ഇംഗ്ലണ്ടിനെതിരായ വനിതാ ട്വന്റി20 പരമ്പരയിലെ ആദ്യമത്സരത്തില്‍ ഇന്ത്യയ്ക്ക് തോല്‍വി

മുംബൈ: ഇംഗ്ലണ്ടിനെതിരായ വനിതാ ട്വന്റി20 പരമ്പരയിലെ ആദ്യമത്സരത്തില്‍ ഇന്ത്യയ്ക്ക് തോല്‍വി. 38 റണ്‍സിനാണ് സന്ദര്‍ശകരോട് ഇന്ത്യ തോല്‍വി വഴങ്ങിയത്. സ്‌കോര്‍: ഇംഗ്ലണ്ട് – 20 ഓവറില്‍ ആറിന് 197. ഇന്ത്യ – 20 ഓവറില്‍ ആറിന് 159.

നേരത്തെ ആദ്യം ബാറ്റുചെയ്ത ഇംഗ്ലണ്ട് ഓപ്പണര്‍ ഡാനി വ്യാറ്റും (47 പന്തില്‍ 75) നാറ്റ് സിവര്‍ ബ്രണ്ടും (53 പന്തില്‍ 77) നേടിയ അര്‍ധസെഞ്ചുറികളുടെ പിന്‍ബലത്തിലാണ് കൂറ്റന്‍ സ്‌കോറിലെത്തിയത്. ആമി ജോണ്‍സ് ഒമ്പത് പന്തില്‍ 23 റണ്‍സ് നേടി. ഇന്ത്യക്കായി രേണുക സിങ് മൂന്ന് വിക്കറ്റും ശ്രേയങ്ക പാട്ടീല്‍ രണ്ട് വിക്കറ്റും വീഴ്ത്തി.

ടോസ് നഷ്ടപ്പെട്ട് ആദ്യംബാറ്റ് ചെയ്ത ഇംഗ്ലണ്ട് ഉയര്‍ത്തിയ 198 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ഇന്ത്യക്കായി ഓപ്പണര്‍ ഷെഫാലി വര്‍മ (42 പന്തില്‍ 52) അര്‍ധസെഞ്ചുറിയോടെ പൊരുതിയെങ്കിലും പിന്നാലെയത്തിയ മറ്റാര്‍ക്കും മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിച്ചില്ല. ഹര്‍മന്‍പ്രീത് (26), റിച്ചാഘോഷ് (21) എന്നിവര്‍ പിടിച്ചുനില്‍ക്കാന്‍ ശ്രമിച്ചു. സ്മൃതി മന്ഥാന (ആറ്). ജമീമ റോഡ്രിഗസ് (നാല്), കനിക അഹൂജ (15) എന്നിവര്‍ പെട്ടെന്ന് പുറത്തായത് ഇന്ത്യയ്ക്ക് തിരിച്ചടിയായി.

 

Top