ദോക് ലായിലേക്ക് ഇന്ത്യ കൂടുതല്‍ സൈന്യത്തെ അയച്ചതായി റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: ചൈനയുമായി സംഘര്‍ഷം നിലനില്‍ക്കുന്ന സിക്കിം അതിര്‍ത്തിയിലെ ദോക് ലായിലേക്ക് ഇന്ത്യ കൂടുതല്‍ സൈന്യത്തെ അയച്ചതായി റിപ്പോര്‍ട്ട്.

റോയിട്ടേഴ്‌സും പിടിഐയുമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. സിക്കിം, അരുണാചല്‍ പ്രദേശ് മേഖലയിലെ സൈനികര്‍ക്കു പിന്തുണ നല്‍കുന്നതിനായാണ് ഈ നീക്കമെന്നാണു സൂചന.

അതേസമയം ഈ വിഷയത്തില്‍ സൈനികവൃത്തങ്ങള്‍ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ഓപ്പറേഷന്റെ വിശദാംശങ്ങള്‍ വെളിപ്പെടുത്താന്‍ കഴിയില്ലെന്ന് പ്രതികരണത്തിനായി സമീപിച്ച വാര്‍ത്താ ഏജന്‍സികളോട് സൈനിക വൃത്തങ്ങള്‍ അറിയിച്ചു. അതേസമയം, വാര്‍ഷിക പരിശീലനത്തിന്റെ ഭാഗമായി കൂടുതല്‍ സൈനികരെ അയയ്ക്കുന്നുണ്ടെന്ന് സൈന്യം കഴിഞ്ഞദിവസം ഔദ്യോഗികമായി പ്രതികരിച്ചിരുന്നു.

മൂന്നുമാസത്തോളമായി തുടരുന്ന സംഘര്‍ഷാവസ്ഥയില്‍ നിന്ന് ഇരുരാജ്യങ്ങളും പിന്‍മാറാന്‍ തയാറല്ലെന്ന് ഇതോടെ വ്യക്തമായി. ജൂണ്‍ 16നു സിക്കിം അതിര്‍ത്തിയോടു ചേര്‍ന്ന ദോക് ലായില്‍ ചൈനീസ് സേന റോഡ് നിര്‍മിക്കുന്നത് ഇന്ത്യ തടഞ്ഞതോടെയാണ് മേഖലയില്‍ സംഘര്‍ഷം ആരംഭിച്ചത്. ഭൂട്ടാന്റെ പ്രദേശത്തെ അനധികൃത നിര്‍മാണം തടയാന്‍ ഇന്ത്യന്‍ സേന അവിടേക്കു ചെല്ലുകയായിരുന്നു.

ദോക് ലായില്‍ നിന്നു പ്രദേശവാസികള്‍ ഒഴിഞ്ഞുപോകണമെന്ന് ഇന്ത്യന്‍ സൈന്യം കഴിഞ്ഞദിവസം നിര്‍ദേശിച്ചിരുന്നു.

നതാംഗ് ഗ്രാമത്തിലുള്ള ആളുകളോടാണു സൈന്യം അടിയന്തരമായി ഒഴിഞ്ഞുപോകാന്‍ നിര്‍ദേശിച്ചത്. ഇന്ത്യയും ചൈനയും മുഖാമുഖം നില്‍ക്കുന്ന മേഖലയില്‍നിന്ന് 35 കിലോമീറ്റര്‍ മാത്രം അകലെയാണു നതാംഗ് ഗ്രാമം.

Top