India, Iran sign historic pact to develop Chabahar port

ടെഹ്‌റാന്‍: ചബഹാര്‍ തുറമുഖ വികസനത്തിലുള്ള സുപ്രധാന ഉടമ്പടിയില്‍ ഇന്ത്യയും ഇറാനും ഒപ്പുവച്ചു. ഇറാനിലെ തുറമുഖനഗരമായ ചബഹാറിനെ അഫ്ഗാനിസ്താനിലെ സറന്‍ജ് നഗരവുമായി ബന്ധിപ്പിക്കുന്ന ചഹബാര്‍-സഹേദന്‍സറന്‍ജ് ഇടനാഴിയും ഇതോടനുബന്ധിച്ച് പൂര്‍ത്തിയാക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇറാന്‍ സന്ദര്‍ശനവേളയിലാണ് നിര്‍ണായക കരാറില്‍ ഒപ്പുവച്ചത്.

ഇന്ത്യയും ഇറാനും തമ്മിലുള്ള സഹകരണത്തില്‍ നിര്‍ണായക ഏടാണ് ചബഹാറെന്ന് ഇറാന്‍ പ്രസിഡന്റ് ഹസ്സന്‍ റൂഹാനി പറഞ്ഞു. ഇന്ത്യയും ഇറാനും പുതിയ സുഹൃത്തുക്കളല്ല. ചരിത്രത്തോളം പ്രാധാന്യമുണ്ട് നമ്മുടെ സൗഹൃദത്തിനെന്ന് മോദി പറഞ്ഞു.

വിദേശത്ത് ഇന്ത്യ വികസിപ്പിക്കുന്ന ഏറ്റവും വലിയ തുറമുഖമാകും ചബഹാര്‍. പാകിസ്താനെ ഒഴിവാക്കി അഫ്ഗാനിസ്താനിലേക്കും മധ്യഏഷ്യയിലേക്കും ചരക്ക് നീക്കം നടത്താന്‍ കഴിയും എന്നതാണ് ചബഹാര്‍ തുറമുഖത്തിന്റെ പ്രാധാന്യം.

ചബഹാറിലെ കാര്‍ഗോ ബര്‍ത്തുകളും ടെര്‍മിനലുകള്‍ വികസിപ്പിക്കുന്നതിനുമായി 200 മില്യണ്‍ ഡോളറാണ് ഇന്ത്യ ചിലവഴിക്കുക. ചഹബാര്‍സഹേദന്‍ ഇടനാഴിയുടെ ഭാഗമായി 500 കിലോമീറ്റര്‍ റെയില്‍വേ ലൈനും നിര്‍മ്മിക്കും. രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായി നരേന്ദ്രമോദി ഞായറാഴ്ച വൈകുന്നേരമാണ് ഇറാനിലെത്തിയത്.

കഴിഞ്ഞവര്‍ഷം യു.എ.ഇ.യും ഏപ്രിലില്‍ സൗദി അറേബ്യയും സന്ദര്‍ശിച്ച മോദി അതിനു തുടര്‍ച്ചയെന്നോണമാണ് ഇറാനും അഫ്ഗാനിസ്താനും ഖത്തറും സന്ദര്‍ശിക്കുന്നത്. ഇറാനില്‍നിന്നുള്ള എണ്ണ ഇറക്കുമതി ഇരട്ടിയാക്കാനും ഇന്ത്യ ലക്ഷ്യമിടുന്നുണ്ട്.

15 വര്‍ഷത്തിനിടെ ആദ്യമായാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ഇറാനിലെത്തുന്നത്. ഇന്ത്യയിലേക്ക് ഏറ്റവും കൂടുതല്‍ ക്രൂഡോയില്‍ കയറ്റുമതിചെയ്യുന്ന രണ്ടാമത്തെ രാജ്യമാണ് ഇറാന്‍.

Top