ഇന്ത്യ ബലാത്സംഗം ചെയ്യുന്നവരുടെ ഭൂമി; മദ്രാസ് ഹൈക്കോടതി

madras-highcourt

ചെന്നൈ: രാജ്യത്ത് സ്ത്രീകള്‍ക്കെതിരായി നടക്കുന്ന അതിക്രമങ്ങളില്‍ വിമര്‍ശനം ഉന്നയിച്ച് മദ്രാസ് ഹൈക്കോടതി. ഓരോ പതിനഞ്ച് മിനിറ്റിലും ഒരു സ്ത്രീ ബലാത്സംഗം ചെയ്യപ്പെടുന്നതായി കോടതി ചൂണ്ടിക്കാട്ടി. ഇന്ത്യ ബലാത്സംഗം ചെയ്യുന്നവരുടെ ഭൂമിയായി മാറിയിരിക്കുന്നെന്നും ജസ്റ്റിസ് എന്‍. കൃപാകരന്‍ വിമര്‍ശിച്ചു.

തിരുപ്പൂരില്‍ കൂട്ടബലാത്സംഗത്തിനിരയായ പെണ്‍കുട്ടിക്ക് നീതി തേടി സമര്‍പ്പിക്കപ്പെട്ട ഹര്‍ജി പരിഗണിക്കെയാണ് രാജ്യത്ത് സ്ത്രീകള്‍ക്കെതിരായി നടക്കുന്ന അതിക്രമങ്ങളില്‍ മദ്രാസ് ഹൈക്കോടതി രൂക്ഷമായി പ്രതികരിച്ചത്. രാജ്യത്ത് സ്ത്രീകള്‍ക്ക് സുരക്ഷയില്ല. ഈ സ്ഥിതി ദൗര്‍ഭാഗ്യകരമാണ്. ആധ്യാത്മിക ഭൂമിയായ ഇന്ത്യ ബലാത്സംഗങ്ങളുടെ ഭൂമിയായി മാറിയിരിക്കുന്നെന്നും ജസ്റ്റിസ് ചൂണ്ടിക്കാട്ടി.

മുതിര്‍ന്ന അഭിഭാഷകന്‍ എ.പി. സൂര്യപ്രകാശമാണ് തിരുപ്പൂര്‍ പെണ്‍കുട്ടിയുടെ നീതിയ്ക്കായി കോടതിയെ സമീപിച്ചത്. ആസ്സാം സ്വദേശിയായ 22-കാരിയെ അഞ്ച് പേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്ത കേസില്‍ പെണ്‍കുട്ടിയുടെ സുരക്ഷയും കേസിന്റെ മെല്ലെപ്പോക്കും ചൂണ്ടിക്കാട്ടിയായിരുന്നു ഹര്‍ജി.

പെണ്‍കുട്ടിക്ക് സൗജന്യ ചികിത്സയും താമസവും ഭക്ഷണവും നല്‍കണമെന്നും കേസിന്റെ മേല്‍നോട്ട ചുമതല കോയമ്പത്തൂര്‍ ഡി.ഐ.ജി. ഏറ്റെടുക്കണമെന്നും കോടതി നിര്‍ദേശിച്ചു.

Top