ഏഷ്യന്‍ ഗെയിംസ് വനിതാ ക്രിക്കറ്റില്‍ ഇന്ത്യ സെമിയില്‍

ഹാങ്ചൗ: ഏഷ്യന്‍ ഗെയിംസ് വനിതാ ക്രിക്കറ്റില്‍ ഇന്ത്യ സെമിയില്‍. മലേഷ്യക്കെതിരെ വ്യാഴാഴ്ച നടന്ന ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരം മഴ കാരണം ഉപേക്ഷിച്ചിരുന്നു. എന്നാല്‍ മെച്ചപ്പെട്ട റാങ്കിങ് ഇന്ത്യന്‍ വനിതകള്‍ക്ക് സെമിയിലേക്കുള്ള വഴിയൊരുക്കി.

നായിക സ്മൃതി മന്ദാനയും ഷഫാലി വര്‍മ്മയും അടങ്ങിയ ഓപ്പണിങ് സഖ്യം ഇന്ത്യയ്ക്ക് മികച്ച തുടക്കം സമ്മാനിച്ചു. 39 പന്തില്‍ 67 റണ്‍സ് നേടിയ ഷഫാലിയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. അഞ്ച് സിക്സും നാല് ഫോറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്സ്. 16 പന്തില്‍ 27 റണ്‍സാണ് സ്മൃതി മന്ദാനയുടെ സമ്പാദ്യം. 29 പന്തില്‍ 47 റണ്‍സുമായി ജമീമ റോഡ്രിഗസ് പുറത്താകാതെ നിന്നു. റിച്ച ഘോഷ് ഏഴ് പന്തില്‍ നിന്ന് 23 റണ്‍സും നേടി.

മത്സരത്തിന്റെ ആദ്യ ദിനം മഴ കാരണം 15 ഓവറാക്കി വെട്ടിച്ചുരുക്കിയിരുന്നു. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ മലേഷ്യക്കെതിരെ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 173 റണ്‍സെന്ന നിലയില്‍ എത്തുകയും ചെയ്തു. എന്നാല്‍ മറുപടി ബാറ്റിങ്ങിനായി മലേഷ്യ ഇറങ്ങിയപ്പോള്‍ ആകെ രണ്ട് പന്താണ് എറിയാനായത്. അപ്പോഴേക്ക് മഴയെത്തുകയും മത്സരം ഉപേക്ഷിക്കുകയും ചെയ്തു.

Top