സിറിയയോടും പരാജയപ്പെട്ട് ഇന്ത്യ; എഎഫ്‌സി ഏഷ്യന്‍ കപ്പില്‍ നിന്ന് പുറത്ത്

അല്‍ ഖോര്‍: എഎഫ്‌സി ഏഷ്യന്‍ കപ്പില്‍ ഓസ്‌ട്രേലിയയ്ക്കും ഉസ്‌ബെക്കിസ്താനും പിന്നാലെ സിറിയയോടും തോറ്റ് ഇന്ത്യ പുറത്ത്. പൊരുതിക്കളിച്ചിട്ടും എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ഇന്ത്യന്‍ തോല്‍വി. സുവര്‍ണാവസരങ്ങള്‍ കളഞ്ഞുകുളിക്കുന്നതില്‍ താരങ്ങള്‍ മത്സരിച്ചപ്പോള്‍ ഇന്ത്യന്‍ സംഘത്തിന് ടൂര്‍ണമെന്റില്‍ ഒരു ഗോള്‍ എന്നത് സ്വപ്‌നം മാത്രമായി.

പകരക്കാരനായി ഇറങ്ങിയ ഒമര്‍ ഹ്രിബിനാണ് 76-ാം മിനിറ്റില്‍ സിറിയയുടെ വിജയഗോള്‍ നേടിയത്. പരിക്കേറ്റ ഡിഫന്‍ഡര്‍ സന്ദേശ് ജിംഗന്‍ രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ മടങ്ങിയതും ഇന്ത്യയ്ക്ക് തിരിച്ചടിയായി.

കളിയുടെ തുടക്കം മുതല്‍ തന്നെ സിറിയന്‍ ഗോള്‍മുഖം ആക്രമിച്ച ഇന്ത്യ നയം വ്യക്തമാക്കിയിരുന്നു. നാലാം മിനിറ്റില്‍ തന്നെ മഹേഷിന്റെ ഷോട്ട് സിറിയന്‍ ഗോള്‍കീപ്പര്‍ രക്ഷപ്പെടുത്തുകയായിരുന്നു. പിന്നാലെ 25-ാം മിനിറ്റില്‍ മഹേഷിന്റെ പാസില്‍ നിന്ന് ലഭിച്ച സുവര്‍ണാവസരം സുനില്‍ ഛേത്രിയും നഷ്ടപ്പെടുത്തി. 53-ാം മിനിറ്റില്‍ ലഭിച്ച അവസരം ചാങ്‌തെയ്ക്കും മുതലാക്കാനായില്ല.

ഗ്രൂപ്പ് ബിയില്‍ നിന്ന് ഏഴ് പോയന്റുമായി ഓസ്‌ട്രേലിയയും അഞ്ച് പോയന്റുമായി ഉസ്‌ബെക്കിസ്താനും പ്രീക്വാര്‍ട്ടറിലെത്തി. മൂന്ന് കളികളില്‍ നിന്ന് നാല് പോയന്റുള്ള സിറിയക്കും നോക്കൗട്ട് സാധ്യതയുണ്ട്. ആറ് ഗ്രൂപ്പുകളിലെയും മികച്ച നാല് മൂന്നാം സ്ഥാനക്കാര്‍ക്കും ഗ്രൂപ്പുകളിലെ ആദ്യ രണ്ട് സ്ഥാനക്കാര്‍ക്കൊപ്പം നോക്കൗട്ട് റൗണ്ടിലേക്ക് പ്രവേശനമുണ്ട്.

Top