ലോകത്തെ ഏറ്റവും വലിയ ഡിജിറ്റല്‍ വിപണികളിലൊന്നായി ഇന്ത്യ മാറുകയാണെന്ന് പിയൂഷ് ഗോയല്‍

ന്യൂഡല്‍ഹി: ലോകത്തെ ഏറ്റവും വലിയ ഡിജിറ്റല്‍ വിപണികളിലൊന്നായി ഇന്ത്യ മാറുകയാണെന്ന് കേന്ദ്ര വാണിജ്യ വ്യവസായ വകുപ്പ് മന്ത്രി പിയൂഷ് ഗോയല്‍. രണ്ടാമത് ഗ്ലോബല്‍ ഫിന്‍ടെക് ഫെസ്റ്റ് 2021 ല്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയിലെ ഫിന്‍ടെക് സ്വീകാര്യതാ നിരക്ക് 87 ശതമാനവും ആഗോള ശരാശരി 64 ശതമാനവുമാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ഇന്ത്യയിലെ നിരക്ക് ലോകത്തെ ഏറ്റവും ഉയര്‍ന്നതാണെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയിലെ യുപിഐ രംഗത്ത് 224 ബാങ്കുകളുടെ പങ്കാളിത്തം വഴി 2021 മെയ് മാസം വരെ 68 ബില്യണ്‍ ഡോളറിലേറെ മൂല്യമുള്ള 2.6 ബില്യണ്‍ ഇടപാടുകള്‍ രേഖപ്പെടുത്തിയെന്നും കേന്ദ്രമന്ത്രി പറഞ്ഞു. 2021 ഓഗസ്റ്റില്‍ ഏറ്റവും ഉയര്‍ന്ന നിരക്കായ 3.6 ബില്യണ്‍ ഇടപാടുകളാണ് നടന്നത്. കഴിഞ്ഞ വര്‍ഷം ആധാര്‍ അടിസ്ഥാനമായ പേയ്‌മെന്റ് സിസ്റ്റം വഴി രണ്ട് ലക്ഷം കോടിയിലധികം ഇടപാടുകള്‍ നടന്നതായും അദ്ദേഹം പറഞ്ഞു.

കൊവിഡ് രണ്ടാം തരംഗത്തിലും ലോക്ക്ഡൗണ്‍ കാലത്തും വീട്ടിലിരുന്ന് കൊണ്ട് പ്രധാന സാമ്പത്തിക ഇടപാടുകള്‍ നടത്താന്‍ ജനത്തെ ഫിന്‍ടെക് വ്യവസായം പ്രാപ്തരാക്കി. നാഷണല്‍ ബ്രോഡ്ബാന്റ് മിഷന് കീഴില്‍ ഇന്ത്യയിലെ എല്ലാ ഗ്രാമങ്ങളിലും അതിവേഗ ഇന്റര്‍നെറ്റ് ലഭ്യമാക്കുമെന്നും ഇതുവഴി രാജ്യം ഫിന്‍ടെക് സെക്ടറില്‍ നവ സംരംഭകത്വ കേന്ദ്രമായി മാറുമെന്നും മന്ത്രി പറഞ്ഞു.

മൊബൈല്‍ ആപ്ലിക്കേഷനുകള്‍, ഇകൊമേഴ്‌സ് സ്‌റ്റോറുകള്‍, ഡിജിറ്റല്‍ അടിസ്ഥാന സൗകര്യങ്ങള്‍ എന്നീ സെക്ടറുകളില്‍ നിക്ഷേപം ആകര്‍ഷിക്കാന്‍ ഫിന്‍ടെക്കിന് സാധിക്കുമെന്ന് ഗോയല്‍ വ്യക്തമാക്കി. 2016 ല്‍ ആരംഭിച്ചതിന് ശേഷം ഫിന്‍ടെക് മേഖലയിലെ നിക്ഷേപം 10 ബില്യണ്‍ ഡോളറായി ഉയര്‍ന്നു. ഈ വിപണിയില്‍ ഇന്ത്യയിന്ന് അതിവേഗം വളരുന്ന രാജ്യമാണെന്നും പിയൂഷ് ഗോയല്‍ പറഞ്ഞു.

Top