ജിയോ തരംഗം; 4ജി ലഭ്യതയില്‍ ആഗോള തലത്തില്‍ ഇന്ത്യക്ക് 15-ാം സ്ഥാനം

ന്യൂഡല്‍ഹി: ജിയോ തരംഗത്തിലൂടെ 4ജി ലഭ്യതയില്‍ ആഗോള തലത്തില്‍ ഇന്ത്യക്ക് 15-ാം സ്ഥാനം. ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വയര്‍ലെസ് കവറേജ് മാപ്പിംഗ് കമ്പനിയായ ഓപ്പണ്‍ സിഗ്നല്‍ ആണ് സര്‍വെ റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

സര്‍വീസ് ആരംഭിച്ച് ആദ്യ ആറു മാസത്തിനുള്ളില്‍ തന്നെ 100 മില്യണ്‍ വരിക്കാരെ നേടിയ ജിയോ തരംഗമാണ് സര്‍വെയില്‍ മികച്ച സ്ഥാനം സ്വന്തമാക്കാന്‍ ഇന്ത്യയെ സഹായിച്ചത്.

അതേസമയം, 4ജി ഡൗണ്‍ലോഡ് വേഗതയിലേക്ക് വരുമ്പോള്‍ ഇന്ത്യയുടെ സ്ഥാനം വളരെ പുറകിലാണെന്നാണ് സര്‍വെയില്‍ തെളിയുന്നത്. ഇന്ത്യയിലെ ശരാശരി 4ജി ഡൗണ്‍ലോഡ് വേഗത 5.1 എംബിപിഎസ് ആണെന്നാണ് വിലയിരുത്തല്‍. ആറ് മാസത്തിനുളളില്‍ ഒരു സെക്കന്‍ഡില്‍ ഒരു എംബിപിഎസില്‍ അധികം വേഗതയില്‍ കുറവ് വന്നിട്ടുണ്ടെന്നും സര്‍വെ റിപ്പോര്‍ട്ടില്‍ പറയുന്നു.

ഓപ്പണ്‍ സിഗ്നലിന്റെ ‘സ്‌റ്റേറ്റ് ഓഫ് എല്‍ടിഇ’ റിപ്പോര്‍ട്ട് അനുസരിച്ച് നടപ്പു വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ രാജ്യത്ത് 81.6 ശതമാനം 4ജി ലഭ്യത ഉണ്ടെന്നാണ് വെളിപ്പെടുത്തല്‍. മുന്‍ വര്‍ഷം (2016) മൂന്നാം പാദത്തില്‍ 71.6 ശതമാനം 4ജി ലഭ്യത രേഖപ്പെടുത്തിയ സ്ഥാനത്താണിത്. ഏറ്റവും കൂടുതല്‍ വേഗത്തില്‍ മാറ്റത്തെ അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്ന മൊബൈല്‍ വിപണികളിലൊന്നാണ് ഇന്ത്യ.

ഈ സാധ്യതകളെ കേന്ദ്ര സര്‍ക്കാരും ടെലികോം മേഖലയും നിലനിര്‍ത്തേണ്ടതുണ്ടെന്ന് ഓപ്പണ്‍ സിഗ്നല്‍ സഹസ്ഥാപകനും സി ഇ ഒയുമായ ബ്രെന്‍ഡന്‍ ഗില്‍ പ്രസ്താവനയിലൂടെ അറിയിച്ചു.

Top