ആഗോള റീട്ടെയ്ല്‍ ഡെവലപ്പ്‌മെന്റ് സൂചികയില്‍ ചൈനയെ പിന്തള്ളി ഇന്ത്യ മുന്നില്‍

ന്യൂഡല്‍ഹി: ഈ വര്‍ഷത്തെ ആഗോള റീട്ടെയ്ല്‍ ഡെവലപ്പ്‌മെന്റ് സൂചികയില്‍ ഇന്ത്യ ചൈനയേക്കാള്‍ മുന്നിലെത്തിയതായി റിപ്പോര്‍ട്ട്.

ഗ്ലോബല്‍ ബ്രാന്‍ഡുകളുടെ ഇഷ്ട കേന്ദ്രമെന്ന നിലയില്‍ ഇന്ത്യയുടെ പ്രാധാന്യം വര്‍ധിക്കുന്നുവെന്ന സൂചനയാണ് ഇത് നല്‍കുന്നത്.

റിയല്‍ എസ്റ്റേറ്റ് കണ്‍സള്‍ട്ടിംഗ് സംരംഭമായ സിബിആര്‍ഇ സൗത്ത് ഏഷ്യയാണ് ഇന്ത്യന്‍ വിപണിയെ അവലോകനം ചെയ്ത് റിപ്പോര്‍ട്ട് തയാറാക്കിയത്.

2017-ന്റെ ആദ്യ പകുതിയില്‍ ഏഴ് പുതിയ ലോക ബ്രാന്‍ഡുകള്‍ ഇന്ത്യന്‍ വിപണിയിലേക്ക് കടന്നുവന്നതായും ഇതോടെ നിക്ഷേപം 200 മില്യണ്‍ ഡോളറിലേക്ക് ഉയര്‍ന്നിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

മാത്രമല്ല, നിലവില്‍ രാജ്യത്ത് സാന്നിധ്യമറിയിച്ചിട്ടുള്ള അന്താരാഷ്ട്ര ബ്രാന്‍ഡുകള്‍ ഇതിനോടകം തന്നെ തങ്ങളുടെ ബിസിനസ് വിപുലീകരിച്ചതായും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി.

ബിഗ് ബസാര്‍ ഉള്‍പ്പെടെയുള്ള നിരവധി ഹൈപ്പര്‍മാര്‍ക്കറ്റുകള്‍ മുംബൈ, ബെംഗളൂരു, ചെന്നൈ എന്നിവിടങ്ങളില്‍ പ്രവര്‍ത്തനം വ്യാപിപ്പിച്ചതായും നടപ്പു വര്‍ഷം ആദ്യ പകുതിയില്‍ തന്നെ മാക്‌സ്, പാന്റലൂണ്‍സ് തുടങ്ങി വസ്ത്രവ്യാപാര രംഗത്ത് പ്രവര്‍ത്തിക്കുന്ന റീട്ടെയ്‌ലര്‍മാര്‍ ഇന്ത്യയില്‍ സജീവമായിട്ടുണ്ടെന്നും റിപ്പോര്‍ട്ട് നിരീക്ഷിക്കുന്നു.

ഇന്ത്യയില്‍ ആരംഭിക്കുകയും ബിസിനസ് വിപുലീകരിക്കുകയും ചെയ്ത ആഗോള ബ്രാന്‍ഡുകളുടെ നിലനില്‍പ്പും മുന്‍ഗണനയുമാണ് ഗ്ലോബല്‍ റീട്ടെയ്ല്‍ സൂചികയിലെ റാങ്കിംഗിലൂടെ പ്രകടമാകുന്നതെന്ന് സിബിഇആര്‍ഇ ഇന്ത്യ, സൗത്ത്ഈസ്റ്റ് ഏഷ്യ വിഭാഗം ചെയര്‍മാന്‍ അന്‍ഷുമാന്‍ പറഞ്ഞു.

കെയ്റ്റ് സ്‌പേഡ്, സ്‌കോച്ച് & സോഡ, പന്‍ഡോറ, സെലക്റ്റഡ് ഹോംസ് തുടങ്ങിയ ബ്രാന്‍ഡുകളാണ് ഈ വര്‍ഷം ഇന്ത്യയില്‍ പ്രവര്‍ത്തനം ആരംഭിച്ചത്.

എച്ച് ആന്‍ഡ് എം, ജാക്ക് ആന്‍ഡ് ജോണ്‍സ്, യുഎസ് പോളോ, ടാക്കോ ബെല്‍, ഫോര്‍എവര്‍ 21 എന്നിവ ഈ കാലയളവില്‍ ഇന്ത്യയില്‍ ബിസിനസ് വിപുലീകരിക്കുകയും ചെയ്തു.

Top