India hits back at Pakistan with Balochistan issue

ന്യൂഡല്‍ഹി: പാക്കിസ്ഥാനെയും ചൈനയയെും പ്രതിരോധത്തിലാക്കുന്നത് മുന്‍ മലയാളി ഐപിഎസ് ഓഫീസര്‍ അജിത് ദോവലും മുന്‍ കരസേന മേധാവി വി കെ സിങ്ങും മോദിക്കൊപ്പം ചേര്‍ന്ന് നടത്തുന്ന തന്ത്രങ്ങള്‍.

മോദി മന്ത്രിസഭയില്‍ വിദേശകാര്യ സഹമന്ത്രിയായ വികെ സിങ്ങും പ്രധാനമന്ത്രിയുടെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ദോവലും സംയുക്തമായി ഒരുക്കിയ തന്ത്രങ്ങളാണ് യമനില്‍ ഐഎസ് തീവ്രവാദികള്‍ ബന്ധികളാക്കിയ മലയാളി നഴ്‌സുമാര്‍ അടക്കമുള്ളവരെ മോചിപ്പിക്കാന്‍ വഴി തുറന്നിരുന്നത്. തുടര്‍ന്ന് ആഭ്യന്തരയുദ്ധം രൂക്ഷമായ യമന്‍,ലിബിയ,സുഡാന്‍, ഇറാഖ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് വിദേശികളടക്കമുള്ളവരെ പോലും ഒരു പോറലു പോലും ഏല്‍ക്കാതെ രക്ഷപ്പെടുത്താനും ഇന്ത്യന്‍ എയര്‍ഫോഴ്‌സിന് കഴിഞ്ഞതിന് പിന്നിലും ഈ രണ്ട് പേരുടെ ബുദ്ധിയായിരുന്നു. ഇവരുടെ നീക്കങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാരിന്റെ പൂര്‍ണ്ണ പിന്തുണയാണ് മോദി നല്‍കിയിരുന്നത്.

ഐഎസ് തീവ്രവാദികള്‍ തട്ടിക്കൊണ്ട് പോയവരെ മോചിപ്പിക്കാന്‍ ഇന്ത്യ സ്വീകരിച്ച മാര്‍ഗ്ഗം ഇതുവരെ പുറത്ത് വന്നിട്ടില്ലെങ്കിലും ഇന്ത്യന്‍ പടക്കപ്പലുകളും വ്യോമസേനയുമെല്ലാം വട്ടമിട്ട് പറന്ന് ഒരുക്കിയ ‘വ്യൂഹ’ ത്തിനിടെയായിരുന്നു ലോകം ഉറ്റുനോക്കിയ മോചനം സാധ്യമായിരുന്നത്.

ഇപ്പോള്‍ അതിര്‍ത്തിയില്‍ പാക്കിസ്ഥാനും ചൈനയുമെല്ലാം ഉയര്‍ത്തുന്ന വെല്ലുവിളി നേരിടാനും അജിത് ദോവലും വി കെ സിങ്ങും ചില നിര്‍ണ്ണായക നീക്കങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്.

കാശ്മീരിലെ സംഘര്‍ഷം ലോക ശ്രദ്ധയില്‍ കൊണ്ടുവന്ന് ഇന്ത്യയെ ഒറ്റപ്പെടുത്താനുള്ള നീക്കത്തിനുള്ള തിരിച്ചടിയാണ് ഇപ്പോള്‍ പാക്കിസ്ഥാനെ പ്രതിക്കൂട്ടിലാക്കുന്ന ബലൂചിന്‍ വിവാദം.

കഴിഞ്ഞ സ്വാതന്ത്യ ദിനാഘോഷ ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വിവാദമായ ബലൂചിസ്ഥാന്‍ വിവാദമുയര്‍ത്തിയത് ദോവലിന്റെയും വികെ സിങ്ങിന്റെയും ഇടപെടലുകളുടെ ഭാഗമായാണ്.

ബലൂചിസ്ഥാന്‍, ഗില്‍ജിത്, പാക് അധീന കാശ്മീര്‍ എന്നിവിടങ്ങളില്‍ പാക്കിസ്ഥാന്‍ നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ ലോകത്തിന് മുന്നില്‍ ഉന്നയിച്ചതിന് ഈ മേഖലകളിലുള്ളവര്‍ ഇന്ത്യക്ക് നന്ദി പറയുകയാണെന്നായിരുന്നു മോദിയുടെ പരാമര്‍ശം.

ഇവിടെ ഇന്ത്യന്‍ രഹസ്യാന്വേഷണ വിഭാഗമായ ‘റോ’യുടെ നേതൃത്വത്തില്‍ അനധികൃതമായ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയാണെന്നാണ് പാക്കിസ്ഥാന്‍ ആരോപിക്കുന്നത്.

