ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ഏകദിനത്തിൽ ഇന്ത്യയ്ക്ക് തോൽവി

ലഖ്‌നൗ: ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ഏകദിനത്തിൽ ഇന്ത്യയ്ക്ക് തോൽവി. സഞ്ജു സാംസന്റെ തകർപ്പൻ ഇന്നിങ്‌സിനും ഇന്ത്യയെ രക്ഷിക്കാനായില്ല. ഒമ്പതു റൺസിനാണ് ഇന്ത്യയുടെ തോൽവി. ദക്ഷിണാഫ്രിക്ക മുന്നോട്ടുവെച്ച 250 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യയുടെ പോരാട്ടം 40 ഓവറിൽ എട്ടിന് 240 റൺസിൽ അവസാനിച്ചു.

63 പന്തിൽ നിന്ന് മൂന്ന് സിക്‌സും ഒമ്പത് ഫോറുമടക്കം 86 റൺസോടെ സഞ്ജു പുറത്താകാതെ നിന്നു. മോശം കാലാവസ്ഥ കാരണം മത്സരം 40 ഓവറാക്കി ചുരുക്കിയിരുന്നു.ആദ്യ മത്സരത്തിലെ ജയത്തോടെ മൂന്ന് മത്സര പരമ്പരയിൽ ദക്ഷിണാഫ്രിക്ക മുന്നിലെത്തി.

തബ്രിസ് ഷംസിയെറിഞ്ഞ അവസാന ഓവറിൽ ജയിക്കാൻ 30 റൺസ് വേണമെന്നിരിക്കെ സഞ്ജു 20 റൺസ് അടിച്ചെടുക്കാനേ സഞ്ജുവിന് സാധിച്ചുള്ളൂ. ഋതുരാജ് ​ഗെയ്ക്ക് വാദിന്റെ മെല്ലെപ്പോക്ക് ബാറ്റിങ്ങും, നിർണായക ഘട്ടത്തിൽ സഞ്ജുവിന് സ്‌ട്രൈക്ക് കൈമാറാതിരുന്ന ആവേശ് ഖാനും പരാജയത്തിൽ ഘടകമായി.

37 പന്തിൽ നിന്ന് 50 റൺസടിച്ച ശ്രേയസ് അയ്യരും ടീമിനായി മികച്ച പ്രകടനം പുറത്തെടുത്തു. 250 റൺസ് വിജയലക്ഷ്യം തേടിയ ഇന്ത്യയുടെ തുടക്കം തന്നെ തകർച്ചയോടെയായിരുന്നു. മൂന്നാം ഓവറിൽ ശുഭ്മാൻ ഗിൽ (3) മടങ്ങി. പിന്നാലെ ശിഖർ ധവാനും (4) പുറത്തായി. പിന്നീട് ക്രീസിൽ ഒന്നിച്ച ഋതുരാജ് ഗെയ്ക്‌വാദിനും ഇഷാൻ കിഷനും റൺറേറ്റ് നിലനിർത്താനായില്ല. ഗെയ്ക്‌വാദ് 42 പന്തിൽ 19 റൺസാണെടുത്തത്. ഇഷാൻ കിഷൻ 37 പന്തിൽ നിന്ന് 20 റൺസെടുത്തു.

തുടർന്ന് ശ്രേയസ് അയ്യരും സഞ്ജുവും ചേർന്ന് 67 റൺസിന്റെ കൂട്ടുകെട്ട് പടുത്തുയർത്തി ഇന്ത്യയ്ക്ക് പ്രതീക്ഷ സമ്മാനിച്ചു. ശ്രേയസ് പുറത്തായതോടെ, തുടർന്നെത്തിയ ശർദൂലിനെ കൂട്ടുപിടിച്ച് സഞ്ജു ഇന്ത്യൻ ഇന്നിം​ഗ്സ് മുന്നോട്ടു കൊണ്ടുപോയി. 33 റൺസെടുത്ത ശർദൂലിനെ എൻ​ഗിഡി പുറത്താക്കിയതോടെ ഇന്ത്യ പ്രതിരോധത്തിലായി. തുടർന്നെത്തിയ കുൽദീപിനും ആവേശ് ഖാനും സഞ്ജുവിന് മികച്ച പിന്തുണ നൽകാനായില്ല.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റു ചെയ്ത ദക്ഷിണാഫ്രിക്ക നാലു വിക്കറ്റ് നഷ്ടത്തിൽ 249 റൺസെടുത്തു. അഞ്ചാം വിക്കറ്റിൽ 139 റൺസിന്റെ പിരിയാത്ത കൂട്ടുകെട്ട് പടുത്തുയർത്തിയ ഹെന്റിക് ക്ലാസനും ഡേവിഡ് മില്ലറും ചേർന്നാണ് ദക്ഷിണാഫ്രിക്കയ്ക്ക് മികച്ച സ്‌കോർ സമ്മാനിച്ചത്. ക്ലാസൻ 65 പന്തിൽ നിന്നും രണ്ട് സിക്സും ആറ് ഫോറുമടക്കം 74 റൺസോടെ പുറത്താകാതെ നിന്നു. മില്ലർ 63 പന്തിൽ നിന്ന് മൂന്ന് സിക്സും അഞ്ച് ഫോറുമടക്കം 75 റൺസെടുത്തു. ഓപ്പണർ ക്വിന്റൺ ഡിക്കോക്ക് 48 റൺസെടുത്ത് പുറത്തായി.

Top