india is sixth largest economy in the world

ന്യൂഡല്‍ഹി: ഇന്ത്യ ബ്രിട്ടനെ മറികടന്ന് ലോകത്തെ ആറാമത്തെ വലിയ സമ്പദ്‌വ്യവസ്ഥ ആയതായി റിപ്പോര്‍ട്ട്. ഫോറിന്‍ പോളിസി വെബ്‌സൈറ്റാണ് ഇക്കാര്യം പുറത്തുവിട്ടിരിക്കുന്നത്.

ബ്രെക്‌സിറ്റ് അനുബന്ധ സാമ്പത്തിക നടപടികള്‍ ബ്രിട്ടന്റെ സമ്പദ്‌വ്യവസ്ഥയിലുണ്ടാക്കിയ ക്ഷീണവും ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ ഇക്കാലയളവില്‍ കൈവരിച്ച വളര്‍ച്ചയുമാണ്‌ ഈ നേട്ടത്തിനു കാരണം.

നിലവില്‍ യുഎസ്, ചൈന, ജപ്പാന്‍, ജര്‍മനി, ഫ്രാന്‍സ് എന്നീ രാജ്യങ്ങള്‍ക്കു പിന്നിലായാണ് ആറാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയെന്ന നേട്ടം ഇന്ത്യ സ്വന്തമാക്കിയിരിക്കുന്നത്.

കഴിഞ്ഞ 25 വര്‍ഷത്തിനിടെ സാമ്പത്തിക വളര്‍ച്ചയുടെ കാര്യത്തില്‍ ഇന്ത്യ വന്‍ കുതിപ്പാണു കൈവരിച്ചിരിക്കുന്നതെന്നു റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. മാത്രമല്ല, യൂറോപ്യന്‍ യൂണിയനില്‍നിന്നു പുറത്തുപോകാനുള്ള ബ്രിട്ടന്റെ തീരുമാനം അവരുടെ സമ്പദ്‌വ്യവസ്ഥയിലുണ്ടാക്കിയ ക്ഷീണവും ബ്രിട്ടനെ പിന്തള്ളാന്‍ ഇന്ത്യയ്ക്കു സഹായകരമായെന്നു റിപ്പോര്‍ട്ടിലുണ്ട്.

കുറഞ്ഞത് 2020 വരെയെങ്കിലും സാമ്പത്തിക വളര്‍ച്ചയില്‍ ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ നിലനില്‍ക്കുന്ന അന്തരം തുടരുമെന്നാണു റിപ്പോര്‍ട്ട്. ഇക്കാലയളവില്‍ ഇന്ത്യ ഏകദേശം ആറു മുതല്‍ എട്ടു ശതമാനം വരെ വളര്‍ച്ചാനിരക്കു നിലനിര്‍ത്തുമ്പോള്‍ ബ്രിട്ടന്റെ വളര്‍ച്ചാനിരക്ക് ഒന്നു മുതല്‍ രണ്ടു ശതമാനം മാത്രമായിരിക്കുമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

2020ഓടെ ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ അഞ്ചാമത്തെ സാമ്പത്തിക ശക്തിയായി മാറുമെന്ന് ഈ രംഗത്തെ പ്രമുഖരായ സെന്റര്‍ ഫോര്‍ ഇക്കണോമിക്‌സ് ആന്‍ഡ് ബിസിനസ് റിസേര്‍ച്ച് (സിഇബിആര്‍) 2011ല്‍ പ്രവചിച്ചിരുന്നു.

ഈ നേട്ടം കൈവരിക്കാനുള്ള കുതിപ്പിലാണ് ഇന്ത്യ എന്നു വ്യക്തമാക്കുന്നതാണു ഫോബ്‌സ് മാസിക പ്രസിദ്ധീകരിച്ചിരിക്കുന്ന റിപ്പോര്‍ട്ട്.

ഈ വര്‍ഷം ഫെബ്രുവരിയില്‍ ഇന്ത്യ ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ്‌വ്യവസ്ഥയെന്ന നേട്ടം കൈവരിച്ചിരുന്നു. അയല്‍രാജ്യമായ ചൈനയെ പിന്തള്ളിയാണ് ഇന്ത്യ ഈ നേട്ടം കൈവരിച്ചത്.

സാമ്പത്തിക വളര്‍ച്ചയുടെ കാര്യത്തില്‍ അടുത്തകാലത്തൊന്നും മറ്റു രാജ്യങ്ങള്‍ക്ക് ഇന്ത്യയെ പിന്തള്ളാനാകില്ലെന്നും 2017ല്‍ ഇന്ത്യ 7.6 ശതമാനം വളര്‍ച്ചാ നിരക്ക് നിലനിര്‍ത്തുമെന്നും രാജ്യാന്തര നാണയ നിധി (ഐഎംഎഫ്) ഇക്കഴിഞ്ഞ ഒക്ടോബറില്‍ പ്രവചിച്ചിരുന്നു.

Top