ഇരുപത്തിയെട്ടു വര്‍ഷങ്ങള്‍ക്കിപ്പുറം മിസ് വേള്‍ഡ് മത്സരത്തിന് ആതിഥേയത്വം വഹിക്കാനൊരുങ്ങി ഇന്ത്യ

മിസ് വേള്‍ഡ് മത്സരത്തിന് ആതിഥേയത്വം വഹിക്കാനൊരുങ്ങി ഇന്ത്യ. നീണ്ട ഇരുപത്തിയെട്ടു വര്‍ഷങ്ങള്‍ക്കിപ്പുറമാണ് ഇന്ത്യയിലേക്ക് ഈ അവസരം തേടിയെത്തുന്നത്. ഇന്ന്(മാര്‍ച്ച് 9) മുംബൈയില്‍ വച്ചാണ് ഫിനാലെ ചടങ്ങുകള്‍ നടക്കുന്നത്. പ്രശസ്ത സംവിധായകനും നിര്‍മാതാവുമായ കരണ്‍ ജോഹറാണ് എഴുപത്തിയൊന്നാമത് മിസ് വേള്‍ഡ് മത്സരത്തിന്റെ അവതാരകന്‍. വൈകുന്നേരം 7.30-ന് തുടങ്ങുന്ന ചടങ്ങുകള്‍ 10.30-ഓടെ അവസാനിക്കും. . കര്‍ണാടകയില്‍ നിന്നുള്ള സിനി ഷെട്ടിയാണ് ഇന്ത്യയെ പ്രതിനിധീകരിച്ച് മത്സരിക്കുന്നത്. 2017-ല്‍ മാനുഷി ഛില്ലറിനുശേഷം വീണ്ടും സിനി ഷെട്ടിയിലൂടെ ലോകസുന്ദരിപ്പട്ടം തിരികെയെത്തുമോ എന്ന് ഉറ്റുനോക്കുകയാണ് രാജ്യം.

ഇക്കഴിഞ്ഞ ജൂലൈ നാലിനു നടന്ന മിസ് ഇന്ത്യ മത്സരത്തില്‍ രുബാല്‍ ഷെഖാവത്ത് ഫസ്റ്റ് റണ്ണറപ്പും, ശിനാത്ത ചൗഹാന്‍ സെക്കന്റ് റണ്ണപ്പറുമായപ്പോള്‍ സിനി ഷെട്ടിയാണ് സൗന്ദര്യകിരീടം ചൂടിയത്. മുന്‍ മിസ് ഇന്ത്യ മാനസ വാരണസിയാണ് സിനിയെ കിരീടമണിയിച്ചത്. 21 വയസ്സുകാരിയ സിനി ഷെട്ടി ജനിച്ചത് മുംബൈയിലാണെങ്കിലും വളര്‍ന്നത് കര്‍ണാടകയിലാണ്. അക്കൗണ്ടിങ് ആന്‍ഡ് ഫിനാന്‍സില്‍ ഡിഗ്രി പൂര്‍ത്തിയാക്കിയ സിനി നിലവില്‍ ചാര്‍ട്ടേഡ് ഫിനാന്‍ഷ്യല്‍ അനലിസ്റ്റ് (സിഎഫ്എ) വിദ്യാര്‍ഥിനിയാണ്. ഭരതനാട്യം നര്‍ത്തകി കൂടിയാണ് സിനി. 112 രാജ്യങ്ങളില്‍ നിന്നുള്ള മത്സരാര്‍ഥികളോടാകും സിനി ഷെട്ടി മത്സരിക്കുക.

മുംബൈ ജിയോ വേള്‍ഡ് കണ്‍വെന്‍ഷന്‍ സെന്ററിലാണ് മിസ് വേള്‍ഡ് ഗ്രാന്‍ഡ് ഫിനാലെ അരങ്ങേറുക. കഴിഞ്ഞ തവണ പോളണ്ടില്‍ ലോകസൗന്ദര്യ കിരീടമെത്തിച്ച കരോലിന ബിലാവ്സ്‌ക പുതിയ വിജയിയെ കിരീടം അണിയിക്കും. മത്സരത്തിലെ ഏറ്റവും പ്രധാനപ്പെട്ട ബ്യൂട്ടി വിത് എ പര്‍പസ് ചലഞ്ച് ഫെബ്രുവരി 21-ന് ന്യൂഡല്‍ഹിയിലെ ഭാരത് മണ്ഡപത്തിലായിരിക്കും നടക്കുക. വേള്‍ഡ് ടോപ്പ് ഡിസൈനര്‍ അവാര്‍ഡ്, മിസ് വേള്‍ഡ് ടോപ് മോഡല്‍, മിസ് വേള്‍ഡ് സ്പോര്‍ട്സ് ചലഞ്ച് തുടങ്ങിയ മത്സരങ്ങള്‍ ന്യൂഡല്‍ഹിയിലും മുംബൈയിലുമായും നടക്കും. ഇന്ത്യ ടൂറിസം ഡെവലപ്മെന്റ് കോര്‍പറേഷനാണ് പരിപാടികള്‍ ഏകോപിപ്പിക്കുന്നത്.

1996-ല്‍ ബെംഗളൂരുവിലാണ് ഇതിന് മുമ്പ് ഇന്ത്യയില്‍ മിസ് വേള്‍ഡ് മത്സരം നടന്നത്. 88 മത്സരാര്‍ഥികളാണ് അന്ന് മാറ്റുരച്ചത്. ഗ്രീസില്‍ നിന്നുള്ള ഐറിന്‍ സ്‌ക്ലിവയയെ അന്ന് ലോകസുന്ദരിയായി തിരഞ്ഞെടുത്തു. 2017ല്‍ മാനുഷിയുടെ നേട്ടത്തോടെ പതിനേഴുവര്‍ഷത്തിനു ശേഷമാണ് ഇന്ത്യയ്ക്ക് വീണ്ടും ലോകസുന്ദരിപ്പട്ടം ലഭിക്കുന്നത്. ചൈനയിലെ സാന്യയില്‍ നടന്ന മത്സരത്തില്‍ 108 രാജ്യങ്ങളില്‍നിന്നുള്ള സുന്ദരിമാരെ പിന്തള്ളിയായിരുന്നു മാനുഷി കിരീടം ചൂടിയത്. കിരീടം നേടുമ്പോള്‍ ഹരിയാണയിലെ ഭഗത് ഫൂല്‍ സിങ് മെഡിക്കല്‍ കോളേജില്‍ വിദ്യാര്‍ഥിനിയായിരുന്നു മാനുഷി. ലോകസുന്ദരിപ്പട്ടം നേടുന്ന ആറാമത്തെ ഇന്ത്യക്കാരിയാണ് മാനുഷി. റീത്താ ഫാരിയ, ഐശ്വര്യാ റായി, ഡയാന ഹെയ്ഡന്‍, യുക്താമുഖി, പ്രിയങ്കാ ചോപ്ര എന്നിവരാണ് ഇതിനുമുമ്പ് സൗന്ദര്യത്തിനുള്ള ലോകകിരീടം ഇന്ത്യയിലെത്തിച്ചവര്‍.

Top