പൂജാരയുടെ സെഞ്ച്വറിയില്‍ ഇന്ത്യ മിന്നി; ഇംഗ്ലണ്ടിനെതിരെ 27 റണ്‍സ് ലീഡ്

സതാംപ്ടണ്‍: ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്‌സില്‍ ഇന്ത്യയ്ക്ക് 27 റണ്‍സ് ലീഡ്. ഇംഗ്ലണ്ട് ഉയര്‍ത്തിയ 246 റണ്‍സ് സ്‌കോര്‍ പിന്തുടര്‍ന്ന ഇന്ത്യ 273-ന് എല്ലാവരും പുറത്തായി.

ചേതേശ്വര്‍ പുജാരയാണ് ഇന്ത്യന്‍ സ്‌കോറിന്റെ കയ്യാള്‍. 132 റണ്‍സുമായി പുജാര പുറത്താകാതെനിന്നു.

ഇംഗ്ലണ്ടിനായി മോയിന്‍ അലി 63 റണ്‍സ് വഴങ്ങി അഞ്ചു വിക്കറ്റ് നേടി.

വിക്കറ്റ് നഷ്ടമാകാതെ 19 റണ്‍സ് എന്ന നിലയില്‍ രണ്ടാം ദിവസം ബാറ്റിംഗ് ആരംഭിച്ച ഇന്ത്യയ്ക്ക്, ഈ സ്‌കോറിനോട് 18 റണ്‍സ് കൂടി കൂട്ടിച്ചേര്‍ത്തപ്പോള്‍ കെ.എല്‍. രാഹുലിനെ (19) നഷ്ടപ്പെട്ടു. പുജാരയ്‌ക്കൊപ്പം ശിഖര്‍ ധവാന്‍ ക്ഷമയോടെ ബാറ്റ് വീശിയെങ്കിലും ഈ കൂട്ടുകെട്ടിന് അധികം ആയുസില്ലായിരുന്നു. ധവാനെ (23) ബ്രോഡ് ജോസ് ബട്‌ലറുടെ കൈകളിലെത്തിച്ചു. ഇതോടെ ഇന്ത്യയുടെ നായകന്‍ കളത്തിലെത്തി.

22-ാം ഓവറിന്റെ അഞ്ചാം പന്തില്‍ ജയിംസ് ആന്‍ഡേഴ്‌സണെ ഫോറിലേക്ക് പായിച്ച് കൊഹ്‌ലി ടെസ്റ്റില്‍ 6000 റണ്‍സ് തികച്ചു.

ഉച്ചഭക്ഷണത്തിനു പിരിഞ്ഞപ്പോള്‍ ഇന്ത്യ രണ്ടു വിക്കറ്റിന് 100 റണ്‍സ് എന്ന നിലയിലായിരുന്നു. ഉച്ചഭക്ഷണത്തിനുശേഷം കൊഹ്‌ലി(46)യെ വീഴ്ത്തി സാം കരന്‍ നിര്‍ണായമായ 92 റണ്‍സ് സഖ്യം തകര്‍ത്തു.

നന്നായി തുടങ്ങിയ രഹാനെ(11)യ്ക്ക്് അധികം പിടിച്ചുനില്‍ക്കാനായില്ല. രഹാനെയെ ബെന്‍ സ്റ്റോക്‌സ് വിക്കറ്റിനു മുന്നില്‍ കുരുക്കി.

ഋഷഭ് പന്ത് 29 പന്ത് നേരിട്ട് റണ്ണൊന്നുമെടുക്കാതെ മടങ്ങി. നേരിട്ട രണ്ടാം പന്തില്‍ തന്നെ ഫോര്‍ നേടിയ ഹര്‍ദിക് പാണ്ഡ്യക്ക് ഈ സ്‌കോറിനപ്പുറം പോകാനായില്ല. പാണ്ഡ്യയെ അലി ജോ റൂട്ടിന്റെ കൈകളിലെത്തിച്ചു. അശ്വിനും മുഹമ്മദ് ഷാമിയും വന്നപോലെ മടങ്ങിയതോടെ ഇന്ത്യ 195/8 എന്ന നിലയിലേക്കു തകര്‍ന്നു.

ഒമ്പതാം വിക്കറ്റില്‍ ഇഷാന്ത് ശര്‍മ (14) യ്‌ക്കൊപ്പം 32 റണ്‍സിന്റെയും അവസാന വിക്കറ്റില്‍ ജസ്പ്രീത് ബുംറ (6) യ്‌ക്കൊപ്പം 46 റണ്‍സിന്റെയും കൂട്ടുകെട്ട് പുജാര സൃഷ്ടിച്ചു.

Top