ലോകത്ത് ഇന്ത്യക്ക് വിശ്വസിക്കാവുന്നവർ റഷ്യയും ഇറാനുമാണ്, അമേരിക്കയല്ല . . .

ന്ത്യക്ക് ഇറാന്‍ എന്ന രാജ്യവുമായുള്ള ബന്ധം കേവലം എണ്ണ ഇറക്കുമതിയില്‍ മാത്രമല്ല , തന്ത്രപരവുമാണ്. പാക്കിസ്ഥാനെതിരെ അമേരിക്കയേക്കാള്‍ ഇന്ത്യക്ക് വിശ്വസിക്കാവുന്ന പങ്കാളിയാണ് ഇറാന്‍. അമേരിക്കന്‍ സമ്മര്‍ദ്ദത്തിന് വഴങ്ങി ഇറാനുമായുള്ള ബന്ധത്തില്‍ നിന്നും പിറകോട്ട് പോകുന്ന കേന്ദ്ര സര്‍ക്കാരിന്റെ നിലപാട് ഭാവിയില്‍ വലിയ പ്രതിസന്ധിയാണ് രാജ്യത്തുണ്ടാക്കുക. അത് സാമ്പത്തികമായി മാത്രമല്ല രാജ്യ സുരക്ഷക്കും വലിയ വെല്ലുവിളിയാണ് ഉയര്‍ത്തുക.

ചൈനയുടെ സഹായത്തോടെ പാക്കിസ്ഥാന്‍ നിര്‍മ്മിച്ച ഗോദര്‍ തുറമുഖത്തിന് ബദലായി നിര്‍മ്മിച്ച ഛബാര്‍ തുറമുഖം ഇറാനിലാണ് ഉള്ളത്. ഇന്ത്യ,ഇറാന്‍, അഫ് ഗാനിസ്ഥാന്‍ രാജ്യങ്ങളെ ബന്ധിപ്പിക്കുന്ന ചരക്ക് ഇടനാഴിയാണിത്. ത്രിരാഷ്ട്ര കരാറിന്റെ ഭാഗമായി നിര്‍മ്മിച്ച ഈ ഇടനാഴി വഴി പാക്കിസ്ഥാനെ വളയാന്‍ ഇന്ത്യക്ക് എളുപ്പത്തില്‍ കഴിയുന്നതാണ്. ഒമാന്‍ കടലിടുക്കിലുള്ള സിസ്താന്‍ പ്രവിശ്യയിലാണ് ഛബാര്‍ തുറമുഖം സ്ഥിതി ചെയ്യുന്നത്. പാക്ക് – ചൈന സംരഭമായ സാമ്പത്തിക ഇടനാഴി ചെന്നെത്തി നില്‍ക്കുന്ന ഗോദര്‍ തുറമുഖം ബലൂചിസ്ഥാനിലാണുള്ളത്. ഒരു സംഘര്‍ഷമുണ്ടായാല്‍ ചൈനീസ് പട്ടാളത്തിന് കൂടി എളുപ്പത്തില്‍ സഞ്ചരിക്കാന്‍ തയ്യാറാക്കിയ പാതയാണിത്.

പാക്ക് അധീന കശ്മീര്‍ വഴി പോകുന്ന ഈ സാമ്പത്തിക ഇടനാഴിയുടെ നിര്‍മ്മാണത്തില്‍ വലിയ അഴിമതി നടന്നത് നിര്‍മ്മാണ പ്രവര്‍ത്തനത്തെ നിലവില്‍ ബാധിച്ചിട്ടുണ്ട്. സാമ്പത്തിക ഇടനാഴിക്കുള്ള ഫണ്ട് ചൈന മരവിപ്പിച്ചതായി പാക്കിസ്ഥാന്‍ മാധ്യമങ്ങള്‍ തന്നെയാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. എന്നാല്‍ നിര്‍മാണം നിര്‍ത്തിവച്ചത് താല്‍ക്കാലികമാണെന്നും ഉടന്‍ പ്രവര്‍ത്തനം പുനരാരംഭിക്കുമെന്നുമാണ് പാക്ക് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്.

