രഹാനെയേയും ജയ്മിസൻ വീഴ്ത്തി, ഇന്ത്യയ്ക്ക് നാലു വിക്കറ്റ് നഷ്ടമായി

കാൻപുർ: ന്യൂസീലൻഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യയ്ക്ക് നാലു വിക്കറ്റ് നഷ്ടമായി. ഓപ്പണർമാരായ മയാങ്ക് അഗർവാൾ (13), ശുഭ്മൻ ഗിൽ (52), ചേതേശ്വർ പൂജാര (26), ക്യാപ്റ്റൻ അജിൻക്യ രഹാനെ (35) എന്നിവരാണ് പുറത്തായത്. ആദ്യ ദിനം ചായയ്ക്കു പിരിയുമ്പോൾ 56 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 154 റൺസെന്ന നിലയിലാണ് ഇന്ത്യ. അരങ്ങേറ്റ ടെസ്റ്റ് കളിക്കുന്ന ശ്രേയസ് അയ്യർ (17), രവീന്ദ്ര ജഡേജ (6) എന്നിവർ ക്രീസിൽ. 93 പന്തുകൾ നേരിട്ടാണ് ശുഭ്മൻ ഗിൽ 52 റൺസെടുത്തത്. ഗില്ലിന്റെ നാലാം ടെസ്റ്റ് അർധസെഞ്ചുറിയാണിത്. ന്യൂസീലൻഡിനായി കൈൽ ജയ്മിസൻ മൂന്നും ടിം സൗത്തി ഒരു വിക്കറ്റും വീഴ്ത്തി.

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യയ്ക്ക് ഓപ്പണർമാരായ മയാങ്ക് അഗർവാൾ – ശുഭ്മൻ ഗിൽ സഖ്യം ഭേദപ്പെട്ട തുടക്കമാണ് സമ്മാനിച്ചത്. ടിം സൗത്തി – കൈൽ ജയ്മിസൻ സഖ്യത്തെ ശ്രദ്ധയോടെ നേരിട്ടു തുടങ്ങിയെങ്കിലും, അധികം വൈകാതെ മയാങ്കിനെ ജയ്മിസൻ പുറത്താക്കി. 28 പന്തിൽ രണ്ടു ഫോറുകളോെ 13 റൺസെടുത്ത മയാങ്കിനെ ടോം ബ്ലണ്ടൽ പിടികൂടി.

രണ്ടാം വിക്കറ്റിൽ ചേതേശ്വർ പൂജാരയ്ക്കൊപ്പം അർധസെഞ്ചുറി കൂട്ടുകെട്ട് തീർത്ത് ശുഭ്മൻ ഗിൽ ഇന്ത്യയെ മുന്നോട്ടുനയിച്ചു. ഉച്ചഭക്ഷണത്തിനു പിരിയുമ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 82 റൺസെന്ന നിലയിലായിരുന്നു ഇന്ത്യ. എന്നാൽ, ഉച്ചഭക്ഷണത്തിനുശേഷമുള്ള ആദ്യ ഓവറിൽ ഗില്ലിനെയും ജയ്മിസൻ പുറത്താക്കി. 93 പന്തുകൾ ‍നേരിട്ട് 52 റൺസെടുത്ത ഗിൽ ക്ലീൻ ബൗൾഡായി. രണ്ടാം വിക്കറ്റിൽ ഇരുവരും ചേർന്ന് നേടിയത് 61 റൺസ്.

മൂന്നാം വിക്കറ്റിൽ ചേതേശ്വർ പൂജാര – അ‍ജിൻക്യ രഹാനെ സഖ്യം ശ്രദ്ധയോടെ തുടങ്ങിയെങ്കിലും 38–ാം ഓവറിൽ ടിം സൗത്തി പൂജാരയുടെ പ്രതിരോധം തകർത്തു. 88 പന്തിൽ രണ്ടു ഫോറുകളോടെ 26 റൺസെടുത്ത പൂജാരയെയും ടോം ബ്ലണ്ടൽ പിടികൂടി. സ്കോർ 145ൽ നിൽക്കെ ക്യാപ്റ്റൻ അജിൻക്യ രഹാനെയേയും ജയ്മിസൻ പുറത്താക്കി. 63 പന്തിൽ ആറു ഫോറുകളോടെ 35 റൺസെടുത്ത രഹാനെ ക്ലീൻ ബൗൾഡായി.

 

Top