‘ഇംഗ്ലീഷ് പരീക്ഷയിൽ’ തോറ്റ് ടീം ഇന്ത്യ; ഇംഗ്ലണ്ടിന് 31 റൺസിന്റെ ജയം

എഡ്ജ്ബാസ്റ്റണ്‍: ലോകകപ്പില്‍ ഇന്ത്യക്ക് ആദ്യ തോല്‍വി. ഇംഗ്ലണ്ടിനെതിരെയാണ് ഇന്ത്യ തോല്‍വി നേരിട്ടത്. 31 റണ്‍സിനായിരുന്നു ഇന്ത്യയുടെ തോല്‍വി. 338 റണ്‍സ് പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യയ്ക്ക് നിശ്ചിത 50 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 306 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. ഇംഗ്ലണ്ട് പേസര്‍മാരുടെ ഉജ്ജ്വല പ്രകടനമാണ് അവര്‍ക്ക് ജയമൊരുക്കിയത്. 102 റണ്‍സെടുത്ത രോഹിത് ശര്‍മയാണ് ഇന്ത്യയുടെ ടോപ്പ് സ്‌കോറര്‍. 66 റണ്‍സെടുത്ത കോലി, 45 റണ്‍സെടുത്ത പാണ്ഡ്യ എന്നിവരും ഇന്ത്യക്കു വേണ്ടി തിളങ്ങി. ലിയാം പ്ലങ്കറ്റ് ഇംഗ്ലണ്ടിനു വേണ്ടി 3 വിക്കറ്റ് വീഴ്ത്തി.

ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് നിശ്ചിത 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 337 റണ്‍സെടുത്തു.ഓപ്പണര്‍മാര്‍ നല്‍കിയ മികച്ച തുടക്കം മുതലെടുത്താണ് ഇംഗ്ലണ്ട് മുന്നൂറിന് മേല്‍ സ്‌കോര്‍ ചെയ്തത്.ഇന്ത്യക്കായി മുഹമ്മദ് ഷമി അഞ്ച് വിക്കറ്റ് നേടി മികച്ച പ്രകടനം കാഴ്ചവെച്ചു.

ഓപ്പണര്‍മാരായ ജെയ്‌സണ്‍ റോയും (66) ജോണി ബെയര്‍‌സ്റ്റോയും (111) ചേര്‍ന്ന് തകര്‍പ്പന്‍ തുടക്കമാണ് ഇംഗ്ലണ്ടിന് നല്‍കിയത്. ഇന്ത്യന്‍ ബൗളര്‍മാരെ കണക്കിന് പ്രഹരിച്ച ഇരുവരും സ്‌കോര്‍ അതിവേഗം ഉയര്‍ത്തി. ഇരുവരുടെയും വിക്കറ്റ് വീണ ശേഷം റണ്ണൊഴുക്ക് ചെറുതായി നിലച്ചെങ്കിലും ബെന്‍ സ്റ്റോക്ക്‌സും (79) ജോ റൂട്ടും (44)ചേര്‍ന്ന് വീണ്ടും കളി വരുതിയിലാക്കി.

ആറു കളികളില്‍ അപരാജിതരായി മുന്നേറിസെമിയുടെ പടിവാതില്‍ക്കല്‍ എത്തിയ ഇന്ത്യ ചരിത്രത്തില്‍ ആദ്യമായി എവേ ജഴ്‌സിയിലാണ് ഇന്ന് കളത്തിലെത്തിയത്. ഇംഗ്ലണ്ടിന്റെ വിജയത്തോടെ പാക്കിസ്ഥാന്റെ സെമി സ്വപ്നം അവസാനിച്ചു.

Top