India has to decide its stand on South China Sea: China

പനാജി: ദക്ഷിണ ചൈനാക്കടലുമായി ബന്ധപ്പെട്ട് ഇന്ത്യയുടെ നിലപാട് വ്യക്തമാക്കണമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രി വാങ്ങ് യീ അഭിപ്രായപ്പെട്ടു. ദക്ഷിണ ചൈനാ കടല്‍ വിഷയത്തില്‍ ചൈനയെ പിന്തുണയ്ക്കുമോ എന്ന് വ്യക്തമാക്കാന്‍ ഇന്ത്യ തയ്യാറാകണം.

ദക്ഷിണ ചൈനാക്കടലുമായി ബന്ധപ്പെട്ട് ഇന്ത്യയുടെ പിന്തുണ ആവശ്യപ്പെടാനാണോ ഇവിടേക്ക് എത്തിയതെന്ന ചോദ്യത്തിന് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

മൂന്നു ദിവസത്തെ ഇന്ത്യന്‍ സന്ദര്‍ശത്തിനായി വെള്ളിയാഴ്ച രാവിലെ യീ ഗോവയില്‍ എത്തി. ബ്രിക്‌സ് ഉച്ചകോടിയുമായി ബന്ധപ്പെട്ട് ഗോവ മുഖ്യമന്ത്രിയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്താന്‍ തീരുമാനിച്ചിരുന്നു.

യീയുടെ ഇന്ത്യന്‍ സന്ദര്‍ശനത്തിന് മുമ്പ്, തര്‍ക്കം നിലനില്‍ക്കുന്ന പ്രദേശത്തിലുള്ള ഇന്ത്യയുടെ നിലപാട് ചൈനയുമായുള്ള ബന്ധത്തെ ബാധിക്കുമെന്നും അത് ഇന്ത്യന്‍ ബിസിനസുകാര്‍ക്ക് പ്രശ്‌നമുണ്ടാക്കുമെന്ന് ചൈനീസ് പത്രമായ ഗ്ലോബല്‍ ടൈംസിന്റെ എഡിറ്റോറിയലില്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.

ചൈനയുമായുള്ള സാമ്പത്തികസഹകരണം ശക്തമാക്കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ദക്ഷിണ ചൈനാ കടല്‍ വിഷയത്തില്‍ ഇന്ത്യ അനാവശ്യമായി ഇടപെടരുതെന്ന് ഗ്ലോബല്‍ ടൈംസ് മുഖപ്രസംഗത്തില്‍ ആവശ്യപ്പെട്ടിരുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദി, വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് എന്നിവരുമായി യീ കൂടിക്കാഴ്ച നടത്തും. ജി 20 ഉച്ചകോടിയില്‍ വിവാദവിഷയമായ ദക്ഷിണ ചൈനാക്കടല്‍ പ്രശ്‌നം ഉയര്‍ത്തുന്ന രാജ്യങ്ങളില്‍ ഇന്ത്യ ഉണ്ടാകാതിരിക്കാനുള്ള ശ്രമങ്ങള്‍ യീയുടെ ഭാഗത്തു നിന്ന് ഉണ്ടാകുമെന്ന് ചില വൃത്തങ്ങള്‍ പറയുന്നു

Top