ഒമ്പത് വര്‍ഷങ്ങള്‍ക്കു ശേഷം ഇന്ത്യ ഫൈനലില്‍

ഷ്യന്‍ ഗെയിംസ് ഹോക്കിയില്‍ ഫൈനലില്‍ കടന്ന് ഇന്ത്യന്‍ പുരുഷ ടീം. ഇന്നു നടന്ന സെമിഫൈനല്‍ പോരാട്ടത്തില്‍ കരുത്തരായ ദക്ഷിണകൊറിയയെ മൂന്നിനെതിരേ അഞ്ചു ഗോളുകള്‍ക്കു തകര്‍ത്തായിരുന്നു ഇന്ത്യയുടെ ഫൈനല്‍ പ്രവേശനം. ഒമ്പതു വര്‍ഷത്തിനു ശേഷമാണ് ഇന്ത്യന്‍ ഏഷ്യന്‍ ഗെയിംസ് ഹോക്കിയുടെ കലാശപ്പോരാട്ടത്തിന് യോഗ്യത നേടുന്നത്.

ആദ്യ ക്വാര്‍ട്ടറില്‍ തന്നെ മൂന്നു ഗോള്‍ ലീഡ് നേടിയ ഇന്ത്യക്കു പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നില്ല. രണ്ടും മൂന്നു ക്വാര്‍ട്ടറുകളില്‍ മിന്നുന്ന പോരാട്ടവീര്യം കാഴ്ചവച്ച് ദക്ഷിണകൊറിയ തിരിച്ചുവരവിന് കിണഞ്ഞു ശ്രമിച്ചെങ്കിലും നടന്നില്ല. ഇന്നു നടക്കുന്ന രണ്ടാം സെമിഫൈനലില്‍ ജപ്പാന്‍-ചൈന മത്സരത്തിലെ വിജയികളെയാണ് ഇന്ത്യ ഫൈനലില്‍ നേരിടുക. ഇന്ന് ദക്ഷിണകൊറിയയ്ക്കെതിരേ ഹാര്‍ദ്ദിക് സിങ്, മന്‍ദീപ് സിങ്, ഹര്‍മന്‍പ്രീത് സിങ്, അമിത് രോഹിദാസ്, അഭിഷേക് എന്നിവരാണ് ഇന്ത്യക്കു വേണ്ടി സ്‌കോര്‍ ചെയ്തത്. ജാങ് ജോങ് ഹ്യൂങ്, ജങ് മജേ, കിം ഹ്യൂന്‍ജിന്‍ എന്നിവരാണ് കൊറിയയ്ക്കു വേണ്ടി സ്‌കോര്‍ ചെയ്തത്.

ഇതിനു മുമ്പ് 2014-ല്‍ ദക്ഷിണകൊറിയയിലെ ഇഞ്ചിയോണില്‍ നടന്ന ഗെയിംസിലായിരുന്നു ഇന്ത്യ അവസാനമായി ഫൈനല്‍ കളിച്ചത്. അന്ന് ചിരവൈരികളായ പാകിസ്താനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ തോല്‍പിച്ച് സ്വര്‍ണം നേടാനും ഇന്ത്യക്കായി. ഏഷ്യന്‍ ഗെയിംസ് ചരിത്രത്തില്‍ ഇത് ഇന്ത്യയുടെ 14-ാം ഫൈനലാണ്. ഇതുവരെ കളിച്ച 13 ഫൈനലുകളില്‍ മൂന്നു തവണ മാത്രമാണ് ഇന്ത്യക്ക് ജയിക്കാനായത്. ഒമ്പതു തവണ പാകിസ്താനോടു, ഒരു തവണ ദക്ഷിണകൊറിയയോടും പരാജയപ്പെട്ടു.

 

 

 

 

Top