ബാലവേല ഇല്ലാതാക്കുന്നതില്‍ ഇന്ത്യ ശ്രദ്ധേയ നേട്ടം കൈവരിച്ചെന്ന് അമേരിക്കന്‍ പഠനം

വാഷിംഗ്ടണ്: ബാലവേല ഇല്ലാതാക്കുന്ന കാര്യത്തില്‍ ശ്രദ്ധേയ നേട്ടം കൈവരിച്ച ലോകത്തിലെ 14 രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയും. അമേരിക്കയാണ് ഇത് സംബന്ധിച്ച് അന്താരാഷ്ട്ര തലത്തില്‍ പഠനം നടത്തിയത്.

അതിക്രൂരമായ ബാലവേലകള്‍ ഇല്ലാതാക്കാനുള്ള ഊര്‍ജ്ജിത പ്രവര്‍ത്തനം 2017ലാണ് ഇന്ത്യയില്‍ കാര്യക്ഷമമായി നടന്നതെന്നും അമേരിക്കയുടെ ‘ബാലവേലയും നിര്‍ബന്ധിത ജോലിയും’ എന്ന പേരില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

2000ത്തിലെ വാണിജ്യ-വികസന നിയമമാണ് ബാലവേലകള്‍ നിരോധിച്ചുകൊണ്ട് ലോകോത്തര തലത്തില്‍ നടന്നിട്ടുള്ള വലിയ മുന്നേറ്റം.

വിപുലമായ രീതിയില്‍ മാനദണ്ഡങ്ങള്‍ ആവിഷ്‌ക്കരിച്ചു കൊണ്ട് 132 രാജ്യങ്ങളിലാണ് അമേരിക്ക പഠനം നടത്തിയത്. എന്നാല്‍, കൊളംബിയ, പെറുഗ്വെ, ഇന്ത്യ തുടങ്ങിയ 14 രാജ്യങ്ങള്‍ മാത്രമാണ് ഈ മേഖലയില്‍ മികച്ച പ്രകടനങ്ങള്‍ നടത്തിയത്.

അകടകരമായ മേഖലയില്‍ 18 വയസ്സിന് താഴെയുള്ള കുട്ടികളെ ജോലി ചെയ്യിക്കുന്നത് കുറ്റകരമാക്കിക്കൊണ്ട് ഇന്ത്യ വിപ്ലവാത്മകമായ മുന്നേറ്റമാണ് നടത്തിയതെന്ന് റിപ്പോര്‍ട്ട് പറയുന്നു. ദേശീയ ബാലവേല നിരോധന പദ്ധതികളും സര്‍ക്കാര്‍ പ്രത്യേകമായി കഴിഞ്ഞ വര്‍ഷങ്ങളില്‍ നടത്തി.

ബാലവേല നിരോധനം, കുട്ടികളെ തട്ടിക്കൊണ്ട് പോകല്‍, കുട്ടികളുടെ സുരക്ഷ എന്നിവയെ അടിസ്ഥാനമാക്കി ദേശീയ നയരൂപീകരണവും ഇന്ത്യ ഇക്കാലയളവില്‍ കാഴ്ച വച്ചു.

കുട്ടികളെ ജോലിക്കായി ഉപയോഗപ്പെടുത്തുന്നവര്‍ക്ക് വിധിക്കുന്ന ശിക്ഷയും പിഴയും താരതമ്യേന കുറവാണ്. അതിനാല്‍, കുട്ടികളുടെ സുരക്ഷക്കായി വിനിയോഗിക്കുന്ന പണം, നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍, കുറ്റക്കാര്‍ക്ക് വിധിച്ചിരിക്കുന്ന ശിക്ഷ തുടങ്ങിയ വിശദാംശങ്ങള്‍ ഇന്ത്യ ശേഖരിച്ച് അപഗ്രഥിക്കണമെന്ന് റിപ്പോര്‍ട്ട് പരാമര്‍ശിക്കുന്നു.

അന്താരാഷ്ട്ര തലത്തില്‍ കുട്ടികളുടെ സുരക്ഷ, വിദ്യാഭ്യാസം, പ്രശ്‌നങ്ങള്‍, മനുഷ്യക്കടത്ത് തുടങ്ങിയവയെക്കുറിച്ച് പഠിക്കാനും പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതിനും സഹായിക്കുന്നതാണ് റിപ്പോര്‍ട്ടെന്ന് അമേരിക്കന്‍ തൊഴില്‍ സെക്രട്ടറി അലക്‌സാണ്ടര്‍ അക്കോസ്റ്റ പറഞ്ഞു.

ലോകത്തിലെ 152 മില്യണ്‍ കുട്ടികളില്‍ ഓരോ പത്ത് പേരിലും ഒരാള്‍ നിര്‍ബന്ധിത തൊഴിലിന് ഇരയാകുന്നതായാണ് കണക്ക്. 25 മില്യണ്‍ കുട്ടികളാണ് ഇത്തരത്തില്‍ ബാലവേലയ്ക്ക് അടിമകളാകുന്നത്.

Top