ഇന്ത്യയെ സംബന്ധിച്ച് ഏറെ ഗൗരവത്തോടെ കാണേണ്ട കാര്യമാണിത്. രാജ്യം ഇപ്പോള്‍ നേരിടുന്നത് സാമ്പത്തിക പ്രതിസന്ധിയും സുരക്ഷയുമാണ്. ഇക്കാര്യത്തില്‍ പാളിയാൽ വലിയ വിലയാണ് നമുക്ക് നല്‍കേണ്ടി വരിക. ഈ രണ്ട് കാര്യങ്ങളിലും ഇറാന് വലിയ പങ്ക് വഹിക്കാനുണ്ട് എന്ന യാഥാര്‍ത്ഥ്യം മോദി ഭരണകൂടം മറന്ന് പോകരുത്.

ഇന്ത്യക്ക് വിലക്കുറവിലും ഗുണമേന്‍മയിലും പെട്രോളിയും ഉല്‍പ്പന്നങ്ങള്‍ നല്‍കി വന്നിരുന്ന രാജ്യമാണ് ഇറാന്‍. ഇപ്പോള്‍ അമേരിക്കന്‍ സമ്മര്‍ദ്ദത്തിന്റെ ഭാഗമായി ഇറക്കുമതിക്ക് മേല്‍ റെഡ് സിഗ്‌നല്‍ ഉയര്‍ത്തുന്നത് രാജ്യത്തിന്റെ സമ്പദ് ഘടനയെയാണ് താറുമാറാക്കുക. ഇപ്പോള്‍ തന്നെ വലിയ സാമ്പത്തിക പ്രതിസന്ധിയെ അഭിമുഖീകരിക്കുന്ന രാജ്യത്തിന് അത് താങ്ങാന്‍ കഴിയുകയില്ല. സൗദിയെ മാത്രം ആശ്രയിച്ച് എണ്ണ മേഖലയില്‍ ഇന്ത്യക്ക് ഒരിക്കലും മുന്നോട്ട് പോകാന്‍ കഴിയില്ല. പ്രത്യേകിച്ച് ഹുതി ആക്രമണകാരികള്‍ സൗദി എണ്ണപ്പാടങ്ങള്‍ ലക്ഷ്യമിടുന്നതിനാല്‍ നാം ആശങ്കപ്പെടുക തന്നെ വേണം.

അടുത്തയിടെ സൗദിയിലെ അരാംകോ എണ്ണ കേന്ദ്രത്തിനു നേരെയുണ്ടായ ആക്രമണം ഇന്ത്യയെ സംബന്ധിച്ചും ഞെട്ടിക്കുന്നതാണ്. ആക്രമണത്തിന് പിന്നില്‍ ഇറാനാണെന്നാണ് ആരോപിക്കുന്നത്. ഇറാനെ ആക്രമിക്കുന്നതിന് കാരണമുണ്ടാക്കാന്‍ വേണ്ടിയാണെന്ന സംശയവും ബലപ്പെട്ടു കഴിഞ്ഞു.

ഫ്രാന്‍സ്, ജര്‍മനി, ബ്രിട്ടണ്‍ തുടങ്ങിയ രാജ്യങ്ങളെ ഒപ്പം നിര്‍ത്താന്‍ സൗദിക്കും അമേരിക്കക്കും ഈ സംഭവത്തോടെ കഴിഞ്ഞിട്ടുണ്ട്. 2015ല്‍ ഇറാനുമായി ഒപ്പുവച്ച ആണവ കരാറില്‍ നിന്നും പിന്‍വാങ്ങുമെന്ന സൂചനയാണ് ബ്രിട്ടനും ജര്‍മനിയും ഫ്രാന്‍സും നല്‍കിയിരിക്കുന്നത്. നേരത്തെ തന്നെ ഈ കരാറില്‍ നിന്നും അമേരിക്ക പിന്‍മാറിയിരുന്നു. റഷ്യയും ചൈനയും മാത്രമാണ് ഇറാന് അനുകൂലമായി നിലപാട് സ്വീകരിച്ച രാജ്യങ്ങള്‍. ഇന്ത്യയാവട്ടെ ഇറാന്‍ വിഷയത്തില്‍ നിഷ്പക്ഷ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്.

