ജി.20 യിലും ഇന്ത്യയില്ല; പ്രധാനമന്ത്രിയുടെ ഇരിപ്പിടത്തില്‍ ഇന്ത്യയ്ക്ക് പകരം ഭാരത്

ഡല്‍ഹി: ജി.20 യില്‍ പ്രധാനമന്ത്രിയുടെ ഇരിപ്പിടത്തില്‍ ഇന്ത്യയ്ക്ക് പകരം ഭാരതം. രാജ്യത്തിന്റെ പേര് ഇന്ത്യയെന്നത് മാറ്റി ‘ഭാരത്’ മാത്രമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം നടത്തുന്നെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് മോദിയുടെ ഇരിപ്പിടത്തില്‍ ദേശീയ പതാകയ്ക്കും ജി20 മുദ്രയ്ക്കും ഒപ്പം രാജ്യത്തിന്റെ പേര് ‘ഭാരത്’ എന്നു മാത്രം ആലേഖനം ചെയ്തിരുന്നത്.

അതേസമയം ഉച്ചകോടിക്കായി ഡല്‍ഹിയിലെത്തിയ ലോക നേതാക്കളേയും പ്രത്യേക ക്ഷണിതാക്കളേയും പ്രധാനമന്ത്രി നരേന്ദ്ര മോദി സമ്മേളന വേദിയായ ഭാരത് മണ്ഡപത്തിലെ ലീഡേഴ്സ് ലോഞ്ചില്‍ കൊണാര്‍ക്ക് ചക്രത്തിന്റെ മാതൃകക്ക് മുന്നില്‍ സ്വീകരിച്ചു. എല്ലാവര്‍ക്കും ഒരുമിച്ച് നിന്ന് മുന്നേറാമെന്ന് ജി20 ഉച്ചകോടിക്ക് തുടക്കംകുറിച്ചു കൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.

ഇന്നും നാളെയുമായി നടക്കുന്ന ജി20 ഉച്ചകോടിയില്‍ നിരവധി വിഷയങ്ങള്‍ ചര്‍ച്ചയാവും. ഇതിന് പുറമെ ഇന്ത്യയും മറ്റ് രാജ്യങ്ങളുമായുള്ള നയതന്ത്ര ചര്‍ച്ചകളും പുതിയ പ്രഖ്യാപനങ്ങളുമുണ്ടാകും. . ജി20യില്‍ ആഫ്രിക്കന്‍ യൂണിയന് പൂര്‍ണ്ണ അംഗത്വം നല്‍കി. ഇന്ത്യയുടെ നിര്‍ദേശം ജി.20 അംഗികരിച്ചു. പഴുതടച്ച സുരക്ഷയാണ് രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ ഒരുക്കിയിരിക്കുന്നത്.

അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍, ബ്രിട്ടീഷ് പ്രധാനമന്ത്രി റിഷി സുനക്, കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ, ജപ്പാനീസ് പ്രധാനമന്ത്രി ഫുമിയോ കിഷിദ, സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍, യുഎന്‍ സെകട്ടറി ജനറല്‍ അന്റേണിയോ ഗുട്ടറസ്, ലോക ബാങ്ക് തലവന്‍ അജയ് ബാങ്ക, ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അദ്നോം ഗബ്‌റേസിസ്, ബംഗ്ലദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന, സ്‌പെയിന്‍ ഉപരാഷ്ട്രപതി നാദിയ കാല്‍വിനോ, യുഎഇ പ്രസിഡന്റ് മുഹമ്മദ് ബിന്‍ സായദ് അല്‍ നഹ്യാന്‍, ജര്‍മന്‍ ചാന്‍സലര്‍ ഉലാഫ് ഷോയല്‍സ്, ഇറ്റലി പ്രധാനമന്ത്രി ജോര്‍ജിയ മെലോനി, ബ്രസീല്‍ പ്രസിഡന്റ് ലുലാ ഡിസില്‍വ തുടങ്ങിയവര്‍ ഉച്ചകോടിക്കായി ഡല്‍ഹിയിലെത്തിയിട്ടുണ്ട്.

Top