ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ഇലക്ട്രോണിക് ചിപ്പുകള്‍ ഡിസംബറില്‍

ന്യൂഡല്‍ഹി: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ഇലക്ട്രോണിക് ചിപ്പുകള്‍ (സെമി കണ്ടക്ടര്‍) 2024 ഡിസംബറില്‍ പുറത്തിറങ്ങുമെന്ന് കേന്ദ്രസര്‍ക്കാര്‍. ഒരു വര്‍ഷത്തിനുള്ളില്‍ മാത്രം നാലോ അഞ്ചോ സെമി കണ്ടക്ടര്‍ പ്ലാന്റുകള്‍ രാജ്യത്ത് ആരംഭിക്കുമെന്ന് കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.

സെമികണ്ടക്ടര്‍ ഗവേഷണരംഗത്ത് യുഎസുമായി ധാരണാപത്രം ഒപ്പിട്ടതുവഴി 80,000 വിദഗ്ധ തൊഴിലുകള്‍ രാജ്യത്ത് സൃഷ്ടിക്കപ്പെടുമെന്ന് കേന്ദ്ര ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. മൈക്രോണ്‍ ടെക്‌നോളജി കമ്പനിയുടെ സെമികണ്ടക്ടര്‍ പ്ലാന്റ് ഗുജറാത്തില്‍ നിര്‍മിക്കാനടക്കമാണ് യുഎസുമായി ധാരണയായിരിക്കുന്നത്. മൈക്രോണിന്റെ വരവ് വഴി മാത്രം നേരിട്ടുള്ള 5,000 തൊഴിലുകളുണ്ടാകുമെന്നാണ് കണക്കാക്കുന്നത്. ലാം റിസര്‍ച് എന്ന കമ്പനിയുമായി ചേര്‍ന്ന് അടുത്ത 10 വര്‍ഷത്തിനകം 60,000ലധികം എന്‍ജിനീയര്‍മാര്‍ക്ക് സെമികണ്ടക്ടര്‍ മേഖലയില്‍ പരിശീലനം നല്‍കുമെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. ഇതിന്റെ പൈലറ്റ് പദ്ധതി ഓഗസ്റ്റില്‍ ആരംഭിക്കും.

കോവിഡ് കാലത്ത് ഡിജിറ്റല്‍ ഉപകരണങ്ങളുടെ ഡിമാന്‍ഡ് വര്‍ധിച്ചതോടെയാണ് ഇലക്ട്രോണിക് ചിപ് ക്ഷാമമുണ്ടായത്. കാര്‍ നിര്‍മാണ മേഖലയില്‍ ഉള്‍പ്പെടെ വന്‍തോതില്‍ ചിപ് ക്ഷാമം പ്രതിസന്ധിയുണ്ടാക്കിയിരുന്നു. ഇന്ത്യയ്ക്ക് ആവശ്യമുള്ള ചിപ്പുകളുടെ വലിയൊരു ശതമാനവും ഇറക്കുമതി ചെയ്യുകയാണ്. ഈ രീതി മാറ്റുകയാണ് പദ്ധതിയുടെ ലക്ഷ്യം.

Top