ഓസ്‌ട്രേലിയക്കെതിരെ ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് ഭേദപ്പെട്ട തുടക്കം; ഗില്ലിന് അർധ സെഞ്ചുറി

സിഡ്നി: ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഒന്നാം ഇന്നിങ്‌സ് സ്‌കോറായ 338-നെതിരേ ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് ഭേദപ്പെട്ട തുടക്കം. ഇന്ത്യയ്ക്ക് വേണ്ടി വൈസ് ക്യാപ്റ്റൻ രോഹിത് ശര്‍മയോടൊപ്പം ശുഭ്മാന്‍ ഗില്ലാണ് ഓപ്പണിങ്ങിനിറങ്ങിയത്. പരമ്പരയിലെ ഇന്ത്യയുടെ മൂന്നാമത്തെ ഓപ്പണിങ് കോമ്പിനേഷന്‍ കൂടിയാണിത്. ആദ്യ ടെസ്റ്റില്‍ മായങ്ക് അഗര്‍വാല്‍- പൃഥ്വി ഷാ സഖ്യവും രണ്ടാം ടെസ്റ്റില്‍ മായങ്ക് അഗര്‍വാള്‍- ശുഭ്മാന്‍ ഗില്‍ സഖ്യവുമായിരുന്നു ഓപ്പണ്‍ ചെയ്തത്.

ആദ്യ വിക്കറ്റില്‍ 70 റണ്‍സ് നേടി ഈ സഖ്യം മികച്ച തുടക്കമാണ് ടീമിനു നല്‍കിയത്. 77 ബോളില്‍ മൂന്നൂ ബൗണ്ടറികളും ഒരു സിക്‌സറുമടക്കം 26 റൺസെടുത്ത രോഹിത്തിനെ പുറത്താക്കി ജോഷ് ഹെയ്സൽവുഡാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. പിന്നീട് 101 പന്തിൽ നിന്ന് എട്ടു ബൗണ്ടറിയടക്കം 50 റൺസെടുത്ത് ഗില്ലും പുറത്തായി. ചേതേശ്വർ പൂജാരയും ക്യാപ്റ്റൻ അജിങ്ക്യ രഹാനെയുമാണ് ക്രീസിൽ.2010നു ശേഷം ഏഷ്യക്കു പുറത്ത് ടെസ്റ്റില്‍ ഒരിന്നിങ്‌സില്‍ 20ല്‍ കൂടുതല്‍ ഓവറുകള്‍ കളിച്ച ഇന്ത്യയുടെ ആദ്യ ഓപ്പണിങ് സഖ്യമായി മാറിയിരിക്കുകയാണ് രോഹിത് ശര്‍മ- ശുഭ്മാന്‍ ഗിൽ സഖ്യം.

Top