ഇന്ത്യയുടെ റഷ്യന്‍ എണ്ണ ഇറക്കുമതി; യു.എസിനെ തള്ളിയെന്ന് റഷ്യ ടുഡേ !

ന്യൂദല്‍ഹി: അമേരിക്കന്‍ ഭീഷണി വകവയ്ക്കാതെയാണ് ഇന്ത്യ, റഷ്യയുമായി എണ്ണ ഇറക്കുമതിക്ക് തയ്യാറായിരിക്കുന്നതെന്ന് വ്യക്തമാക്കി റഷ്യന്‍ ടി.വി. വിവിധ ഇന്ത്യന്‍ കമ്പനികളുമായുള്ള ഇടപാടുകള്‍ വ്യക്തമാക്കിയാണ് റഷ്യയിലെ പ്രമുഖ മാധ്യമം ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അമേരിക്കയുടെ ഉപരോധം ഭയന്ന് ചില രാജ്യങ്ങള്‍ റഷ്യന്‍ എണ്ണ വാങ്ങുന്നത് ഒഴിവാക്കുന്ന ഘട്ടത്തില്‍ തന്നെ ഇന്ത്യ ശക്തമായ നിലപാടുമായി പോകുന്നതിനെയാണ് വാര്‍ത്തയില്‍ പ്രകീര്‍ത്തിച്ചിരിക്കുന്നത്. ലോകത്തെ മൂന്നാമത്തെ വലിയ ഊര്‍ജ്ജ ഉപഭോക്താവാണ് ഇന്ത്യ, അതിന് ആവശ്യമായ ക്രൂഡ് ഓയിലിന്റെ ഏകദേശം 80% വും ഇറക്കുമതി ചെയ്യുന്നതാണ്. രാജ്യത്തിന്റെ മൊത്തം ക്രൂഡ് ഇറക്കുമതിയുടെ 3% മാത്രമാണ് റഷ്യയില്‍ നിന്നും നിലവില്‍ വരുന്നത്. യുക്രെയിന്‍ പ്രതിസന്ധിയില്‍ റഷ്യക്ക് ഇന്ത്യ കൈ കൊടുക്കുന്നതോടെ, വലിയ രൂപത്തിലാണ് എണ്ണ ഇന്ത്യയിലേക്ക് ഒഴുകാന്‍ പോകുന്നത്. കുറഞ്ഞ ചിലവില്‍ എണ്ണ ഉള്‍പ്പെടെയുള്ള ഉല്‍പ്പന്നങ്ങള്‍ നല്‍കാമെന്നതാണ് റഷ്യന്‍ ഓഫര്‍. ഈ ഓഫര്‍ ഇന്ത്യ സ്വീകരിച്ചതോടെ വെട്ടിലായിരിക്കുന്നത് അമേരിക്കയാണ്.

യുഎസ് ഡോളറും അനുബന്ധ ഉപരോധങ്ങളും ഒഴിവാക്കി ഇടപാടുകള്‍ നടത്താന്‍, ഇന്ത്യയുടെയും റഷ്യയുടെയും ദേശീയ കറന്‍സികള്‍ ഉപയോഗിക്കും. റഷ്യന്‍ എണ്ണയും മറ്റ് ചരക്കുകളും കനത്ത വിലക്കിഴിവില്‍ എടുക്കുന്നത് സന്തോഷകരമാണെന്ന് ഇന്ത്യന്‍ ഉദ്യാഗസ്ഥര്‍ വ്യക്തമാക്കിയതായും റോയിട്ടേഴ്സിനെ പരാമര്‍ശിച്ച് റഷ്യ ടുഡേ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഊര്‍ജ സുരക്ഷ ഉറപ്പാക്കാന്‍ ഇന്ത്യ എല്ലാ സാധ്യതകളും തേടുകയാണ്. പ്രാദേശിക മാധ്യമങ്ങള്‍ പറയുന്നതനുസരിച്ച്, ഇന്ത്യന്‍ സര്‍ക്കാര്‍ പ്രായോഗിക സമീപനമാണ് സ്വീകരിച്ചിരിക്കുന്നതെന്നും റഷ്യ ടുഡേ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

