ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്‌സില്‍ ഇന്ത്യയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടം

റാഞ്ചി: ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്‌സില്‍ ഇന്ത്യയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടം. രണ്ടാം ദിനം ആദ്യ സെഷന്‍ പൂര്‍ത്തിയാകുമ്പോള്‍ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തില്‍ 34 റണ്‍സെടുത്തിട്ടുണ്ട്. രണ്ട് റണ്‍സെടുത്ത ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയുടെ വിക്കറ്റ് ഇന്ത്യയ്ക്ക് നഷ്ടമായി. 27 റണ്‍സുമായി ജയ്‌സ്വാളും നാല് റണ്‍സുമായി ശുഭ്മാന്‍ ഗില്ലുമാണ് ക്രീസില്‍.

ജെയിംസ് ആന്‍ഡേഴ്‌സണെയും റണ്‍സ് എടുക്കും മുമ്പ് പുറത്താക്കി ജഡേജ ഇംഗ്ലീഷ് ഇന്നിംഗ്‌സ് അവസാനിപ്പിച്ചു. ജോ റൂട്ട് 122 റണ്‍സുമായി പുറത്താകാതെ നിന്നു. ഇന്ത്യന്‍ നിരയില്‍ രവീന്ദ്ര ജഡേജ നാല് വിക്കറ്റ് വീഴ്ത്തി.

ഏഴിന് 302 എന്ന സ്‌കോറില്‍ നിന്നാണ് ഇംഗ്ലണ്ട് രണ്ടാം ദിനം ബാറ്റിംഗ് പുഃനരാരംഭിച്ചത്. റൂട്ടും റോബിന്‍സണും ചേര്‍ന്ന എട്ടാം വിക്കറ്റ് കൂട്ടുകെട്ടില്‍ 102 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 58 റണ്‍സെടുത്ത് അര്‍ദ്ധ സെഞ്ച്വറി പിന്നിട്ട റോബിന്‍സണെ പുറത്താക്കി രവീന്ദ്ര ജഡേജ ഇന്ത്യയ്ക്ക് ബ്രേക്ക് ത്രൂ നല്‍കി. പിന്നാലെ റണ്‍സെടുക്കും മുമ്പ് ഷുഹൈബ് ബഷീറിനെയും ജഡേജ പുറത്താക്കി.

Top