രണ്ടാം ട്വന്റി20യിലും ഇന്ത്യക്ക് തോൽവി; വിൻഡീസ് വിജയം രണ്ട് വിക്കറ്റിന്

പ്രൊവിഡൻസ് : രണ്ടാം ട്വന്റി20യിൽ രണ്ട് വിക്കറ്റ് വിജയവുമായി ഇന്ത്യയെ തകർത്ത് വെസ്റ്റിൻഡീസ്. ഇന്ത്യ ഉയർത്തിയ 153 റൺസ് വിജയലക്ഷ്യം എട്ട് വിക്കറ്റ് നഷ്ടത്തിൽ ഏഴു പന്തുകൾ ബാക്കി നിൽക്കെ വിൻഡീസ് മറികടന്നു. മൂന്നാം ട്വന്റി20 ഓഗസ്റ്റ് എട്ടിന് പ്രൊവിഡൻസിൽ നടക്കും.

ആദ്യം ബാറ്റു ചെയ്ത ഇന്ത്യ 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 152 റൺസാണെടുത്തത്. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യയ്ക്കു മികച്ച തുടക്കമായിരുന്നില്ല ലഭിച്ചത്. മൂന്നാം ഓവറിൽ തന്നെ ശുഭ്മൻ ഗില്ലിനെ ഇന്ത്യയ്ക്കു നഷ്ടമായി. 9 പന്തുകൾ നേരിട്ട ഗിൽ ഏഴു റൺസുമായി മടങ്ങി. അൽസരി ജോസഫിന്റെ പന്തിൽ ഷിമ്രോൺ ഹെറ്റ്മിയർ ക്യാച്ചെടുത്താണു ഗില്ലിനെ പുറത്താക്കിയത്. സൂര്യകുമാർ യാദവ് വീണ്ടും നിരാശപ്പെടുത്തി. ഒരു റൺ മാത്രം നേടി സൂര്യ റണ്ണൗട്ടാകുകയായിരുന്നു. രണ്ടു വീതം സിക്‌സും ഫോറും പറത്തി 27 റൺസെടുത്ത ഇഷാൻ കിഷനും അധിക നേരം ക്രീസിൽ തുടരാൻ സാധിച്ചില്ല.

തിലക് വർമ അടിച്ചു തുടങ്ങിയതോടെ ഇന്ത്യൻ സ്‌കോർ ഉയർന്നു. കരിയറിലെ രണ്ടാം രാജ്യാന്തര മത്സരത്തിൽതന്നെ തിലക് വർമ അർധ സെഞ്ചറി തികച്ചു. 41 പന്തുകൾ നേരിട്ട തിലക് വർമ 51 റൺസെടുത്താണു പുറത്തായത്. സ്‌കോർ 76ൽ നിൽക്കെ ഇന്ത്യയ്ക്കു സഞ്ജു സാംസണെ നഷ്ടമായി. ഏഴു പന്തുകൾ നേരിട്ട സഞ്ജു ഏഴു റൺസുമായി മടങ്ങി. അകീൽ ഹുസെയ്‌ന്റെ പന്തിൽ ബൗണ്ടറിക്കു വേണ്ടി ക്രീസ് വിട്ടിറങ്ങിയ സഞ്ജുവിനെ വിൻഡീസ് കീപ്പർ നിക്കോളാസ് പുരാൻ സ്റ്റംപ് ചെയ്തു.

ഹാർദിക് പാണ്ഡ്യ 18 പന്തിൽ 24 ഉം അക്ഷർ പട്ടേൽ 12 പന്തിൽ 14 റൺസെടുത്തു പുറത്തായി. രവി ബിഷ്‌ണോയി (നാല് പന്തിൽ എട്ട്), അർഷ്ദീപ് സിങ് (മൂന്ന് പന്തിൽ ആറ്) എന്നിവർ ഇന്ത്യൻ നിരയിൽ പുറത്താകാതെ നിന്നു. വെസ്റ്റിൻഡീസിനായി അകീൽ ഹുസെയ്ൻ, അൽസരി ജോസഫ്, റൊമാരിയോ ഷെഫേർഡ് എന്നിവർ രണ്ടു വിക്കറ്റുകൾ വീതം വീഴ്ത്തി.

മറുപടി ബാറ്റിങ്ങിൽ വെസ്റ്റിൻഡീസിന്റെ തുടക്കം എളുപ്പമായിരുന്നില്ല. നേരിട്ട ആദ്യ പന്തിൽ അവർക്ക് ഓപ്പണർ ബ്രാണ്ടൻ കിങ്ങിനെ നഷ്ടമായി. ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ എറിഞ്ഞ പന്തിൽ സൂര്യകുമാർ യാദവ് ക്യാച്ചെടുത്താണു താരത്തെ പുറത്താക്കിയത്. നാലാം പന്തിൽ ജോൺസൺ ചാൾസിനെ തിലക് വർമയുടെ കൈകളിലെത്തിച്ച് പാണ്ഡ്യ വിൻഡീസിനെ പ്രതിരോധത്തിലാക്കി. എന്നാൽ നിക്കോളാസ് പുരാൻ ക്രീസിലെത്തിയതോടെ കളി മാറി. ആദ്യ 32 പന്തുകളിൽ (5.2 ഓവർ) വിൻഡീസ് 50 പിന്നിട്ടു.

29 പന്തുകൡനിന്ന് പുരാൻ അർധ സെഞ്ചറി നേടി. പുരാൻ നിലയുറപ്പിച്ചതോടെ വിൻഡീസ് നൂറും കടന്നു മുന്നേറി. 40 പന്തിൽ 67 റൺസെടുത്ത പുരാനെ സഞ്ജു സാംസൺ ക്യാച്ചെടുത്താണു പുറത്താക്കിയത്. മധ്യനിരയിൽ ക്യാപ്റ്റൻ റോവ്മൻ പവലും (19 പന്തിൽ 21), ഷിമ്രോൺ ഹെറ്റ്മിയറും (22 പന്തിൽ 22)വിൻഡീസിനായി തിളങ്ങി. എന്നാൽ റൊമാരിയോ ഷെഫേർഡും ജേസൺ ഹോൾഡറും പൂജ്യത്തിനു പുറത്തായതു തിരിച്ചടിയായി.

അവസാന രണ്ട് ഓവറിൽ വിൻഡീസിനു ജയിക്കാൻ വേണ്ടിയിരുന്നത് 12 റൺസായിരുന്നു. എന്നാൽ മുകേഷ് കുമാർ എറിഞ്ഞ 19-ാം ഓവറിൽ ഒരു ഫോറും ഒരു സിക്‌സും ഉൾപ്പെടെ 14 റൺസെടുത്ത് വിൻഡീസ് കളി അവസാനിപ്പിച്ചു. അകീൽ ഹുസെയ്‌നും (10 പന്തിൽ 16), അൽസാരി ജോസഫും (എട്ട് പന്തിൽ 10) പുറത്താകാതെനിന്നു. ജയത്തോടെ വെസ്റ്റിൻഡീസ് 2-0ന് മുന്നിലെത്തി.

Top