ഇന്ത്യയില്‍ 437 കോടി രൂപയുടെ നിക്ഷേപം നടത്തുമെന്ന് ഇസ്രായേല്‍

ജറൂസലം: നാല് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയില്‍ 437 കോടി രൂപയുടെ നിക്ഷേപം നടത്തുമെന്ന് ഇസ്രായേല്‍.ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഇന്ത്യ സന്ദര്‍ശനവുമായി ബന്ധപ്പെട്ടാണ് പ്രഖ്യാപനം. സാങ്കേതികവിദ്യ, കൃഷി, വിനോദസഞ്ചാരം തുടങ്ങിയ മേഖലകളില്‍ സഹകരണം ശക്തമാക്കാനാണ് നാലുവര്‍ഷം കൊണ്ട് ഇത്രയും തുക നിക്ഷേപിക്കുന്നതെന്ന് ഇസ്രായേല്‍ വിദേശകാര്യവക്താവ് അറിയിച്ചു.

വ്യവസായ-സാങ്കേതിക നവീകരണത്തിന് ഇരുരാജ്യങ്ങളും തമ്മിലുള്ള 250 കോടി രൂപയുടെ ഫണ്ടിനു പുറമെയാണ് പുതിയ നിക്ഷേപമെന്ന് ഇസ്രായേല്‍ വിദേശകാര്യമന്ത്രാലയ ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ ഗിലാഡ് കോഹന്‍ പറഞ്ഞു.

നാലുദിവസത്തെ സന്ദര്‍ശനത്തിനായി ജനുവരി 14നാണ് നെതന്യാഹു ഇന്ത്യയില്‍ എത്തുന്നത്. 102 കമ്പനികളില്‍നിന്ന് 130 വ്യവസായികളും അദ്ദേഹത്തോടൊപ്പമുണ്ടാകും.

2003ല്‍ പ്രധാനമന്ത്രിയായിരുന്ന ഏരിയല്‍ ഷാരോണിന്റെ സന്ദര്‍ശനത്തിന് 15 വര്‍ഷത്തിനു ശേഷമാണ് മറ്റൊരു ഇസ്രായേല്‍ പ്രധാനമന്ത്രി ഇന്ത്യയിലെത്തുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ആറുമാസം മുമ്പ് ഇസ്രായേല്‍ സന്ദര്‍ശിച്ചിരുന്നു.

Top