പാക് ഭീകരതയ്‌ക്കെതിരെ ഒരുമിച്ച് പോരാടും; പതിനഞ്ച് കരാറുകളില്‍ ഒപ്പുവെച്ച് ഇന്ത്യയും ജപ്പാനും

ന്യൂഡല്‍ഹി : നയതന്ത്ര-സാമ്പത്തിക ബന്ധങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായുള്ള പതിനഞ്ച് കരാറുകളില്‍ ഇന്ത്യയും ജപ്പാനും ഒപ്പുവെച്ചു.

ഇന്ത്യ-ജപ്പാന്‍ വാര്‍ഷിക ഉച്ചകോടിയുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയും നടത്തിയ ഉഭയകക്ഷി ചര്‍ച്ചയിലാണ് ഈ നിര്‍ണായക തീരുമാനം.

പാക്കിസ്ഥാന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലഷ്‌കര്‍ ഇ തോയ്ബ , ജെയ്ഷ് ഇ മൊഹമ്മദ് ഭീകര സംഘടനകള്‍ക്കെതിരെ ഇന്ത്യയും ജപ്പാനും സംയുക്ത പ്രമേയവും പാസാക്കി.

ഭീകരതയോട് യാതൊരു വിട്ടുവീഴ്ചയ്ക്കുമില്ലെന്ന് ഇരു രാജ്യങ്ങളും പ്രഖ്യാപിച്ചു .

ഭീകരരെ സംരക്ഷിക്കുന്ന നിലപാട് പാക്കിസ്ഥാന്‍ അവസാനിപ്പിക്കണമെന്ന് പ്രമേയം വിമര്‍ശിക്കുന്നു. 2008 ലെ മുംബൈ ഭീകരാക്രമണത്തിനും 2016 ലെ പഠാന്‍കോട്ട് ഭീകരാക്രമണത്തിനും പിന്നില്‍ പ്രവര്‍ത്തിച്ച ഭീകരരേയും ബുദ്ധികേന്ദ്രങ്ങളേയും നിയമത്തിനു മുന്നില്‍ കൊണ്ട് വരാന്‍ പാകിസ്ഥാന്‍ തയ്യാറാകണം. അവരെ മാതൃകാപരമായി ശിക്ഷിക്കണം.

ഭീകരാക്രമണങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച് ജെയ്‌ഷെ മുഹമ്മദ് തലവന്‍ മൗലാനാ മസൂദ് അസര്‍, ജമാ അത്ത് ഉദ്ദവ തലവന്‍ ഹാഫിസ് സയിദ്, ലഷ്‌കറെ ത്വയിബ നേതാവ് സക്കീ ഉര്‍ റഹ്മാന്‍ ലാഖ്വി എന്നിവരെ ലക്ഷിമിട്ടാണ് ഇന്ത്യയുടെ നീക്കം. കൂടാതെ ഭീകര സംഘടനകളായ അല്‍ഖ്വായ്ദ, ഐഎസ്, ജെയ്‌ഷെ മൊഹമ്മദ്, ലഷകറെ ത്വയിബ എന്നിവരും അവരുമായി ബന്ധപ്പെട്ട ഭീകര സംഘങ്ങളുമുയര്‍ത്തുന്ന ഭീഷണികള്‍ നേരിടുന്നതിനു വേണ്ടി ഇന്ത്യയും ജപ്പാനും തുടര്‍ന്നും യോഗം സംഘടിപ്പിക്കാന്‍ തീരുമാനിച്ചു.

ഇന്ത്യ-ജപ്പാന്‍-യുഎസ് സംയുക്ത നാവികാഭ്യാസമായ മലബാര്‍ വന്‍ വിജയമാണെന്നും സൈന്യത്തിന് മുതല്‍ക്കൂട്ടായെന്നും ഇരു പ്രധാനമന്ത്രിമാരും പറഞ്ഞു.

Top