കലാശപ്പോരില്‍ ഇന്ത്യയ്ക്ക് വീണ്ടും തോൽവി; അണ്ടർ 19 ലോകകിരീടം ഓസ്ട്രേലിയക്ക്

റ്റൊരു ഏകദിന ലോകകപ്പ് ഫൈനല്‍, എതിരാളികള്‍ ഓസ്ട്രേലിയ, കളത്തില്‍ ഇന്ത്യയ്ക്ക് വീണ്ടും കണ്ണീർ! അണ്ടർ 19 ഏകദിന ലോകകപ്പില്‍ ഇന്ത്യയുടെ കുതിപ്പിന് അവസാനമിട്ട് കിരീടം സ്വന്തമാക്കി ഓസ്ട്രേലിയ. കലാശപ്പോരില്‍ 253 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 174ന് പുറത്തായി. ഇത് നാലാം തവണയാണ് അണ്ടർ 19 ലോകകപ്പ് കിരീടം ഓസ്ട്രേലിയ സ്വന്തമാക്കുന്നത്. നേരത്തെ 1988, 2002, 2010 വർഷങ്ങളിലായിരുന്നു നേട്ടം.

അണ്ടർ 19 ഏകദിന ലോകകപ്പ് ഫൈനല്‍ ചരിത്രത്തിലെ ഏറ്റവും ഉയർന്ന സ്കോർ പിന്തുടർന്ന ഇന്ത്യയ്ക്ക് വില്ലൊമൂർ പാർക്കില്‍ കാത്തിരുന്നതെല്ലാം അപ്രതീക്ഷിതമായിരുന്നു. ടൂർണമെന്റിലെ ഇന്ത്യയുടെ ബാറ്റിങ് ത്രയങ്ങളായിരുന്ന നായകന്‍ ഉദയ് സഹരാന്‍ (8), മുഷീർ ഖാന്‍ (22), സച്ചിന്‍ ധാസ് (9) എന്നിവർ നിർണായക മത്സരത്തില്‍ തലകുനിച്ച് മടങ്ങി. അല്‍പ്പമെങ്കിലും ചെറുത്തുനിന്നത് ഓപ്പണർ ആദർശ് സിങ് മാത്രം. 47 റണ്‍സാണ് താരം നേടിയത്.

ആദർശിനും മുഷീറിനും പുറമെ മുരുഗന്‍ അഭിഷേക് (42), നമന്‍ തീവാരി എന്നിവർ മാത്രമാണ് ഇന്ത്യന്‍ നിരയില്‍ രണ്ടക്കം കടന്നത്. വിക്കറ്റുകള്‍ പൊഴിയുമ്പോഴും കൂട്ടുകെട്ടുകള്‍ സൃഷ്ടിക്കാനൊ ഓസീസ് പേസ് നിരയെ അതിജീവിക്കാനൊ സാധിച്ചില്ല എന്നതാണ് കൗമാരപ്പടയ്ക്ക് തിരിച്ചടിയായത്. ഓസ്ട്രേലിയക്കായി റാഫ് മക്മില്ലനും മഹലി ബിയേഡ്മാനും മൂന്ന് വിക്കറ്റ് വീതം നേടി.

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഓസ്ട്രേലിയക്ക് മൂന്നാം ഓവറില്‍ തന്നെ ആദ്യ വിക്കറ്റ് നഷ്ടമായി. സാം കോണ്‍സ്റ്റാസിനെ (0) ബൗള്‍ഡാക്കിക്കൊണ്ട് രാജ് ലിംബാനിയാണ് ഓസീസിന് ആദ്യ പ്രഹരം നല്‍കിയത്. എന്നാല്‍ ഹാരി ഡിക്സണും ഹഗ് വെയ്‌ബ്ജെനും ചേർന്ന് രണ്ടാം വിക്കറ്റില്‍ ഇന്ത്യയ്ക്ക് വെല്ലുവിളി ഉയർത്തി. 78 റണ്‍സ് നീണ്ട കൂട്ടുകെട്ട് പൊളിക്കാന്‍ 21-ാം ഓവർ വരെ ഇന്ത്യയ്ക്ക് കാത്തിരിക്കേണ്ടി വന്നു.

ഹാരിയേയും (42). വെയ്ബ്ജെനനേയും (48) പുറത്താക്കുക മാത്രമല്ല ഇന്ത്യയെ കലാശപ്പോരില്‍ തിരിച്ചെത്തിക്കാനും നമന്‍ തിവാരിക്ക് സാധിച്ചു. ഹർജാസ് സിങ്ങിന്റെ അർധ സെഞ്ചുറി പ്രകടനമായിരുന്നു ഓസ്ട്രേലിയയെ മധ്യഓവറില്‍ തകർച്ചയില്‍ നിന്ന് കരകയറ്റിയത്. റയാന്‍ ഹിക്ക്സിനെ കൂട്ടുപിടിച്ച് 66 റണ്‍സാണ് നാലാം വിക്കറ്റില്‍ ചേർത്തത്. റയാനെ മടക്കി രാജ് ലിംബാനിയാണ് കൂട്ടുകെട്ട് പൊളിച്ചത്.

വൈകാതെ ഹർജാസും പുറത്തായി. 64 പന്തില്‍ മൂന്ന് വീതം ഫോറും സിക്സും ഉള്‍പ്പെടെ 55 റണ്‍സാണ് ഇടം കയ്യന്‍ ബാറ്റർ നേടിയത്. സൗമി പാണ്ഡെയുടെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങിയാണ് താരം മടങ്ങിയത്. പിന്നാലെയെത്തിയ റാഫ് മക്മില്ലന് ഇന്ത്യയ്ക്ക് വെല്ലുവിളി ഉയർത്താനായില്ല. മുഷീർ ഖാന് വിക്കറ്റ് സമ്മാനിച്ചാണ് റാഫ് (2) കൂടാരം കയറിയത്. ചാർളി ആന്‍ഡേഴ്സണും (13) ലിംബാനിയുടെ ബ്രില്യന്‍സിന് മുന്നില്‍ കീഴടങ്ങിയതോടെ മികച്ച സ്കോറെന്ന സ്വപ്നത്തിന് തിരിച്ചടിയായി.

വാലറ്റത്തെ കൂട്ടുപിടിച്ച് ചെറുത്തുനില്‍പ്പ് നടത്തിയ ഒലിവർ പീക്കാണ് ഓസ്ട്രേലിയയെ പൊരുതാവുന്ന സ്കോറിലേക്ക് എത്തിച്ചത്. 43 പന്തില്‍ 46 റണ്‍സെടുത്ത് താരം പുറത്താകാതെ നിന്നു. രണ്ട് ഫോറും ഒരു സിക്സുമാണ് ഇന്നിങ്സിലുള്‍പ്പെട്ടത്.

Top