ഇന്ത്യയെ എറിഞ്ഞിട്ട് ഓസീസ് ബൗളര്‍മാര്‍; പെര്‍ത്തില്‍ ദയനീയ പരാജയം

പെര്‍ത്ത്: പെര്‍ത്തിലെ മണ്ണില്‍ അഞ്ചാം ദിനം മുട്ടുമടക്കി ഇന്ത്യ. പെര്‍ത്തിലെ തീപാറുന്ന പിച്ചില്‍ 146 റണ്‍സിന്റെ ആധികാരിക ജയമാണ് ഓസീസ് നേടിയത്. ആദ്യമൊക്കെ ശക്തമായി പൊരുതി എങ്കിലും ഓസ്ട്രേലിയയുടെ തകര്‍പ്പന്‍ ബൗളിങിനു മുന്നില്‍ ഇന്ത്യയുടെ ബാറ്റ്‌സ്മാന്‍മാര്‍ പതറുകയായിരുന്നു. ഇതോടെ നാലു ടെസ്റ്റുകളുടെ പരമ്പരയില്‍ ആതിഥേയര്‍ 1-1നു ഒപ്പമെത്തുകയും ചെയ്തു. ആദ്യ ടെസ്റ്റില്‍ ഇന്ത്യക്കായിരുന്നു ജയം.

287 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ 140ന് എല്ലാവരും പുറത്തായി. 30 റണ്‍സ് വീതമെടുത്ത അജിന്‍ക്യ രഹാനെ, ഋഷഭ് പന്ത് എന്നിവരാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. ഓസീസിന് വേണ്ടി നഥാന്‍ ലിയോണ്‍, മിച്ചല്‍ സ്റ്റാര്‍ക്ക് എന്നിവര്‍ മൂന്നും പാറ്റ് കമ്മിന്‍സ്, ജോഷ് ഹേസല്‍വുഡ് എന്നിവര്‍ രണ്ടും വിക്കറ്റ് വീഴ്ത്തി. 112ന് അഞ്ച് എന്ന നിലയിലാണ് ഇന്ത്യ അഞ്ചാം ദിനം ആരംഭിച്ചത്. ഹനുമ വിഹാരി (28), ഋഷഭ് പന്ത് (30), ഉമേഷ് യാദവ് (2), ഇശാന്ത് ശര്‍മ (0), ജസ്പ്രീത് ബുംറ (0) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് ഇന്ന് നഷ്ടമായത്.

കളിയില്‍ പതിനേഴ് റണ്‍സെടുത്ത് നില്‍ക്കുമ്പോഴാണ് നായകന്‍ കൊഹ്‌ലിയെ ഓസിസ് വീഴ്ത്തിയത്. കൊഹ്‌ലിക്ക് പിന്നാലെ 20 റണ്‍സെടുത്ത വിജയ്യെ ലിയോണ്‍ ബൗള്‍ഡാക്കി. വിഹാരിയെ കൂട്ടുപിടിച്ച് രഹാനെ ഇന്ത്യയെ കരകയറ്റുമെന്ന് തോന്നിച്ചെങ്കിലും അധികം ആയുസുണ്ടായില്ല. 47 പന്തില്‍ 30 റണ്‍സെടുത്ത രഹാനെയെ ഹേസല്‍വുഡ് ട്രോവിസ് ഹെഡിന്റെ കൈകളിലെത്തിച്ചു. എന്നാല്‍ അധികം വിക്കറ്റ് നാശമില്ലാതെ വിഹാരിയും പന്തും നാലാം ദിനം അവസാനിപ്പിക്കുകയായിരുന്നു.

രണ്ടാം സെഷനില്‍ ലഞ്ചിനുശേഷം ഇന്ത്യന്‍ പേസര്‍മാര്‍ വന്‍ തിരിച്ചുവരവ് നടത്തിയെങ്കിലും അത് ഫലംകണ്ടില്ല. 72 റണ്‍സ് നേടിയ ഉസ്മാന്‍ ഖവാജയമാണ് ഓസീസിന്റെ ടോപ് സ്‌കോറര്‍. ആറ് വിക്കറ്റ് വീഴ്ത്തിയ പേസര്‍ മുഹമ്മദ് ഷമിയും മൂന്ന് പേരെ പുറത്താക്കിയ ജസ്പ്രീത് ബൂംമ്രയുമാണ് ഇന്ത്യക്ക് ചെറിയ ആശ്വാസം. അര്‍ദ്ധ സെഞ്ചുറി പിന്നിട്ട ഉസ്മാന്‍ ഖവാജയും നായകന്‍ ടിം പെയ്‌നും ഓസ്‌ട്രേലിയയെ കൂറ്റന്‍ ലീഡിലേക്ക് നയിക്കുമെന്ന് തോന്നിച്ചു. എന്നാല്‍ ഷമി ആറ് റണ്‍സിനിടെ മൂന്ന് വിക്കറ്റ് വീഴ്ത്തി ഓസീസ് മോഹം കവരുകയായിരുന്നു. എങ്കിലും മികച്ച ലീഡ് സ്വന്തമാക്കാന്‍ ഓസീസിന് കഴിഞ്ഞു

Top