യൂറോപ്യന്‍ രാജ്യങ്ങള്‍ റഷ്യയില്‍ നിന്നും യാതൊരു നിയന്ത്രണങ്ങളുമില്ലാതെ ഇപ്പോഴും എണ്ണ വാങ്ങിക്കൂട്ടുമ്പോള്‍, ഇന്ത്യ മാത്രം റഷ്യയോട് നിയന്ത്രണങ്ങള്‍ പാലിക്കണമെന്ന് പറയുന്നതില്‍ ഒരു അര്‍ത്ഥമില്ലെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിരിക്കുന്നത്. റഷ്യയില്‍ നിന്നും ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ (ഐഒസി) കഴിഞ്ഞ ദിവസം വന്‍ വിലക്കിഴിവില്‍ 30 ലക്ഷം ബാരല്‍ അസംസ്‌കൃത എണ്ണ വാങ്ങിയതിനെതിരെ, ചില പാശ്ചാത്യകേന്ദ്രങ്ങളില്‍ നിന്നും ഇന്ത്യയ്‌ക്കെതിരെ വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ തന്നെ ഈ നീക്കത്തെ ന്യായീകരിച്ച് രംഗത്തെത്തിയിരിക്കുന്നത്.
റഷ്യയ്ക്കെതിരെ ഉപരോധങ്ങള്‍ പ്രഖ്യാപിക്കുമ്പോഴും മറ്റ് യൂറോപ്യന്‍ രാജ്യങ്ങള്‍ റഷ്യയുടെ എണ്ണ നിലവില്‍ വാങ്ങുന്നുണ്ട്. നെതര്‍ലാന്റ്‌സ്, ഇറ്റലി, പോളണ്ട്, ഫിന്‍ലാന്റ്, ലിത്വാനിയ, റൊമാനിയ എന്നിവയെല്ലാം ഇപ്പോഴും റഷ്യയുടെ എണ്ണയെ ആശ്രയിക്കുന്നവരാണ്. മാത്രമല്ല, റഷ്യയില്‍ നിന്നുള്ള എണ്ണയും ഗ്യാസും ഇറക്കുമതി ചെയ്യുന്നതിന് തടസ്സമില്ലാത്ത രീതിയിലാണ് യൂറോപ്യന്‍ രാജ്യങ്ങള്‍ റഷ്യയെ നിലവില്‍ ഉപരോധിക്കുന്നത്.

എന്തിനേറെ, അമേരിക്കയും ബ്രിട്ടണും റഷ്യന്‍ ബാങ്കുകളെ സ്വിഫ്റ്റില്‍ നിന്നും പുറത്താക്കിയപ്പോഴും, യൂറോപ്യന്‍ യൂണിയനില്‍പെട്ട രാജ്യങ്ങള്‍ ഇപ്പോഴും റഷ്യന്‍ ബാങ്കുകളെ സ്വിഫ്റ്റില്‍ നിന്നും പുറത്താക്കിയിട്ടില്ലന്നതും ശ്രദ്ധേയമാണ്. വിദേശ ഇടപാടുകള്‍ നടത്തുമ്പോള്‍ പണക്കൈമാറ്റം നടത്തുന്നതിനുള്ള ഈ സംവിധാനത്തില്‍ നിന്നും റഷ്യന്‍ ബാങ്കുകളെ പുറത്താക്കുക വഴി റഷ്യയില്‍ സാമ്പത്തിക പ്രതിസന്ധി ഉണ്ടാക്കാനാണ് അമേരിക്ക ശ്രമിച്ചിരുന്നത്. ആ നീക്കവും ഇപ്പോള്‍ പാളിയിരിക്കുകയാണ്. യൂറോപ്യന്‍ രാഷ്ട്രങ്ങള്‍ക്ക് ഇപ്പോഴും അവരുടെ കറന്‍സികളില്‍ റഷ്യന്‍ ബാങ്കുകള്‍ വഴി പണമടച്ച് എണ്ണ വാങ്ങാന്‍ കഴിയുന്നുണ്ട്.

ഈ സാഹചര്യത്തില്‍, ഇന്ത്യ മാത്രം റഷ്യയോട് പരിമിതമായി എണ്ണക്കച്ചവടം നടത്തണമെന്ന് അമേരിക്കക്കും ഇനി ശഠിക്കാനാവില്ല. ഇന്ത്യ തീര്‍ച്ചയായും കുറഞ്ഞ വിലയ്ക്ക് എണ്ണ
കിട്ടാവുന്ന മാര്‍ഗ്ഗങ്ങള്‍ അന്വേഷിക്കുമെന്നും, അതു വാങ്ങുമെന്നും തന്നെയാണ് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നത്. റഷ്യയുമായി നിയമാനുസൃതമായി ഇന്ത്യ നടത്തുന്ന എണ്ണ ഇടപാടിനെ രാഷ്ട്രീയ വല്‍ക്കരിക്കരുതെന്നും കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ലോകത്തെ ഏറ്റവും ശക്തമായ മിസൈല്‍ പ്രതിരോധ സംവിധാനമായ റഷ്യയുടെ എസ് 400 ട്രയംഫിന്റെ അവശേഷിക്കുന്ന ഇടപാടുകളെയും ഉപരോധം ബാധിക്കില്ലന്നും ഇന്ത്യയും റഷ്യയും ഇതിനകം തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഈ ആയുധ കൈമാറ്റത്തെ ശക്തമായി എതിര്‍ത്ത അമേരിക്ക, ഇന്ത്യക്കെതിരെ ഉപരോധ ഭീഷണി പുറപ്പെടുവിച്ചെങ്കിലും, ഇന്ത്യ അത് തള്ളിക്കളയുകയാണ് ഉണ്ടായത്. ഇപ്പോള്‍ എണ്ണയുടെ കാര്യത്തിലും സമാന നിലപാടുമായി കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടു പോകുമ്പോള്‍, അത് ലോകത്തിനു നല്‍കുന്ന സന്ദേശവും വ്യക്തമാണ്. ‘റഷ്യയെ വിട്ടൊരു കളിക്കും ഇന്ത്യ ഇല്ല എന്നതു തന്നെ’

Top