പിങ്ക് പന്തിൽ ഇന്ത്യക്ക് ബാറ്റിംഗ് തകർച്ച; ബുംറയ്ക്ക് അര്‍ധ സെഞ്ചുറി

സിഡ്‌നി: ഇന്ത്യ-ഓസ്‌ട്രേലിയ ടെസ്റ്റ് പരമ്പര ഡിസംബർ 17 ന് ആരംഭിക്കുന്നത്തിനു മുന്നോടിയായി നടക്കുന്ന രണ്ടാം സന്നാഹ മത്സരത്തിൽ ഇന്ത്യക്ക് ബാറ്റിംഗ് തകർച്ച. ഒസീസ് എ ടീമിനെതിരായ രണ്ടാം പരിശീലന മത്സരത്തില്‍ ഒന്നാം ഇന്നിങ്‌സില്‍ 194 റണ്‍സിനാണു ഇന്ത്യ എ പുറത്തായത്. 57 പന്തില്‍ രണ്ടു സിക്‌സും ആറു ഫോറുമടക്കം 55 റണ്‍സെടുത്ത് പുറത്താകാതെ നിന്ന പേസര്‍ ജസ്പ്രീത് ബുംറയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. ഏതൊരു ഫോര്‍മാറ്റിലുമായി ബുംറ നേടുന്ന ആദ്യ അര്‍ധ സെഞ്ചുറിയാണിത്.

ബുംറയ്ക്ക് പുറമേ ഓപ്പണര്‍ പൃഥ്വി ഷാ, ശുഭ്മാന്‍ ഗില്‍, മുഹമ്മദ് സിറാജ് എന്നിവര്‍ മാത്രമാണ് ഇന്ത്യയ്ക്കായി ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്. 29 പന്തുകള്‍ നേരിട്ട പൃഥ്വി എട്ടു ഫോറുകളടക്കം 40 റണ്‍സെടുത്തപ്പോള്‍ ഗില്‍ 58 പന്തുകളില്‍ നിന്ന് ഒരു സിക്‌സും ആറു ഫോറുമടക്കം 43 റണ്‍സെടുത്തു. പത്താം വിക്കറ്റില്‍ ബുംറയ്‌ക്കൊപ്പം മികച്ച ബാറ്റിങ് പുറത്തെടുത്ത സിറാജ് 34 പന്തുകള്‍ നേരിട്ട് 22 റണ്‍സെടുത്താണ് പുറത്തായത്. 71 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയ ബുംറ – സിറാജ് സഖ്യമാണ് ഇന്ത്യന്‍ സ്‌കോര്‍ 150 കടത്തിയത്.

മായങ്ക് അഗര്‍വാള്‍ (2), ഹനുമ വിഹാരി (15), അജിങ്ക്യ രഹാനെ (4), ഋഷഭ് പന്ത് (5), വൃദ്ധിമാന്‍ സാഹ (0) എന്നിവർ വേഗം തന്നെ മടങ്ങുകയായിരുന്നു. ഓസ്‌ട്രേലിയ എയ്ക്കായി സീന്‍ അബ്ബോട്ടും ജാക്ക് വൈല്‍ഡര്‍മത്തും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. അഡ്‌ലൈഡിലെ ആദ്യ ടെസ്റ്റിന്റെ ഒരുക്കമെന്ന നിലയിൽ സന്നാഹ മത്സരം പകലും രാത്രിയുമായി പിങ്ക് പന്തിലാണ് നടക്കുന്നത് .ആദ്യ ദിനം ഒന്നാം സെഷനിൽ 6 വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ 111 റൺസാണ് നേടിയത്.

Top