ഇന്ത്യയുടെ പൗരത്വ ബില്ലില്‍ അമേരിക്കയ്ക്ക് എന്ത് കാര്യം?

ന്ത്യയുടെ പൗരത്വ ഭേദഗതി ബില്ലിനെതിരെ അഭിപ്രായം പറഞ്ഞ അമേരിക്കയുടെ ഇന്റര്‍നാഷണല്‍ റിലീജ്യസ് ഫ്രീഡം പാനലിന് എതിരെ ശക്തമായി തിരിച്ചടിച്ച് വിദേശകാര്യ മന്ത്രാലയം. പൗരത്വ ബില്ലിനെ അപലപിച്ച് വാര്‍ത്താക്കുറിപ്പ് ഇറക്കിയ യുഎസ് പാനലിന്റെ നടപടി തെറ്റായതും, അനാവശ്യവുമാണെന്ന് ഇന്ത്യ വ്യക്തമാക്കി. ലോക്‌സഭ പാസാക്കിയ ബില്‍ ഇപ്പോള്‍ രാജ്യസഭയുടെ പരിഗണനയിലാണ്.

ബില്‍ നിയമമായാല്‍ പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവിടങ്ങില്‍ നിന്നും ആട്ടിയോടിക്കപ്പെടുന്ന ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് ഇന്ത്യയില്‍ പൗരത്വത്തിന് അപേക്ഷിക്കാന്‍ അവസരം ലഭിക്കും. എന്നാല്‍ ബില്‍ ഭരണഘടനാ വിരുദ്ധമാണെന്നാണ് വിമര്‍ശകരുടെ പക്ഷം. പൗരത്വ ബില്‍ തെറ്റായ ദിശയിലുള്ള അപകടകരമായ നീക്കമെന്നാണ് യുണൈറ്റഡ് സ്റ്റേറ്റ്‌സ് കമ്മീഷന്‍ ഓണ്‍ ഇന്റര്‍നാഷണല്‍ റിലീജ്യസ് ഫ്രീഡം (യുഎസ്‌സിഐആര്‍എഫ്) കുറ്റപ്പെടുത്തിയിരുന്നു.

പാര്‍ലമെന്റിന്റെ ഇരുസഭകളിലും ബില്‍ പാസായാല്‍ ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും, മറ്റ് മുതിര്‍ന്ന ഇന്ത്യന്‍ നേതാക്കള്‍ക്കും എതിരെ ഉപരോധം ഏര്‍പ്പെടുത്തുന്നത് പരിഗണിക്കണമെന്നാണ് യുഎസ്‌സിഐആര്‍എഫ് ആവശ്യപ്പെട്ടത്. ഇന്ത്യയില്‍ നിലവില്‍ അഭയാര്‍ത്ഥികളായി കഴിയുന്ന ആട്ടിയോടിക്കപ്പെട്ട മത ന്യൂനപക്ഷ സമൂഹങ്ങളില്‍ നിന്നുള്ളവരുടെ ബുദ്ധിമുട്ടുകള്‍ പരിഗണിച്ച്, അടിസ്ഥാന മനുഷ്യാവകാശ സംരക്ഷണത്തിന്റെ ഭാഗമായാണ് ബില്‍ എന്നും വിദേശകാര്യ മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.

ഏതെങ്കിലും മതവിഭാഗത്തിലുള്ള ഒരു ഇന്ത്യന്‍ പൗരന്റെയും പൗരത്വം ബില്‍ വഴി നഷ്ടമാകില്ലെന്നും ഇന്ത്യ വ്യക്തമാക്കി. അമേരിക്കയുടെ ഫെഡറല്‍ പാനല്‍ ഈ വിധത്തില്‍ പ്രതികരിക്കുന്നത് നിക്ഷിപ്ത താല്‍പര്യങ്ങള്‍ മൂലമാണെന്ന് വ്യക്തമാണ്. പല യുഎസ് പാനലുകളിലും കടന്നുകയറിയ പാക് വംശജരാണ് ഇന്ത്യക്കെതിരെ നിലപാടുകള്‍ പുറത്തുവിടാറുള്ളത്.

Top