ഇറാനും സൗദിയും തമ്മിലുള്ള പകയാണ് നിലവില്‍ അമേരിക്ക – ഇറാന്‍ യുദ്ധത്തിന്റെ വക്കില്‍ എത്തിച്ചിരിക്കുന്നത്. സൗദി ഉള്‍പ്പെടെയുള്ള അറബ് രാഷ്ട്രങ്ങളുമായും ഇറാനുമായും മുന്‍പുണ്ടായിരുന്ന ബന്ധം തകരാതെ നോക്കേണ്ടത് മോദി സര്‍ക്കാറിന്റെ ബാധ്യതയാണ്.

ഇന്ത്യ ഒരിക്കലും ഇറാനെതിരായ സൈനിക നടപടിയെ പിന്തുണയ്ക്കുകയില്ല. അക്കാര്യം എന്തായാലും ഉറപ്പാണ്. എന്നാല്‍ അതു കൊണ്ട് മാത്രം കാര്യമില്ല. ഹൗഡി മോദിയില്‍ അമേരിക്കന്‍ പ്രസിഡന്റിനെ എത്തിക്കാന്‍ കാണിച്ച മിടുക്ക് ഇറാന്‍ വിഷയത്തിലും മോദി കാണിക്കണം. കാരണം ഇറാനുമായും അവരെ ആക്രമിക്കാന്‍ നില്‍ക്കുന്ന രാജ്യങ്ങളുമായും ഏറെ അടുപ്പമുള്ള രാജ്യമാണ് ഇന്ത്യ. അതു കൊണ്ട് തന്നെ ഇന്ത്യയുടെ നിലപാടിനെ എളുപ്പത്തില്‍ തള്ളിക്കളയാന്‍ അമേരിക്കക്ക് പോലും ഇപ്പോഴത്തെ സാഹചര്യത്തില്‍ കഴിയുകയില്ല. അമേരിക്കയുടെ അപ്രീതി ഭയന്ന് ഇക്കാര്യത്തില്‍ പ്രധാനമന്ത്രി മൗനം പാലിച്ചാല്‍ അത് ചരിത്രപരമായ വലിയ പിഴവായാണ് മാറുക.

ഇന്ത്യ – പാക്ക് യുദ്ധകാലത്ത് പാക്കിസ്ഥാനെ സഹായിക്കാന്‍ കപ്പല്‍പടയെ അയച്ച രാജ്യമാണ് ഈ അമേരിക്ക. അന്ന് കമ്യൂണിസ്റ്റ് സോവിയറ്റ് യൂണിയന്റെ കപ്പല്‍ പടയാണ് അമേരിക്കന്‍ സേനയെ തടഞ്ഞ് തിരിച്ചയച്ചിരുന്നത്. അന്നും ഇന്നും റഷ്യ തന്നെയാണ് ഇന്ത്യക്ക് വിശ്വസിക്കാന്‍ പറ്റാവുന്ന ഏക പങ്കാളി. അമേരിക്ക തരം പോലെ നിലപാട് മാറ്റുന്ന ഒരു രാജ്യമാണ്. ഇനി ട്രംപ് പോയി ഡെമോക്രാറ്റുകള്‍ക്ക് ഭൂരിപക്ഷമുള്ള സംവിധാനം വന്നാലും അവര്‍ നിലപാട് മാറ്റും. ഇപ്പോള്‍ തന്നെ ഹൗഡി മോദിയില്‍ ട്രംപ് പങ്കെടുത്തത് വിവാദമായി കഴിഞ്ഞു. അടുത്ത പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ട്രംപിന് വോട്ട് പിടിക്കുന്ന ഏര്‍പ്പാടായി പോയെന്നാണ് ഉയര്‍ന്നു വന്നിരിക്കുന്ന പ്രധാന വിമര്‍ശനം.

