവാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കരാര്‍ ഒപ്പുവയ്ക്കാന്‍ സാധിച്ചതില്‍ വളരെയേറെ സന്തോഷമുണ്ടെന്ന് മോദി മാലിദ്വീപ് പാര്‍ലമെന്റിനെ അഭിസംബോധന ചെയ്ത് പറഞ്ഞു.

മാലിദ്വീപ് സന്ദര്‍ശനം പൂര്‍ത്തിയാക്കിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ശ്രീലങ്കയിലെത്തി. ശ്രീലങ്കയില്‍ ഭീകരാക്രമണം നടന്ന ദേവാലയം സന്ദര്‍ശിക്കും. ഇന്നലെ മാലിദ്വീപ് പാര്‍ലനമെന്റിനെ അഭിസംബോധന ചെയ്ത് ഭീകരവാദത്തിനെതിരെ യോജിച്ച പോരാട്ടം വേണമെന്ന് മോദി ആഹ്വാനം ചെയ്തിരുന്നു. ഭീകരവാദം പ്രോത്സാഹിപ്പിക്കുന്നവരെ തുറന്നുകാട്ടണമെന്നും മോദി പറഞ്ഞിരുന്നു.

മാലിദ്വീപിന്റെ പരമോന്നത ബഹുമതിയായ ‘റൂള്‍ ഓഫ് നിഷാന്‍ ഇസുദ്ദീന്‍’ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സമ്മാനിച്ചു. രണ്ടാം വട്ടം പ്രധാനമന്ത്രിയായ ശേഷമുള്ള നരേന്ദ്രമോദിയുടെ ആദ്യ വിദേശ പര്യടനമാണ് മാലിദ്വീപ്, ശ്രീലങ്ക സന്ദര്‍ശനം. ഭീകരാക്രമണം നടന്ന ശ്രീലങ്കയിലെ വിവിധ സ്ഥലങ്ങള്‍ അദ്ദേഹം സന്ദര്‍ശിക്കും. ഗുരുവായൂര്‍ സന്ദര്‍ശനത്തിന് പുറകെയാണ് അദ്ദേഹം മാലിദ്വീപില്‍ എത്തിയത്.

Top