എന്നാല്‍ പാക്ക് അധികൃതരുടെ എതിര്‍പ്പുകള്‍ അവഗണിച്ച് ബലൂച് നിവാസികള്‍ മോദിയുടെ പ്രസ്താവനയെ ഹര്‍ഷാരവത്തോടെയാണ് സ്വീകരിച്ചത്. പാക് പട്ടാളത്തിന് മുന്നിലൂടെ മോദിയുടെ ചിത്രവുമായി പ്രകടനം നടത്തിയ സ്വന്തം ‘നാട്ടുകാരെ’ കണ്ട് അമ്പരന്നത് പാക്കിസ്ഥാന്‍ മാത്രമല്ല ലോകരാഷ്ട്രങ്ങള്‍ കൂടിയാണ്.

ബലൂചിസ്ഥാനില്‍ പാക്ക് സൈന്യം നടത്തുന്ന അതിക്രമങ്ങളും മനുഷ്യാവകാശ ലംഘനങ്ങളും ലോകശ്രദ്ധയില്‍ എത്തിക്കുക വഴി കാശ്മീരിനെ മുന്‍നിര്‍ത്തി പാക്കിസ്ഥാന്‍ നടത്തുന്ന ഇടപെടലുകള്‍ക്ക് അതേ നാണയത്തില്‍ തിരിച്ചടി നല്‍കാമെന്ന അജിത് ദോവലിന്റെയും വികെ സിങ്ങിന്റെയും അഭിപ്രായം മുഖവിലക്കെടുത്തായിരുന്നു പ്രധാനമന്ത്രിയുടെ നീക്കങ്ങള്‍. പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കറും ഈ നിര്‍ദ്ദേശത്തിനനുസരിച്ചാണ് നടപടി സ്വീകരിച്ചത്.

ബലൂചിസ്ഥാനിലെ പ്രശ്‌നങ്ങള്‍ യുഎന്നില്‍ ഉന്നയിക്കാനാണ് ഇപ്പോള്‍ ഇന്ത്യയുടെ തീരുമാനം. എല്ലാക്കാലത്തും കാശ്മീര്‍ വിഷയം ഉന്നയിച്ച് ഇന്ത്യയെ ലോകരാഷ്ട്രങ്ങള്‍ക്ക് മുന്നില്‍ കടന്നാക്രമിക്കുന്ന പാക്കിസ്ഥാന് ഈ സാഹചര്യം വലിയ ബുദ്ധിമുട്ടാണ് ഉണ്ടാക്കാന്‍ പോവുന്നത്.

ബലൂചിസ്ഥാന്‍ വിഷയത്തില്‍ ഇനി മറുപടി പറയാതെ മുന്നോട്ട് പോവാന്‍ പാക്കിസ്ഥാന് കഴിയില്ലെന്നാണ് നയതന്ത്ര വിദഗ്ധരും ചൂണ്ടിക്കാട്ടുന്നത്.

ചൈനയുമായുള്ള പാക് ബന്ധം ദൃഢമായതോടെ അമേരിക്ക കൈവിട്ടതും പാക്കിസ്ഥാന് തിരിച്ചടിയാവും.

അമേരിക്കയെ കൂടി വിശ്വാസത്തിലെടുത്താണ് ഇക്കാര്യത്തില്‍ ഇന്ത്യയുടെ ചുവട് വയ്‌പ്പെന്നതും ശ്രദ്ധേയമാണ്.

ഇന്ത്യയുടെ ബലൂചിസ്ഥാന്‍ നിലപാടിന് സ്വന്തം രാജ്യത്തിനകത്ത് തന്നെ പിന്‍തുണ ഏറിവരുന്നത് പാക്കിസ്ഥാനെ മാത്രമല്ല ചൈനയെയും പരിഭ്രാന്തരാക്കിയിട്ടുണ്ട്.

മൂന്ന്‌ലക്ഷം കോടി രൂപ ചിലവിട്ട് ചൈന പാക്കിസ്ഥാനില്‍ നടപ്പാക്കുന്ന സാമ്പത്തിക ഇടനാഴിയുടെ പ്രധാന കേന്ദ്രമാണ് ബലൂചിസ്ഥാനെന്നതാണ് ചൈനയെ ആശങ്കയിലാഴ്ത്തുന്നത്.

പാക്കിസ്ഥാനെ ലക്ഷ്യമിട്ട് മാത്രമല്ല തങ്ങളുടെ പാത തടയുന്നതിന് കൂടിയാണ് ഇന്ത്യയുടെ ഇപ്പോഴത്തെ നീക്കങ്ങളെന്നാണ് ചൈനീസ് ഭരണകുടം വിശ്വസിക്കുന്നത്. അടുത്തയിടെ അരുണാചല്‍പ്രദേശിലെ ചൈനീസ് അതിര്‍ത്തിക്കടുത്ത് സമുദ്രനിരപ്പലില്‍ നിന്നും 11,000 അടിക്ക് മുകളില്‍ ഇന്ത്യ വ്യോമ താവളം തുറന്നത് ചൈനയെ പ്രകോപിപ്പിച്ചിരുന്നു. അതിന് തൊട്ടുപിന്നാലെയാണ് ഇപ്പോള്‍ ബലൂച് വിവാദവും കത്തിപ്പടരുന്നത്.