ഹൗഡി മോദിയില്‍ ആദ്യം സംസാരിച്ച മോദി അമേരിക്കയിലെ ഇന്ത്യന്‍ വംശജരോട് ആവശ്യപ്പെട്ടത് ഇത്തവണയും ട്രംപ് ഗവണ്‍മെന്റിനെ കൊണ്ടുവരാനാണ്. 2014ലെ ലോക്സഭ തിരഞ്ഞെടുപ്പിലെ ബിജെപിയുടെ മുദ്രാവാക്യമായ ‘അബ് കി ബാര്‍ മോദി സര്‍ക്കാര്‍’ എന്നതിനെ അനുകരിച്ച് ‘അബ് കി ബാര്‍ ട്രംപ് സര്‍ക്കാര്‍’ എന്നാണ് മോദി പറഞ്ഞിരുന്നത്. ഇതാദ്യമായാണ് ഒരു വിദേശരാജ്യത്തെ നേതാവിന് വേണ്ടി ഇന്ത്യന്‍ പ്രധാനമന്ത്രി വോട്ട് ചോദിച്ചിരിക്കുന്നത്.

ഇതോടെ ഡെമോക്രാറ്റുകള്‍ക്ക് സ്വാധീനമുള്ള ഹൂസ്റ്റണില്‍ ഇന്ത്യന്‍ വംശജരായ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ട്രംപിന് കഴിയുമെന്നാണ് റിപ്പബ്ലിക്കുകള്‍ വിശ്വസിക്കുന്നത്. അതേസമയം, മോദിയുടെ നടപടിയില്‍ ഡെമോക്രാറ്റുകള്‍ കടുത്ത രോഷത്തിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

ട്രംപ് തെറിച്ചാല്‍ അമേരിക്ക, പാക്ക് പക്ഷത്തേക്ക് ചായുമെന്ന സംശയം അന്താരാഷ്ട്ര മാധ്യമങ്ങളും ഇപ്പോള്‍ പ്രകടിപ്പിക്കുന്നുണ്ട്. തന്ത്രപരമായി കൈകാര്യം ചെയ്യേണ്ട വിഷയമാണ് ഒരു പരാമര്‍ശത്തിലൂടെ മോദി കളഞ്ഞ് കുളിച്ചിരിക്കുന്നതെന്നാണ് ഇന്ത്യയിലെ പ്രതിപക്ഷവും ചൂണ്ടിക്കാട്ടുന്നത്.

മറ്റൊരു രാജ്യത്തിന്റെ തിരഞ്ഞെടുപ്പ് അടക്കമുള്ള ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടാതിരിക്കുക എന്ന ഇന്ത്യയുടെ പ്രഖ്യാപിത നയത്തില്‍ നിന്നുള്ള വ്യതിചലനമാണ് ഇതെന്നാണ് പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നത്.

32 ലക്ഷം വരുന്ന ഇന്ത്യന്‍ അമേരിക്കന്‍ സമൂഹം അമേരിക്കയിലെ ഏറ്റവും സമ്പന്നരായ കുടിയേറ്റ വിഭാഗങ്ങളില്‍ ഒന്നാണ്. ഈ വോട്ട് ബാങ്ക് പിടിക്കാന്‍ ലക്ഷ്യമിട്ടാണ് പ്രസിഡന്റ് ട്രംപ് ഹൂസ്റ്റണിലെത്തിയിരുന്നത്. പരമ്പരാഗതമായി അമേരിക്കയിലെ ഇന്ത്യന്‍ സമൂഹത്തിന് ഡെമോക്രാറ്റുകളോടാണ് ചായ് വുണ്ടായിരുന്നത്.

2016 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഇവരില്‍ 77ശതമാനവും ഹിലറി ക്ലിന്റണാണ് വോട്ടു ചെയതിരുന്നത്. ട്രംപും മോദിയും വലതുപക്ഷ നിലപാടുകാരെങ്കിലും അമേരിക്കന്‍ ഇന്ത്യന്‍ സമൂഹത്തിന് ഇപ്പോഴും ട്രംപിനോട് വലിയ പ്രതിപത്തിയില്ലെന്നതാണ് യാഥാര്‍ത്ഥ്യം.

Staff Reporter

Top