ഹോക്കി വേള്‍ഡ് ലീഗ് സെമി ഫൈനല്‍, ഇന്ത്യക്ക് നെതര്‍ലന്‍ഡ്‌സിനെതിരെ പരാജയം

ന്യൂഡല്‍ഹി: ഹോക്കി വേള്‍ഡ് ലീഗ് സെമി ഫൈനലില്‍ ഇന്ത്യക്ക് നെതര്‍ലന്‍ഡ്‌സിനെതിരെ പരാജയം.

ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്കാണ് പരാജയപ്പെട്ടത്. വേള്‍ഡ് ലീഗ് സെമി ഫൈനലില്‍ ഇന്ത്യയുടെ ആദ്യ തോല്‍വിയാണിത്. ആദ്യ രണ്ട് ക്വാര്‍ട്ടറുകളിലായിരുന്നു നാലു ഗോളും പിറന്നത്.

രണ്ടാം മിനിറ്റില്‍ തന്നെ നെതര്‍ലന്‍ഡ്‌സ് സ്‌കോറിംഗ് ആരംഭിച്ചു. തിയറി ബ്രിംഗ്മാന്‍ ആണ് ഗോളടിയുടെ ഉദ്ഘാടനം നിര്‍വഹിച്ചത്. 12 ാം മിനിറ്റില്‍ സാന്ദെര്‍ ബാര്‍തും 24 ാം മിനിറ്റില്‍ പ്രുയിജസറും നെതര്‍ലന്‍ഡ്‌സിന്റെ ഗോള്‍ പട്ടിക പൂര്‍ത്തീകരിച്ചു. ഇന്ത്യക്കായി ആകാശ്ദീപ് സിംഗ് ആശ്വാസഗോള്‍ നേടി.

പൂള്‍ ബിയില്‍ നെതര്‍ലന്‍ഡ്‌സ് നാലു മത്സരവും ജയിച്ച് ഗ്രൂപ്പില്‍ ഒന്നാമതായപ്പോള്‍ ഇന്ത്യ രണ്ടാം സ്ഥാനത്ത് എത്തി. വ്യാഴാഴ്ച ക്വാര്‍ട്ടറില്‍ മലേഷ്യയെ ഇന്ത്യ നേരിടും. നെതര്‍ലന്‍ഡ്‌സ് വ്യാഴാഴ്ച പൂള്‍ എയിലെ നാലാം സ്ഥാനക്കാരെ നേരിടും.

Top