ഇംഗ്ലണ്ട് വനിതകള്‍ക്കെതിരായ ട്വന്റി 20 പരമ്പരയില്‍ ഇന്ത്യയ്ക്ക് ആശ്വാസ വിജയം

മുംബൈ: ഇംഗ്ലണ്ട് വനിതകള്‍ക്കെതിരായ ട്വന്റി 20 പരമ്പരയില്‍ ഇന്ത്യയ്ക്ക് ആശ്വാസ വിജയം. മൂന്നാം ട്വന്റി 20യില്‍ ഇംഗ്ലണ്ടിനെ ഇന്ത്യന്‍ വനിതകള്‍ അഞ്ച് വിക്കറ്റിന് തോല്‍പ്പിച്ചു. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 126 റണ്‍സില്‍ എല്ലാവരും പുറത്തായി. 19 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ ലക്ഷ്യത്തിലെത്തി. ആദ്യ രണ്ട് മത്സരങ്ങളും വിജയച്ച ഇംഗ്ലണ്ട് പരമ്പര നേരത്തെ തന്നെ സ്വന്തമാക്കിയിരുന്നു.

മറുപടി പറഞ്ഞ ഇന്ത്യയ്ക്ക് ആറ് റണ്‍സെടുത്ത ഷഫാലി വര്‍മ്മയെ വേഗത്തില്‍ നഷ്ടമായി. രണ്ടാം വിക്കറ്റില്‍ സ്മൃതി മന്ദാനയും ജമീമ റോഡ്രിഗസും നടത്തിയ പ്രകടനമാണ് മത്സരത്തില്‍ നിര്‍ണായകമായത്. മന്ദാന 48 റണ്‍സെടുത്തു. 29 റണ്‍സായിരുന്നു ജമീമയുടെ സംഭാവന. ദീപ്തി ശര്‍മ്മ 12 റണ്‍സെടുത്തും റിച്ച ഘോഷ് രണ്ട് റണ്‍സെടുത്തും പുറത്തായി. പിന്നാലെ ക്യാപ്റ്റന്‍ ഹര്‍മ്മന്‍പ്രീത് കൗറും അമന്‍ജോത് കൗറും കൂടുതല്‍ നഷ്ടങ്ങള്‍ വരുത്താതെ ഇന്ത്യയെ വിജയിപ്പിച്ചു.

മത്സരത്തില്‍ ടോസ് നേടിയ ഇംഗ്ലണ്ട് വനിതകള്‍ ബാറ്റ് ചെയ്യാന്‍ തീരുമാനിച്ചു. 52 റണ്‍സെടുത്ത ക്യാപ്റ്റന്‍ ഹീതര്‍ നൈറ്റിന്റെയും 25 റണ്‍സെടുത്ത എമി ജോണ്‍സിന്റെയും പ്രകടനമാണ് ഇംഗ്ലണ്ട് സ്‌കോര്‍ മൂന്നക്കത്തില്‍ എത്തിച്ചത്. ഇന്ത്യയ്ക്ക് വേണ്ടി ശ്രേയങ്ക പാട്ടില്‍, സൈക ഇഷാക് എന്നിവര്‍ മൂന്ന് വിക്കറ്റുകള്‍ വീതം വീഴ്ത്തി. രേണുക സിംഗും അമന്‍ജോത് കൗറും രണ്ട് വിക്കറ്റുകള്‍ വീതം പങ്കിട്ടു.

 

Top