മറ്റൊരു രാജ്യത്തിന്റെ മണ്ണില്‍ കണ്ണുവെക്കാനും വിഭവങ്ങള്‍ ചൂഷണം ചെയ്യാനും ഉദ്ദേശ്യമില്ല പ്രധാനമന്ത്രി

Narendra Modi

ന്യൂഡല്‍ഹി: മറ്റൊരു രാജ്യത്തിന്റെ മണ്ണില്‍ ഇന്ത്യ കണ്ണുവെക്കുന്നില്ലെന്നും, മറ്റു രാജ്യത്തിന്റെ വിഭവങ്ങള്‍ ചൂഷണം ചെയ്യാന്‍ ഇന്ത്യയ്ക്ക് ഉദ്ദേശ്യമില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി.

ന്യൂഡല്‍ഹി പ്രവാസി ഭാരതീയ കേന്ദ്രത്തില്‍ നടക്കുന്ന പേഴ്‌സണ്‍സ് ഓഫ് ഇന്ത്യന്‍ ഓറിജിന്‍ പാര്‍ലമെന്റേറിയന്‍സ് കോണ്‍ഫറന്‍സിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മാനവികതയിലൂന്നിയ ബന്ധമാണ് ഇന്ത്യയ്ക്ക് മറ്റു രാജ്യങ്ങളുമായുള്ളതെന്നും ആ ബന്ധം ലാഭ നഷ്ടങ്ങളില്‍ അധിഷ്ടിതമല്ലെന്നും അദ്ദേഹം പറഞ്ഞു. ലോകത്തിന് മുന്നില്‍ എപ്പോഴും ക്രിയാത്മകമായ സ്ഥാനമാണ് രാജ്യം വഹിക്കുന്നതെന്നും പ്രധാനമന്ത്രി അറിയിച്ചു.

‘ലോകത്ത് എപ്പോഴും ക്രിയാത്മകമായ പങ്കുവഹിക്കുന്ന രാജ്യമാണ് ഇന്ത്യ. ലാഭ നഷ്ടങ്ങളെ അടിസ്ഥാനമാക്കിയുള്ള നയ സമീപനം ഒരു രാജ്യത്തോടും ഇന്ത്യ നടത്തിയിട്ടില്ല. കൊടുക്കല്‍ വാങ്ങലില്‍ അധിഷ്ഠിതമല്ല ഇന്ത്യയുടെ വികസന മാതൃക, പകരം അത് രാജ്യങ്ങളുടെ ആവശ്യങ്ങളനുസരിച്ചുള്ളതാണ്.’ അദ്ദേഹം പറഞ്ഞു.

ആഗോളതലത്തില്‍ രാജ്യത്തിന് വര്‍ധിച്ചുവരുന്ന ശക്തിയില്‍ ഇന്ത്യന്‍ വംശജരായ ആളുകള്‍ക്ക് അഭിമാനിക്കാം, ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഇന്ത്യന്‍ വംശജരായ ഭരണാധികാരികള്‍ ഇന്ത്യയുടെ വികസനത്തില്‍ പങ്കാളികളാകണമെന്നും ഇന്ത്യന്‍ സാമ്പത്തിക വികസനത്തിന് ഉത്‌പ്രേരകമാവണമെന്നും പ്രധാനമന്ത്രി ആഹ്വാനം ചെയ്തു.

Top