74-ാം സ്വാതന്ത്ര്യദിനത്തില്‍ ഇന്ത്യയ്ക്ക് ആശംസകള്‍ നേര്‍ന്ന് ചൈന

ന്യൂഡല്‍ഹി: 74-ാം സ്വാതന്ത്ര്യദിനത്തില്‍ ഇന്ത്യയ്ക്ക് ആശംസകള്‍ നേര്‍ന്ന് ചൈന. സ്വാതന്ത്ര്യദിനത്തില്‍ കേന്ദ്രസര്‍ക്കാരിനും ഇന്ത്യന്‍ ജനതയ്ക്കും ആശംസകള്‍ നേരുന്നതായി ഇന്ത്യയിലെ ചൈനീസ് അംബാസിഡര്‍ സുന്‍ വെയ്‌ഡോംഗാണ് ചൈനയുടെ ഔദ്യോഗിക ആശംസകള്‍ ഇന്ത്യയെ അറിയിച്ചത്.

മഹത്തായ ചരിത്രമുള്ള മഹത്തായ രണ്ട് രാഷ്ട്രങ്ങളാണ് ഇന്ത്യയും ചൈനയും. ഒത്തൊരുമിച്ചുള്ള പ്രവര്‍ത്തനത്തിലൂടെ ഇരുരാഷ്ട്രങ്ങള്‍ക്കും മേഖലയില്‍ സമാധാനം ഉറപ്പാക്കാനും വികസനമെത്തിക്കാനും സാധിക്കും ചൈനീസ് അംബാസഡിര്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.

അതേസമയം കിഴക്കന്‍ ലഡാക്ക് അതിര്‍ത്തിയിലെ കടന്നുകയറ്റത്തില്‍ ചൈനയെ പരോക്ഷമായി വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തെത്തിയിരുന്നു. ലഡാക്കിലെ ഇന്ത്യന്‍ ശക്തി ലോകം കണ്ടു. വെട്ടിപ്പിടിക്കല്‍ നയത്തെ ഇന്ത്യ എന്നും എതിര്‍ത്തിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. 74-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചെങ്കോട്ടയില്‍ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെയായിരുന്നു വിമര്‍ശനം.

ഭീകരവാദവും വെട്ടിപ്പിടിക്കല്‍ നയവും ഒരേ പോലെ നേരിടും. അതിര്‍ത്തിയിലെ പ്രകോപനത്തിന് അതേ നാണയത്തില്‍ രാജ്യം മറുപടി നല്‍കി. ഇന്ത്യയുടെ പരമാധികാരം ചോദ്യം ചെയ്യാന്‍ ആരെയും അനുവദിക്കില്ല. വീരമൃത്യു വരിച്ച ജവാന്മാര്‍ക്ക് ആദരം അര്‍പ്പിക്കുന്നതായും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. ജമ്മു കശ്മീരില്‍ മണ്ഡല പുനര്‍നിര്‍ണയത്തിനുശേഷം തെരഞ്ഞെടുപ്പ് നടത്തുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

Top