രാജ്യം കനത്ത സാമ്പത്തിക മാന്ദ്യത്തില്‍; സമ്മതിച്ച് നീതി ആയോഗ് ചെയര്‍മാന്‍

ന്യൂഡല്‍ഹി: രാജ്യം കനത്ത സാമ്പത്തിക മാന്ദ്യത്തിലാണെന്ന് സമ്മതിച്ച് നീതി ആയോഗ്. കഴിഞ്ഞ 70 വര്‍ഷത്തിനിടെ അഭിമുഖീകരിക്കാത്ത സാഹചര്യമാണ് സര്‍ക്കാര്‍ ഇപ്പോള്‍ നേരിടുന്നതെന്നും അസാധാരണമായ ഈ പ്രതിഭാസത്തെ അസാധരണ രീതിയില്‍ നേരിടേണ്ടി വരുമെന്നും നീതി ആയോഗ് വൈസ് ചെയര്‍മാന്‍ രാജീവ് കുമാര്‍ പറഞ്ഞു.

സമ്പദ് വ്യവസ്ഥയിലെ സ്വകാര്യ നിക്ഷേപം ദുര്‍ബലമാണ്. സാമ്പത്തിക മേഖല മുഴുവനും പ്രതിസന്ധിയിലാണ്, ആരെയും ആരും വിശ്വസിക്കുന്നില്ല. അസാധാരണ സാഹചര്യത്തില്‍ അസാധാരണമായ നടപടികള്‍ സ്വീകരിക്കേണ്ടിവന്നേക്കാമെന്നും സാമ്പത്തിക മേഖലയില്‍ പണലഭ്യതയുടെ പ്രശ്‌നമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സര്‍ക്കാരും സ്വകാര്യമേഖലയും തമ്മിലുള്ള അവിശ്വാസത്തിന്റെ പ്രശ്‌നമല്ലിത്. ആരും ആര്‍ക്കും വായ്പ നല്‍കാന്‍ തയാറാകുന്നില്ല. എല്ലാവരും പണത്തിനുമേല്‍ അടയിരിക്കുകയാണ്. അതിനാല്‍ സമ്പദ്വ്യവസ്ഥ മുന്നോട്ട് ചലിക്കുന്നില്ലെന്നും രാജീവ് കുമാര്‍ അഭിപ്രായപ്പെട്ടു.

നോട്ട് നിരോധനവും ജി.എസ്.ടിയും ഇന്‍സോള്‍വന്‍സി ആന്‍ഡ് ബാങ്ക്റപ്റ്റ്സി കോഡും കാര്യങ്ങളെ മാറ്റിമറിച്ചു. നേരത്തെ 35 ശതമാനം പണവിനിമയമുണ്ടായിരുന്നത് ഇപ്പോള്‍ ഇതിലും വളരെ താഴെയാണ്. ഇതിനൊന്നും എളുപ്പത്തില്‍ ഉത്തരമില്ലെന്നും രാജീവ് കുമാര്‍ ചൂണ്ടിക്കാട്ടി.

Top