ചൈനയിലെ സിന്‍ജിയാങ് പ്രവിശ്യയെ പാക്കിസ്ഥാനുമായി ബന്ധിപ്പിച്ചുള്ളതാണ് സ്വപ്നപദ്ധതി. ബലൂചിസ്ഥാനിലെ ഗദര്‍ തുറമുഖത്ത് നിന്ന് എണ്ണയും പ്രകൃതി വാതകവും പാക്ക് അധീന കാശ്മീര്‍ വഴി സിന്‍ജിയാങിലെ കഷ്ഗറിലെത്തിക്കുന്നതിനുള്ള റയില്‍,റോഡ്,പൈപ്പ്‌ലൈന്‍ സംവിധാനങ്ങള്‍ ഒരുക്കുകയാണ് ചൈനയുടെ ലക്ഷ്യം.

ഗദര്‍ തുറമുഖത്തിന്റെ നിര്‍മ്മാണത്തിനായി 2,000 ഏക്കറാണ് പാക്കിസ്ഥാന്‍ ചൈനക്കായി വിട്ട് കൊടുത്തിരിക്കുന്നത്.

തങ്ങളുടെ മണ്ണും സൗകര്യങ്ങളും ഉപയോഗിച്ച് നടപ്പാക്കുന്ന പദ്ധതിയുടെ നേട്ടം മുഴുവന്‍ പഞ്ചാബ് പ്രവിശ്യ സ്വന്തമാക്കുന്നതിനെതിരെ ബലൂചിസ്ഥാനില്‍ വന്‍ പ്രതിഷേധമാണ് അലയടിക്കുന്നത്.ഈ എരിതീയിലേക്കാണ് ഇപ്പോള്‍ ഇന്ത്യ എണ്ണ ഒഴിച്ചിരിക്കുന്നത്.

ബ്രിട്ടീഷുകാര്‍ ഇന്ത്യ വിട്ടതിന് ശേഷം ഏഴരമാസത്തോളം ബലൂചിസ്ഥാന്‍ സ്വതന്ത്രരാജ്യമായിരുന്നു.

പാക്കിസ്ഥാന്‍ സ്വതന്ത്രമായപ്പോള്‍ ബലൂചിസ്ഥാന്‍ അതിന്റെ ഭാഗമാകാന്‍ അന്നത്തെ ഭരണാധികാരിയായിരുന്ന മിര്‍ അഹമ്മദ് യാര്‍ഖാന്‍ സമ്മതിച്ചിരുന്നില്ല.

തുടര്‍ന്ന് പാക്ക് സൈന്യവും ബലൂചികളും തമ്മില്‍ ഏറ്റുമുട്ടി ബലമായി 1948 മാര്‍ച്ച് 28ന് ബലൂചിസ്ഥാനെ പാക്കിസ്ഥാന്റെ ഭാഗമാക്കുകയായിരുന്നു. അന്ന് ഇന്ത്യ ഒരു നിലപാടെടുത്തിരുന്നുവെങ്കില്‍ പാക്കിസ്ഥാന് ഇത് സാധ്യമാകുമായിരുന്നില്ല എന്ന വിമര്‍ശനം ഇപ്പോഴും ഉണ്ട്.

1.3 കോടി ജനസംഖ്യയുള്ള ബലൂചിസ്ഥാന്‍ ദീര്‍ഘകാലമായി സ്വാതന്ത്യത്തിന് വേണ്ടി വാദിച്ച് കൊണ്ടിരിക്കുകയാണ്.

ഇന്ത്യയുടെ പുതിയ നിലപാടിനെ ഇപ്പോള്‍ ജനീവയില്‍ കഴിയുന്ന ബലൂച് റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതാവ് ബ്രഹം താ ബുക്തി സ്വാഗതം ചെയ്ത് കഴിഞ്ഞു. ഇന്ത്യയുടെ സഹായത്തോടെ പാക്കിസ്ഥാനില്‍ നിന്ന് മോചനം നേടാമെന്നാണ് ഈ വിഭാഗത്തിന്റെ കണക്ക്കൂട്ടല്‍.

ഇന്ത്യയാവട്ടെ വിഷയം കത്തിച്ച് നിര്‍ത്തി കാശ്മീരില്‍ പാക്കിസ്ഥാന്‍ നല്‍കുന്ന ‘തലവേദന’ക്ക് ചുട്ട മറുപടി കൊടുക്കാനാണ് ഈ അവസരം ഉപയോഗിക്കുന്നത്. ഒപ്പം ചൈനയുടെ സ്വപ്ന പദ്ധതിക്ക് മേല്‍ കരിനിഴല്‍ വീഴ്ത്തലും ലക്ഷ്യമാണ്. ആയുധങ്ങള്‍ക്കപ്പുറം ബുദ്ധി ഉപയോഗിച്ചുള്ള ഈ മുവര്‍ സംഘത്തിന്റെ കരുനീക്കങ്ങള്‍ പാക്കിസ്ഥാന്റെയും ചൈനയുടെയും കണക്കു കൂട്ടലുകള്‍ക്കുമപ്പുറമാണ്.

Top