ലോകത്തെ ഞെട്ടിച്ച കണ്ടു പിടുത്തവുമായി ഇന്ത്യ, പുതിയ വൈറസിനും ‘കുരുക്കിട്ടു’

ന്യൂഡൽഹി: ലോക രാഷ്ട്രങ്ങളെയാകെ അത്ഭുതപ്പെടുത്തി ഇന്ത്യയുടെ വമ്പൻ നേട്ടം. യുകെയിൽ കണ്ടെത്തിയ കൊറോണ വൈറസിന്റെ പുതിയ വകഭേദത്തെയാണ് ഇന്ത്യ വിജയകരമായി കൾച്ചർ ചെയ്തിരിക്കുന്നത്. ലോകത്തെ ഒരു രാജ്യത്തിനും കഴിയാത്തതാണ് ഇന്ത്യയിലെ മിടുക്കൻമാർ ചെയ്ത് കാണിച്ചിരിക്കുന്നത്. ഇന്ത്യൻ കൗൺസിൽ ഫോർ മെഡിക്കൽ റിസർച് (ഐസിഎംആർ) ആണ് ട്വിറ്ററിൽ ഇക്കാര്യം ഒദ്യോഗികമായി അറിയിച്ചിരിക്കുന്നത്.

നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിൽ (എൻഐവി),  യുകെയിൽനിന്ന് തിരികെയെത്തി കോവിഡ് സ്ഥിരീകരിച്ചവരിൽനിന്ന് ശേഖരിച്ച സാംപിളുകളിൽനിന്നാണ്, വൈറസിന്റെ പുതിയ വകഭേദത്തെ വേർതിരിച്ചെടുത്തതെന്ന് ഐസിഎംആർ വ്യക്തമാക്കിയിട്ടുണ്ട്. നിയന്ത്രിത സാഹചര്യങ്ങളിൽ, കോശങ്ങൾ അവയുടെ സ്വാഭാവിക പരിതസ്ഥിതിക്ക് പുറത്തുവളരുന്ന പ്രക്രിയയാണ് കള്‍ച്ചർ. ഇതുവരെ മറ്റൊരു രാജ്യങ്ങളും വൈറസിന്റെ പുതിയ വകഭേദത്തെ കൾച്ചർ ചെയ്തതായി റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും ഐസിഎംആർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

വെറോ സെൽ ലൈനുകൾ ഉപയോഗിച്ചാണ് വൈറസിനെ കൾച്ചർ ചെയ്തതെന്നാണ് ഐസിഎംആറിലെയും എൻഐവിയിലേയും ഗവേഷകർ അറിയിച്ചിരിക്കുന്നത്.ലോകത്തെയാകെ പിടിച്ചുലച്ച കൊറോണ വൈറസിന്റെ പുതിയ വകഭേദത്തെ, കഴിഞ്ഞ മാസമാണ് യുകെയിൽ സ്ഥിരീകരിച്ചിരുന്നത്. കോവിഡിനേക്കാൾ 70 ശതമാനം കൂടുതൽ വ്യാപനശേഷിയുള്ളതാണ് പുതിയ വൈറസ്. ഇതുവരെ ഇന്ത്യയിലെ 29 പേർക്കാണ് ജനിതക മാറ്റംവന്ന വൈറസ് രോഗം സ്ഥിരീകരിച്ചത്.ഇന്ത്യയുടെ പുതിയ കണ്ടുപിടുത്തം ലോക ജനതക്കാണ് ആശ്വാസമായിരിക്കുന്നത്. രാജ്യത്തിന്റെ യശസ്സാണ് കൂടുതൽ ഉയർന്നിരിക്കുന്നത്.

(എക്സ്പ്രസ്സ് കേരളയുടെ ഏറ്റവും പുതിയ വീഡിയോ കാണുക)

Top